'ഈ ഘട്ടം കഠിനമാണ്, കൂടുതല്‍ ആരോഗ്യവാനായി തിരിച്ചുവരും'-ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രം പങ്കുവെച്ച് സിദ്ധാര്‍ഥ്

ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ കുറിച്ച് വെളിപ്പെടുത്തി ഗായകന്‍ സിദ്ധാര്‍ഥ്. ബൈസെപ്‌സിന് പരിക്ക് സംഭവിച്ചെന്നും ഈ ഘട്ടം കഠിനമാണെന്നും സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വളരെ പെട്ടെന്നുതന്നെ തിരിച്ചുവരുമെന്നും അദ്ദേഹം അറിയിച്ചു.
ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷമെടുത്ത ചിത്രങ്ങളാണിത്. ആശുപത്രിയില്‍ നിന്നുള്ള സിദ്ധാര്‍ഥിന്റെ വീഡിയോ ഭാര്യ തന്‍വിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച എല്ലാവരോടുമായി...എനിക്ക് ഒരു ഡിസ്റ്റല്‍ ബൈസെപ്‌സ് ടെന്‍ഡര്‍ റപ്ചര്‍ സംഭവിച്ചു. അതുകൊണ്ടാണ് ഞാന്‍ സ്റ്റേജില്‍ നിന്നും കരിയറില്‍ നിന്നും വിട്ടുനിന്നത്. ഇന്ന് നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹവും പ്രാര്‍ഥനകളുംകൊണ്ട് എന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
എനിക്ക് ലഭിച്ച എല്ലാ സന്ദേശങ്ങള്‍ക്കും എല്ലാ കോളുകള്‍ക്കും എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്. ഈ ഘട്ടം കഠിനമാണ്. കൂടുതല്‍ ശക്തനായും ആരോഗ്യവാനായും ഞാന്‍ പെട്ടെന്നുതന്നെ തിരിച്ചുവരുമെന്ന് എനിക്കറിയാം. കൂടുതല്‍ സ്‌നേഹവുമായാണ് ഞാന്‍ വരിക. നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണം. എല്ലാവരേയും ഞാന്‍ സ്‌നേഹിക്കുന്നു'-സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: singer siddharth menon health issue