'20 കിലോ കുറഞ്ഞു, ഇനി ആറു കിലോ കൂടി കുറയ്ക്കാനുണ്ട്'; സെല്‍ഫി വീഡിയോ പങ്കുവെച്ച് സോനം

സോനം കപൂര്‍ | Photo: instagram/ sonam kapoor
സോനം കപൂര്‍ | Photo: instagram/ sonam kapoor

2022-ലാണ് ബോളിവുഡ് നടി സോനം കപൂറിന് കുഞ്ഞ് പിറന്നത്. അമ്മയായ ശേഷം നേരിട്ട പ്രതിസന്ധികളെക്കുറിച്ചും കരിയറില്‍ നിന്ന് ചെറിയ ഇടവേള എടുക്കേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം സോനം മനസ് തുറന്നിരുന്നു. ഇപ്പോഴിതാ തന്റെ ഭാരം കുറച്ചതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. 

'അടിപൊളി..20 കിലോഗ്രാം കുറഞ്ഞിരിക്കുന്നു..ഇനി ആറു കിലോഗ്രാം കൂടി കുറയ്ക്കാനുണ്ട്'-ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച വീഡിയോക്കൊപ്പം സോനം കുറിക്കുന്നു. സ്‌പോര്‍ട്‌സ് ബ്രായും ടൈറ്റ്‌സും ധരിച്ച ഒരു കണ്ണാടി സെല്‍ഫി വീഡിയോയാണ് സോനം പോസ്റ്റ് ചെയ്തത്. 

അമ്മയായ ശേഷം ശരീരത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് നേരത്തേയും സോനം പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ലെഹങ്ക ധരിച്ചുള്ള ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ക്കൊപ്പം തന്റെ രൂപത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് താരം ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു. 'പഴയ സോനം കപൂറായി തിരിച്ചെത്താന്‍ ഞാന്‍ 16 മാസങ്ങളാണെടുത്തത്. ക്രാഷ് ഡയറ്റുകളും നീണ്ട വര്‍ക്കൗട്ടുകളുമില്ലാതെ പതുക്കെ സമയമെടുത്തുള്ള മാറ്റമാണ് സംഭവിച്ചത്. സ്ഥിരമായ സ്വയം പരിചരണവും ശിശുസംരക്ഷണവും മാത്രം. എവിടെയാണോ എത്തിച്ചേരേണ്ടത് അവിടെ ഞാന്‍ ഇനിയും എത്തിയിട്ടില്ല. എന്റെ ശരീരത്തോട് ഇപ്പോഴും നന്ദിയുണ്ട്. അത് അവിശ്വസനീയമായ ഒരു യാത്രയായിരുന്നു. ഒരു സ്ത്രീയാകുക എന്നത് അദ്ഭുതകരമായ കാര്യമാണ്.' സോനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനവും ആനന്ദ് അഹൂജയും വിവാഹിതരായത്. നാല് വര്‍ഷത്തിന് ശേഷം 2022 ഓഗസ്റ്റ് 20-ന് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഇപ്പോള്‍ ഒന്നര വയസുകാരനായ കുഞ്ഞിന്റെ പേര് വായു കപൂര്‍ അഹൂജ എന്നാണ്.

സോനം കപൂര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌

Content Highlights: sonam kapoors postpartum weight loss update