അഭ്യൂഹങ്ങൾക്ക് വിരാമം: വിവാഹനിശ്ചയം സ്ഥിരീകരിച്ച് സ്മൃതി മന്ദാന, ആരാണ് വരൻ പലാശ് മുഛൽ?

സംഗീതസംവിധായകൻ പലാശ് മുഛലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വളരെ രസകരമായ വീഡിയോയിലൂടെയാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. നിമിഷനേരംകൊണ്ട് വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. താരത്തിനും പങ്കാളിക്കും ഒട്ടേറെപ്പേർ ആശംസകളേകി.
2006-ൽ പുറത്തിറങ്ങിയ 'ലഗേ രഹോ മുന്നാഭായി' എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ താരങ്ങളായ ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ്, അരുന്ധതി റെഡ്ഡി എന്നിവർക്കൊപ്പം സ്മൃതി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ അവസാന ഭാഗത്ത് മന്ദാന ക്യാമറയ്ക്ക് നേരെ കൈ ഉയർത്തി തൻ്റെ വിവാഹനിശ്ചയ മോതിരം കാണിക്കുകയായിരുന്നു.
ഈ അടുത്ത് ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. സ്മൃതി ഉടന്‍തന്നെ ഇന്ദോറിന്റെ മരുമകളാകുമെന്നായിരുന്നു പലാഷ് മുഛല്‍ സ്റ്റേറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ആദ്യമായി അന്നാണ് സ്ഥിരീകരിക്കുന്നത്.
ഇരുവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. പലാഷിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സ്മൃതി നേരത്തെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചു.
ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ കൂടിയാണ് പലാഷ്. മൂന്ന് വര്‍ഷം മുമ്പ് നടന്ന പലകിന്റെ വിവാഹത്തില്‍ സ്മൃതി പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
‘സ്മൃതിപലാഷ്’ എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിലവിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഒരുമിച്ചുപോയ യാത്രയില്‍ നിന്നെടുത്ത ചിത്രങ്ങളുമെല്ലാം ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്മൃതിയുടെ ആരാധകരാണ് ഈ അക്കൗണ്ടിന് പിന്നില്‍.
പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 28-കാരനായ പലാഷ്. സീഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്‍ഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. രാജ്പാല്‍ യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരവും പലാഷ് നേടി.
Content Highlights: Indian cricketer Smriti Mandhana confirms engagement to music composer Palash Muchhal in a viral Instagram reel with teammates. See the sparkling ring!