ചെലവ് കുറവ്, ലളിതജീവിതം; സിംഗപ്പൂരിലേക്കുള്ള കുടിയേറ്റം വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഇന്ത്യൻ യുവതി

പുതിയൊരു രാജ്യത്തേക്ക് താമസം മാറുന്നത് പലപ്പോഴും ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. എന്നാൽ സിംഗപ്പൂരിലേക്കുള്ള കുടിയേറ്റം തന്റെ അനാവശ്യ ചെലവുകൾ കുറയ്ക്കാനും ലളിതമായ ജീവിതം നയിക്കാനും എങ്ങനെയെല്ലാമാണ് സഹായിച്ചതെന്ന് പറയുകയാണ് നേഹ റാവത്ത് എന്ന ഇന്ത്യൻ യുവതി.
കുറഞ്ഞ കാര്യങ്ങൾ കൊണ്ട് കൂടുതൽ സംതൃപ്തിയോടെ ജീവിക്കാം( ലെസ് ഈസ് മോർ) എന്നതാണ് സിംഗപ്പൂർ തനിക്ക് നൽകിയ പാഠമെന്ന് നേഹ പറയുന്നു.
സിംഗപ്പൂരിലെ കാലാവസ്ഥ വർഷം മുഴുവൻ ഏതാണ്ട് ഒരുപോലെയാണ്. അതിനാൽ തന്നെ ഫാഷൻ ട്രെൻഡുകൾക്ക് പിന്നാലെ പോയി വസ്ത്രങ്ങൾക്കായി വലിയ തുക ചെലവാക്കുന്നത് താൻ നിർത്തിയെന്ന് അവർ പറയുന്നു. ഈർപ്പമുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ പരിമിതമായ വസ്ത്രങ്ങൾ തന്നെ ധാരാളമാണെന്ന തിരിച്ചറിവും പങ്കുവെക്കുന്നുണ്ട്.
മുമ്പ് ടാക്സികളെയും ഓട്ടോകളെയും അമിതമായി ആശ്രയിച്ചിരുന്ന ശീലത്തിനും വിട നൽകി. സിംഗപ്പൂരിലെ ലോകോത്തര നിലവാരമുള്ള പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ആഴ്ചകളോളം ടാക്സി വിളിക്കേണ്ട സാഹചര്യം പോലും ഉണ്ടാകാറില്ലെന്ന് നേഹ സാക്ഷ്യപ്പെടുത്തുന്നു.
ടാപ്പ് വെള്ളം നേരിട്ട് കുടിക്കാൻ സാധിക്കുന്നത് കുപ്പിവെള്ളത്തിനായുള്ള ചെലവ് കുറച്ചു. അതുപോലെ തന്നെ, സിംഗപ്പൂരിലെ ഹ്യുമിഡിറ്റി തന്റെ ചർമ്മത്തിന് ഗുണകരമായതിനാൽ വിലകൂടിയ സ്കിൻകെയർ ഉത്പന്നങ്ങളുടെ ആവശ്യവും ഇല്ലാതായെന്ന് അവർ പറയുന്നു.
സിംഗപ്പൂരിലെ ചെറിയ വീടുകളും പരിമിതമായ സാഹചര്യങ്ങളും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം മുൻഗണന നൽകാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.
‘സുഖകരമായ ജീവിതത്തിന് വലിയ ചെലവുകൾ ആവശ്യമില്ലെന്ന് ഞാൻ ഇവിടെ വന്നപ്പോഴാണ് മനസ്സിലാക്കിയത്. നമ്മുടെ ചുറ്റുപാട് മാറുന്നതിനനുസരിച്ച് നമ്മുടെ ശീലങ്ങളും സാമ്പത്തിക അച്ചടക്കവും തനിയെ മെച്ചപ്പെടും’- നേഹ വീഡിയോയിൽ വ്യക്തമാക്കുന്നു.