'വീഡിയോ ഇടുന്നതിനുമുമ്പ് എന്നോട് ചോദിച്ചിരുന്നു,അവളുടെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇതെല്ലാം ചെയ്യുന്നത്'

യുട്യൂബ് വീഡിയോയില്‍ തെറ്റിദ്ധരിപ്പിക്കുന്ന തമ്പ്‌നെയിലും തലക്കെട്ടും നല്‍കിയതിനെ തുടര്‍ന്ന് നടിയും യുട്യൂബറുമായ ശ്രീവിദ്യ മുല്ലച്ചേരിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 'ഞാനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ല' എന്ന തലക്കെട്ടും തമ്പ്‌നെയ്‌ലുമാണ് വീഡിയോയ്ക്ക് നല്‍കിയിരുന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീവിദ്യയും ഭര്‍ത്താവ് രാഹുല്‍ രാമചന്ദ്രനും.
വീഡിയോയില്‍ പറയാന്‍ ഉദ്ദേശിച്ച കാര്യത്തിന് യോജിക്കുന്ന തമ്പ് നെയ്ല്‍ ആണ് നല്‍കിയതെന്നും ആരേയും പറ്റിക്കാന്‍ വേണ്ടി മന:പൂര്‍വ്വം ചെയ്തതല്ലെന്നും ഇരുവരും യുട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
'എന്ത് പറയണമെന്ന് അറിയില്ല. ഇത്രയും ആളുകള്‍ എന്നെ റോസ്റ്റ് ചെയ്‌തോണ്ടിരിക്കുകയാണ്. യുട്യൂബ് ചാനല്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായി. ഇതിനിടെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ വിവാഹം ഉള്‍പ്പെടെ വിവാദ കല്ല്യാണം ആക്കി മാറ്റിയവരുണ്ട്. അതുവെച്ച് വരെ കണ്ടന്റ് ഉണ്ടാക്കിയവരുണ്ട്. തമ്പ്‌നെയ്ല്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ കൊടുത്തുവെന്ന് പറയുന്നു. അതല്ലാതെ വേറെ എന്ത് ക്യാപ്ഷന്‍ ആയിരുന്നു ഇടേണ്ടിയിരുന്നത്. ഞങ്ങള്‍ അടിച്ചുപിരിഞ്ഞു എന്നാണെങ്കില്‍ ഇതിലും വലിയ തമ്പ് നെയ്ല്‍ ചെയ്യാന്‍ എനിക്ക് വേറെ ടീം തന്നെ ഉണ്ടായിരുന്നു.
മുന്നൂറോളം ആളുകള്‍ ചാനല്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. അതില്‍ വിഷമമില്ല. നമ്മുടെ കൂടെ സന്തോഷത്തിലും സങ്കടത്തിലും കുടുംബം പോലെ കൂടെ നില്‍ക്കുന്ന സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. അവര്‍ പോകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ഇനി ഈ വിഷയത്തില്‍ എത്ര ചീത്ത പറഞ്ഞാലും ഞാന്‍ പ്രതികരിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ ആരുടേയും കമന്റ് നീക്കം ചെയ്യില്ല. ഇനി നിങ്ങള്‍ക്ക് ഈ വീഡിയോ കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു.'-ശ്രീവിദ്യ വ്യക്തമാക്കി.
ഈ തമ്പ്‌നെയ്‌ലും തലക്കെട്ടും വെച്ച് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ശ്രീവിദ്യ തന്നോട് ചോദിച്ചിരുന്നുവെന്ന് രാഹുല്‍ പറയുന്നു. 'അതില്‍ ഒരു തെറ്റുമില്ലെന്നാണ് ഞാന്‍ മറുപടി കൊടുത്തത്. ഞാന്‍ തിരുവനന്തപുരത്തും ഇവള്‍ കാസര്‍കോടുമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചല്ല എന്നത് സത്യം തന്നെയായിരുന്നു. വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ചിന്നുവിന്റെ അമ്മയും എന്റെ അമ്മയുമൊക്കെ കണ്ടിരുന്നു. അവളുടെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇതൊന്നും ചെയ്യുന്നത്. കൂടാതെ ആ വീഡിയോയുടെ തുടക്കത്തില്‍തന്നെ ഇക്കാര്യം പറയുന്നുമുണ്ട്.' രാഹുല്‍ വ്യക്തമാക്കി.
ഇപ്പോള്‍ തങ്ങളെ റോസ്റ്റ് ചെയ്യുന്ന ആള് തന്നെ തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയ്ല്‍ ചെയ്താണ് വീഡിയോ ഇടുന്നതെന്നും ആദ്യം സ്വയം നന്നാകണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ പിരിഞ്ഞുപോകട്ടെ എന്നുവരെ പ്രാകിയവരുണ്ട്. ഏഴെട്ടു കൊല്ലമായി ഞങ്ങള്‍ ഒരുമിച്ചുണ്ട്. എന്റെ അറിവില്‍ അങ്ങനെ പിരിഞ്ഞുപോകുമെന്ന് തോന്നുന്നില്ല. അതൊരു ബോണ്ട് ആയി അവിടെ കിടന്നോളും.'-രാഹുല്‍ വ്യക്തമാക്കി.
Content Highlights: sreevidya mullachery youtuber vlog misleading title