'സിമോണ്‍ ബൈല്‍സ് GOAT തന്നെ'; 546 വജ്രങ്ങള്‍ കൊണ്ടുണ്ടാക്കിയ ആടിന്റെ രൂപത്തിലുള്ള പെന്റന്റുമായി താരം

ഒളിമ്പിക്സില്‍ ഇരട്ട സ്വര്‍ണവുമായി തിരിച്ചുവന്നിരിക്കുകയാണ് അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ്. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ വനിതകളുടെ ഔള്‍റൗണ്ട് ടീമിനത്തില്‍ സ്വര്‍ണം നേടിയ സിമോണ്‍ ഇതേ ഇനത്തില്‍ വ്യക്തിഗത വിഭാഗത്തിലും സ്വര്‍ണം കഴുത്തിലണിഞ്ഞു. ഇതിന് പിന്നാലെ തന്റെ കഴുത്തിലുള്ള ആടിന്റെ രൂപത്തിലുള്ള വജ്ര പെന്റന്റ് ആരാധകരെ കാണിച്ചാണ് സിമോണ്‍ വിജയമാഘോഷിച്ചത്.
ഓള്‍ ടൈം ഗ്രേറ്റസ്റ്റ് എന്നതിന്റെ ചുരുക്കമായ GOAT എന്നര്‍ഥത്തില്‍ ഒരു ആടിന്റെ രൂപത്തിലുള്ള പെന്റന്റാണ് സിമോണ്‍ കഴുത്തിലണിഞ്ഞ മാലയിലുണ്ടായിരുന്നത്. 546 വജ്രക്കല്ലുകള്‍ ഉപയോഗിച്ചാണ് ഈ ആടിന്റെ രൂപമുണ്ടാക്കിയിരിക്കുന്നത്.
'ഈ പെന്റന്റ് ഒരുപാട് ആളുകള്‍ക്ക് ഇഷ്ടമാണ്. അവര്‍ എല്ലാവരും എന്നെ എപ്പോഴും 'GOAT ' എന്നാണ് വിളിക്കാറുള്ളത്. അതിനാല്‍ അങ്ങനെയൊരു പെന്റന്റ് ഉണ്ടാക്കിയാല്‍ നല്ലതായിരിക്കുമെന്ന് എനിക്കുതോന്നി.' സിമോണ്‍ വ്യക്തമാക്കി. ആറു ഒളിമ്പിക്‌സ് സ്വർണ്ണ മെഡല്‍ സ്വന്തമാക്കിയ സിമോണ്‍ ഒരു റെക്കോഡും തന്റെ പേരിനൊപ്പം ചേര്‍ത്തു. ഇത്രയും ഒളിമ്പിക്‌സ് സ്വർണ്ണ മെഡല്‍ നേടുന്ന ആദ്യ യുഎസ് ജിംനാസ്റ്റ് എന്ന ചരിത്രനേട്ടമാണ് അവര്‍ സ്വന്തമാക്കിയത്.
കാലിഫോര്‍ണിയയിലെ ജാനറ്റ് ഹെല്ലര്‍ ഫൈന്‍ ജ്വല്ലറിയാണ് സിമോണിന്റെ ആവശ്യപ്രകാരം ഈ പെന്റന്റ് നിര്‍മിച്ചത്. '546 വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ഒരു ത്രിമാന പെന്റന്റാണിത്. ജിംനാസ്റ്റിക്‌സില്‍ സിമോണിന്റെ സമാനതകളില്ലാത്ത പ്രകടനത്തെ ഇത് ഉള്‍ക്കൊള്ളുന്നു. സൂക്ഷ്മമായ കൃത്യതയോടെ രൂപകല്‍പന ചെയ്ത പെന്റന്റ് സിമോണിന്റെ അര്‍പ്പണബോധത്തെയും സ്ഥിരോത്സാഹത്തെയും പ്രചോദനത്തേയും പ്രതിഫലിപ്പിക്കുന്നു', ജാനറ്റ് ഹെല്ലര്‍ ഫൈന്‍ ജ്വല്ലറിയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പെന്റന്റിന്റെ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
ഇതാദ്യമായല്ല 'GOAT'-മായി ബന്ധപ്പെട്ട സാധനം സിമോണ്‍ ഉപയോഗിക്കുന്നത്. 2021 യുഎസ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതേ ആശയത്തില്‍ വരുന്ന ജിംനാസ്റ്റിക്‌സ് വസ്ത്രം ധരിച്ചാണ് സിമോണ്‍ മത്സരത്തിനിറങ്ങിയത്. പാരിസ് ഒളിമ്പിക്‌സിലെ സ്വര്‍ണനേട്ടത്തോടെ കരിയറില്‍ തന്റെ മെഡല്‍നേട്ടം 39 ആയി ഉയര്‍ത്താനും 27-കാരിയായ സിമോണിന് കഴിഞ്ഞു.
Content Highlights: simone biles goat pendant with 546 diamonds goes viral