'പ്രസവ സമയത്ത് ശ്രീ ആശുപത്രിയില്‍ എത്തിയില്ല' ; വിശേഷങ്ങള്‍ പങ്കുവെച്ച് സ്‌നേഹയും ശ്രീകുമാറും

സ്‌നേഹയും ശ്രീകുമാറും | Photo: youtube/ sneha sreekumar
സ്‌നേഹയും ശ്രീകുമാറും | Photo: youtube/ sneha sreekumar

പ്രസവ സമയത്തെ വിശേഷങ്ങളും അച്ഛനായ നിമിഷമുണ്ടായ ആനന്ദവും പങ്കുവെച്ച് ടെലിവിഷന്‍ താരങ്ങളായ സ്‌നേഹയും ശ്രീകുമാറും. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്. മകന്‍ പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും കൂടെ നിന്ന പ്രിയപ്പെട്ടവര്‍ക്ക് നന്ദിയുണ്ടെന്നും സ്‌നേഹ യുട്യൂബ് വീഡിയോയില്‍ പറയുന്നു.

ലേബര്‍ റൂമില്‍ കയറിയപ്പോള്‍ എങ്ങനെ ആയിരുന്നു ശ്രീയുടെ അവസ്ഥ എന്ന് ചോദിച്ചാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ ഷൂട്ടിങ് തിരക്കില്‍ ആയതിനാല്‍ പ്രസവ സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ശ്രീയുടെ മറുപടി. എപ്പിസോഡ് പാക്കപ്പിന്റെ ദിവസം ആയിരുന്നു. അതിനാല്‍ കൃത്യസമയത്ത് എത്താന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ വന്നപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നുവെന്നും സ്‌നേഹയെ കണ്ട് ഒരു മണിക്കൂറിന് ശേഷമാണ് മകനെ കാണാന്‍ കഴിഞ്ഞതെന്നും ശ്രീകുമാര്‍ വീഡിയോയില്‍ പറയുന്നു. 

മകനെ എടുക്കണോ എന്ന് നഴ്‌സുമാര്‍ ചോദിച്ചപ്പോള്‍ ആദ്യം വേണ്ട എന്നു പറഞ്ഞു. പിന്നീട് നഴ്‌സുമാര്‍ മകനെ കൈയില്‍വെച്ച് തന്നുവെന്നും ശ്രീകുമാര്‍ പറയുന്നു. ശ്രീകുമാറും കൂടെ ഇല്ലാതിരുന്നതിന്റെ പരിഭവവും സ്‌നേഹ വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിയിട്ടും ശ്രീയെ കാണാതെ ആയപ്പോള്‍ സങ്കടം തോന്നിയെന്നും സ്‌നേഹ പറയുന്നു. കുഞ്ഞിനെ എടുത്ത സമയത്ത് ശ്രീയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്നും സ്‌നേഹ പറയുന്നു.

മനോഹരമായി പാട്ടു പാടിയാണ് ശ്രീയും സ്‌നേഹയും മകനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. 'അല്ലിയിളം പൂവോ' എന്ന ഗാനമാമണ് ശ്രീ മകന് വേണ്ടി പാടുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.
 

Content Highlights: sneha and sreekumar shares pregnancy time experience