അന്ന് ഹർമൻപ്രീതിനെ സ്മൃതി ഭീഷണിപ്പെടുത്തി, ഇനി മിണ്ടില്ലെന്ന് പറഞ്ഞു-വെളിപ്പെടുത്തി ജെമീമ

വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ വിജയാഘോഷം ആരാധകർ മറന്നിട്ടുണ്ടാകില്ല. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ലോകകപ്പ് ട്രോഫി സ്വീകരിക്കുന്നതിന് തൊട്ടുമുമ്പ് ഭാംഗ്ര നൃത്തമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. ഐസിസി ചെയർമാൻ ജയ് ഷായിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ സ്‌റ്റേജിയൽ കയറിയപ്പോഴായിരുന്നു ഹർമൻപ്രീത് പഞ്ചാബി നൃത്തരൂപമായ ഭാംഗ്രയിലെ ചുവടുകൾ വെച്ചത്.
ഇപ്പോഴിതാ ഹർമൻപ്രീതിന്റെ ഈ നൃത്തത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ്. ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ നിർബന്ധം മൂലമാണ് ഹർമൻപ്രീത് ഡാൻസ് കളിച്ചതെന്ന് ജെമീമ പറുന്നു. 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിലാണ് ജെമീമയുടെ വെളിപ്പെടുത്തൽ.
ഇന്ത്യൻ ടീമിൽ സ്മൃതിക്കുള്ള സ്വാധീനം വ്യക്തമാക്കുന്ന സംഭവങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ജെമീമ ഇക്കാര്യം പറഞ്ഞത്. യുവതാരങ്ങളിൽനിന്ന് ഹർമൻപ്രീത് അപൂർമായി മാത്രമാണ് നിർദേശങ്ങൾ സ്വീകരിക്കാറുള്ളൂ എന്ന് ജെമീമ തമാശരൂപത്തിൽ പറയുകയും ചെയ്തു. എങ്കിലും സ്മൃതിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ട്രോഫി സ്വീകരിക്കുന്നതിന് തൊട്ടുമുമ്പ് ഭാംഗ്ര ഡാൻസ് കളിക്കാൻ ഹർമൻപ്രീത് തയ്യാറായത് സ്മൃതിയുടെ നിർദേശത്തെ തുടർന്നാണ്. ഡാൻസ് കളിച്ചില്ലെങ്കിൽ ഇനിയൊരിക്കലും ഹർമൻപ്രീതിനോട് മിണ്ടില്ലെന്ന് സ്മൃതി പറഞ്ഞുവെന്നും ജെമീമ വ്യക്തമാക്കുന്നു. ജെമീമയും ഹർലീനും ചേർന്നാണ് ആ ഡാൻസ് പദ്ധതിയിട്ടതെന്ന് ഹർമൻപ്രീത് പറഞ്ഞപ്പോഴാണ് സ്മൃതിയുടെ ഈ ഭീഷണിയെ കുറിച്ച് ജെമീമ സംസാരിച്ചത്.
Content Highlights: smriti mandhana threatened harmanpreet kaur thats why captain did the bhangra