അന്ന് 5 മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചിരുന്നു, ഒരാഴ്ച്ചക്കുള്ളില്‍ ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു-സഹീറുമായുള്ള പ്രണയത്തെ കുറിച്ച് സൊനാക്ഷി

ബോളിവുഡിലെ താരദമ്പതിമാരാണ് സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ അതിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. വ്യത്യസ്ത മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതിനാല്‍ ഇരുവര്‍ക്കും ഒരുപാട് എതിര്‍പ്പുകള്‍ മറികടക്കേണ്ടി വന്നിട്ടുണ്ട്.
അടുത്തിടെ രണ്‍വീര്‍ അലഹാബാദിയയുടെ പോഡ്കാസ്റ്റ് ഷോയില്‍ പ്രണയകഥ സൊനാക്ഷി വെളിപ്പെടുത്തി. ആദ്യ കാഴ്ച്ചയില്‍തന്നെ സഹീറിനോട് പ്രണയം തോന്നിയെന്നും താനാണ് ആദ്യം പ്രണയം തുറന്നുപറഞ്ഞതെന്നും സൊനാക്ഷി പറയുന്നു. സല്‍മാന്‍ ഖാന്റെ ഗാലക്‌സി അപാര്‍ട്‌മെന്റില്‍ നടന്ന ഒരു പാര്‍ട്ടിയില്‍വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ആ സമയത്ത് സഹീര്‍ തന്റെ ആദ്യ ചിത്രമായ 'നോട്ട്ബുക്കി'നായി തയ്യാറെടുക്കുകയായിരുന്നു. സൊനാക്ഷിയാകട്ടെ, സല്‍മാനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
'ആറേഴ് വര്‍ഷത്തോളം ഞങ്ങള്‍ പലപ്പോഴും ഒരേ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും നേരിട്ട് കണ്ടിരുന്നില്ല. ഒടുവില്‍ ഒരു ദിവസം, ഒരു പാര്‍ട്ടിയില്‍ വെച്ച് ഞങ്ങള്‍ പരിചയപ്പെട്ടു. ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. നിസാരമായ, സാധാരണ കാര്യങ്ങള്‍. അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഞാന്‍ പെട്ടെന്ന് ശ്രദ്ധിച്ചു. സാധാരണയായി അന്ന് ആണ്‍കുട്ടികളെല്ലാം എന്നോട് ഒരു അകലം പാലിച്ചാണ് സംസാരിക്കുക. എന്നോട് ഒരു ഭയമുള്ളതുപോലെയാണ് പെരുമാറുക. എന്നാല്‍ സഹീര്‍ അങ്ങനെയല്ലായിരുന്നു. അത് എനിക്കൊരു പുതിയ അനുഭവമായിരുന്നു,' സൊനാക്ഷി പറയുന്നു.
അവരുടെ അടുത്ത കൂടിക്കാഴ്ച ഒരു വഴിത്തിരിവായി. 'അതിന്റെ തൊട്ടടുത്ത ദിവസം, ഞങ്ങള്‍ ട്യൂബ് ലൈറ്റ് സിനിമയുടെ സ്‌ക്രീനിങ്ങിലും അതിനുശേഷമുള്ള പാര്‍ട്ടിയിലും വീണ്ടും കണ്ടുമുട്ടി. ഞങ്ങള്‍ ഒരുമിച്ച് നൃത്തം ചെയ്തു. അതിനുശേഷം ഒരു മൂലയിലിരുന്ന് തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ സംസാരിച്ചു! ഞങ്ങള്‍ എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. കുറേ കാലമായിട്ട് പരിചയമുള്ള ഒരു വ്യക്തിയെപ്പോലെയാണ് എനിക്ക് സഹീറിനെ തോന്നിയത്. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സമാനതകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പെട്ടെന്ന് അടുത്തു. അന്ന് മുതല്‍ ഞങ്ങള്‍ ഒരുമിച്ചാണ്.'-സൊനാക്ഷി പറയുന്നു.
അന്ന് ആദ്യത്തെ സംസാരത്തില്‍തന്നെ സൊനാക്ഷിക്ക് സഹീറിനോട് പ്രണയം തോന്നിയിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ ഇഷ്ടമാണെന്നും പറഞ്ഞു. ഇതൊന്നും സഹീര്‍ കാര്യമായെടുത്തിരുന്നില്ല. ഒരു സുഹൃത്തിനെ വിളിച്ച് എനിക്ക് ഭ്രാന്താണെന്ന് തോന്നുന്നുവെന്നും പ്രണയം എന്താണെന്നുപോലും എനിക്ക് അറിയുമെന്ന് തോന്നുന്നില്ലെന്നും സഹീര്‍ പറഞ്ഞു. ഒരു മാസത്തിനുശേഷം സഹീറിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് ഏഴ് വര്‍ഷത്തോളം പ്രണയിച്ചു. അതിനുശേഷമായിരുന്നു വിവാഹം.
തങ്ങള്‍ ഒരിക്കലും മാതൃകാ ദമ്പതികളാകാന്‍ ശ്രമിച്ചിട്ടില്ലെന്നും ജീവിതം ആസ്വദിക്കുന്ന രണ്ട് സുഹൃത്തുക്കള്‍ മാത്രമാണെന്നും സൊനാക്ഷി പറയുന്നു. 'പ്യാര്‍ ദോസ്തി ഹേ' പോലുള്ള ക്ലീഷേ ഡയലോഗുകള്‍ പറഞ്ഞാണ് സഹീര്‍ എന്നെ വീഴ്ത്തിയത്. അവന്‍ ഒരുപാട് സിനിമാ ഡയലോഗുകള്‍ പറയുമായിരുന്നു. അപ്പോള്‍ ഞാന്‍ ചിന്തിക്കും, 'ഇതൊക്കെ എന്ത് ക്ലീഷേയാണ്, ഞാന്‍ എങ്ങനെ ഇതില്‍ വീണുപോകുന്നു എന്ന്'-സൊനാക്ഷി ചിരിയോടെ പറയുന്നു.
വിവാഹത്തിന് തിരഞ്ഞെടുത്ത വസ്ത്രത്തിലും സൊനാക്ഷി വ്യത്യസ്തത് കൊണ്ടുവന്നിരുന്നു. സ്റ്റൈലിസ്റ്റുകളേയും ഡിസൈനര്‍ ലേബലുകളേയും ഒഴിവാക്കി അമ്മയുടെ സാരിയാണ് വിവാഹത്തിന് അവര്‍ ധരിച്ചത്. 'ഇത് ഞാന്‍ എപ്പോഴും മനസ്സില്‍ കണ്ടിരുന്ന ഒരു സങ്കല്‍പ്പമായിരുന്നു. എന്റെ ജീവിതകാലം മുഴുവന്‍ ഓര്‍മയില്‍ നിലനില്‍ക്കുന്ന ഒന്നായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് അമ്മയുടെ സാരി ഉടുക്കാം എന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ അമ്മയുടെ അടുത്തേക്ക് പോയി, 'അമ്മേ, അമ്മയുടെ സാരികളൊന്ന് കാണിക്കൂ' എന്ന് പറഞ്ഞു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ ഞാന്‍ വിവാഹത്തിന് ധരിക്കാനുള്ള സാരി തിരഞ്ഞെടുത്തു. മനോഹരമായ ഒരു ഓഫ്-വൈറ്റ് ചിക്കന്‍കാരി സാരിയായിരുന്നു അത്.'-സൊനാക്ഷി പറയുന്നു.
Content Highlights: sonakshi sinha recalls falling in love with zaheer iqbal at first sight