ആനന്ദിന്റെ കൈയില്‍ കിടന്നുറങ്ങുന്ന കുഞ്ഞ്; മകന്റെ ആദ്യ ചിത്രം പങ്കുവെച്ച്, പേര് വെളിപ്പെടുത്തി സോനം

സോനം കപൂര്‍ ആനന്ദ് അഹൂജയ്ക്കും കുഞ്ഞിനുമൊപ്പം | Photo: instagram/ sonam kapoor
സോനം കപൂര്‍ ആനന്ദ് അഹൂജയ്ക്കും കുഞ്ഞിനുമൊപ്പം | Photo: instagram/ sonam kapoor

കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. അമ്മയായി ഒരു മാസം പൂര്‍ത്തിയാകുന്ന വേളയില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സോനം.

ആനന്ദ് അഹൂജയുടെ കൈയില്‍ കിടന്നുറങ്ങുന്ന കുഞ്ഞാണ്  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്. ഇരുവരേയും ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന സോനത്തേയും കാണാം. മഞ്ഞ നിറത്തിലുള്ള ട്രഡീഷണല്‍ വസ്ത്രമാണ് മൂന്നുപേരും ധരിച്ചിരിക്കുന്നത്.

ഈ ചിത്രത്തിനൊപ്പം മകന്റെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ് സോനം. 'വായു കപൂര്‍ അഹൂജ' എന്നാണ് കുഞ്ഞിന്റെ പേര്. 'ഞങ്ങളുടെ ജീവിതത്തിന് പുതിയ അര്‍ത്ഥം പകരുന്ന ശക്തിയുടെ പേരില്‍, അപാരമായ ധൈര്യവും ശക്തിയും ഉള്‍ക്കൊള്ളുന്ന ഹനുമാന്റേയും ഭീമന്റേയും പേരില്‍, പവിത്രവും ജീവന്‍ നല്‍കുന്നതും ശാശ്വതമായി നമ്മുടേതായതുമായ എല്ലാത്തിന്റേയും പേരില്‍, ഞങ്ങളുടെ മകന്‍ വായു കപൂര്‍ അഹൂജയ്ക്കുവേണ്ടി ഞങ്ങള്‍ അനുഗ്രങ്ങള്‍ തേടുന്നു.'-ചിത്രത്തിനൊപ്പം സോനം കുറിച്ചു. 

മകന് ഒരു മാസം പൂര്‍ത്തിയായതിന്റെ ആഘോഷത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ കേക്കും സോനം ഒരുക്കിയിരുന്നു. കാര്‍ട്ടൂണ്‍ കഥാപാത്രമായ ബോസ് ബേബിയുടെ രൂപം കൂടി ചേര്‍ത്താണ് ഈ സ്പെഷ്യല്‍ കേക്ക് നിര്‍മിച്ചിരിക്കുന്നത്. കേക്കിന്റെ ചിത്രം സോനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'ബോസ് ബേബി അഹൂജ, സ്നേഹത്തിന്റെ 30 ദിവസങ്ങള്‍, സന്തോഷകരമായ ഒരു മാസം' എന്നും അതില്‍ എഴുതിയിട്ടുണ്ട്. 

നേരത്തെ കുഞ്ഞിനെ ആദ്യമായി കണ്ടപ്പോഴുള്ള ചിത്രങ്ങള്‍ സോനത്തിന്റെ സഹോദരി റിയ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കുഞ്ഞിനെ കണ്ട് കണ്ണീരൊപ്പുന്ന ചിത്രങ്ങളാണ് റിയ പോസ്റ്റ് ചെയ്തത്. 'റിയ മാസി ഓക്കെയല്ല. ഈ ക്യൂട്ട്നെസ് പ്രതീക്ഷിച്ചതിലും അപ്പുറമാണ്. ഈ നിമിഷം സ്വപ്നസമാനമാണ്. ധീരയായ അമ്മ സോനം കപൂറിനേയും സ്നേഹസമ്പന്നയായ അച്ഛന്‍ ആനന്ദ് അഹൂജയേയും ഞാന്‍ സ്നേഹിക്കുന്നു. പുതിയ മുത്തശ്ശി സുനിതാ കപൂറിനേയും പ്രത്യേകം പരാമര്‍ശിക്കുന്നു.' റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

2018-ലാണ് സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പിന്നീട് ഇരുവരും ലണ്ടനിലേക്ക് താമസം മാറി. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ചിത്രീകരിച്ച 'ബ്ലൈന്‍ഡ്' എന്ന ചിത്രമാണ്  സോനത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള സിനിമ. 

Content Highlights: sonam kapoor and anand ahuja name their son as vayu share the first picture of their child