പ്രായത്തിന്റെ 'ഹര്‍ഡില്‍സ്' മറികടന്ന പ്രതിഭ; തിരുവസ്ത്രത്തില്‍ മത്സരിച്ച് സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീനയ്ക്ക് അഭിനന്ദന പ്രവാഹം

കാഞ്ഞങ്ങാട്: വയനാട്ടിലെ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ തിരുവസ്ത്രമണിഞ്ഞ് ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീനയ്ക്ക് ഇങ്ങ് തായന്നൂരിലും നിറഞ്ഞ കൈയടി ഉയരുന്നു. സിസ്റ്ററുടെ വിജയം തായന്നൂര്‍ മലയോരഗ്രാമത്തിനും മുളങ്ങാട്ടില്‍ കുടുംബത്തിനും അഭിമാനനിമിഷം. സംസ്ഥാന മാസ്റ്റേഴ്സ് അതിലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഹര്‍ഡില്‍സ് സിസ്റ്റര്‍ സബീനയുടെ മത്സരവീഡിയോ പങ്കുവെച്ച കോടോം ബേളൂരിലെ പഞ്ചായത്ത് വാര്‍ഡ് ഗ്രൂപ്പുകളില്‍ നാട്ടുകാരിയായ ഇവര്‍ക്ക് നിലയ്ക്കാത്ത അഭിനന്ദനപ്രവാഹമാണ്.
പ്രായത്തെ തോല്‍പ്പിച്ച കായികതാരങ്ങള്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം ജില്ലയായ വയനാടിനെ പ്രതിനിധാനംചെയ്താണ് 55-കാരിയും കായികാധ്യാപികയുമായ സിസ്റ്റര്‍ സബീന ട്രാക്കിലിറങ്ങിയത്. മറ്റ് താരങ്ങള്‍ ട്രാക്ക് സ്യൂട്ടണിഞ്ഞ് കളത്തിലിറങ്ങിയപ്പോള്‍ സിസ്റ്റര്‍ തിരുവസ്ത്രമണിഞ്ഞ് മത്സരത്തിനിറങ്ങിയതാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തത്. 382 പോയിന്റ് നേടി വയനാട് ജില്ലതന്നെയാണ് മേളയില്‍ വിജയകിരീടമണിഞ്ഞത്.
Also Read: ‘സിസ്റ്ററേ... കൺഗ്രാജുലേഷൻസ്’; തിരുവസ്ത്രത്തിൽ പാദരക്ഷകളിടാതെ സബീന കുതിച്ചത് സ്വർണത്തിലേക്ക്
മാനന്തവാടി ദ്വാരക എയുപി സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ തായന്നൂര്‍ ഗവ. ഹൈസ്‌കൂളില്‍ നാലാംതരത്തില്‍ പഠിക്കുമ്പോഴാണ് കായികാധ്യാപകനായ ലൂക്കോസിനു കീഴില്‍ ആദ്യമായി ഓട്ടമത്സരത്തിനിറങ്ങുന്നത്. തായന്നൂരിലെ പഠനത്തിനുശേഷം കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലും പാലക്കാട് മേഴ്സി കോളേജിലുമായിരുന്നു തുടര്‍പഠനം. ഈസ്റ്റ്ഹില്‍ കോളേജില്‍നിന്ന് ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദവും നേടി.
പിഎസ്സി പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയെങ്കിലും മാനന്തവാടി ആരാധനമഠം കോണ്‍വെന്റില്‍ ചേര്‍ന്നതോടെ ജോലി വേണ്ടെന്നുവച്ചു. പിന്നീടാണ് ദ്വാരക എയുപി സ്‌കൂളില്‍ കായികാധ്യാപികയാകുന്നത്. ഇതിനുമുന്‍പ് കുറച്ചുകാലം പ്രഥമികപഠനം നടത്തിയ തായന്നൂര്‍ സ്‌കൂളില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലിചെയ്തു. പയ്യമ്പള്ളി, കൊട്ടിയൂര്‍ സ്‌കൂളുകളിലും സിസ്റ്റര്‍ ജോലി ചെയ്തിട്ടുണ്ട്.
Also Read: 'ഞാൻ ഈശോയ്ക്ക് സാക്ഷ്യം കൊടുക്കുകയാണ്'; കായികമേളയിലെ തിരുവസ്ത്രമണിഞ്ഞ റഫറി
ആറു സഹോദരങ്ങള്‍ അടങ്ങിയതാണ് സിസ്റ്ററുടെ തായന്നൂരിലെ മുളങ്ങാട്ടില്‍ കുടുംബം. മൂത്തസഹോദരന്‍ തോമസ് തായന്നൂരില്‍ വ്യാപാരിയാണ്. ജോസ് (ഫാര്‍മസിസ്റ്റ്, തൃശ്ശൂര്‍), മേരി (വെള്ളരിക്കുണ്ട്), ജയിംസ് (മണിപ്പാല്‍), വത്സമ്മ (മുന്‍ നഴ്സിങ് ഓഫീസര്‍, ജില്ലാ ആസ്പത്രി), മുന്‍ തഹസില്‍ദാര്‍ പരേതനായ ജോര്‍ജ് എന്നിവരാണ് സിസ്റ്റര്‍ സബീനയുടെ സഹോദരങ്ങള്‍.
Content Highlights: 55-Year-Old Nun Sabina Defies Age and Habit to Win Gold in State Hurdles Championship, Gets Applause