പിതാവിന്റെ 3.65 കോടിയുടെ സ്വത്തിനായി സഹോദരങ്ങൾ തമ്മിൽ അടി; ഒടുവിൽ ട്വിസ്റ്റ്, 2 പേരെയും ദത്തെടുത്തത്

മാതാപിതാക്കളുടെ സ്വത്ത് ലഭിക്കാനായി മക്കള്‍ തമ്മില്‍ അടികൂടുന്നത് പലയിടത്തും പതിവുകാഴ്ചയാണ്. നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകത്തെ എല്ലായിടത്തും ഇത്തരം പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ചൈനയിലെ ടിയാന്‍ജിന്‍ പ്രവിശ്യയിലെ ഈ സഹോദരങ്ങള്‍ തമ്മിലും അത്തരമൊരു തര്‍ക്കമുണ്ടായി. എന്നാല്‍ ക്ലൈമാക്‌സില്‍ അപ്രതീക്ഷിതമായൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് ഇരുവരും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
കഴിഞ്ഞ മാര്‍ച്ചിലാണ് ഇവരുടെ പിതാവ് സുന്‍ മരിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചുപോയ പിതാവിന്റെ 30 ലക്ഷം യുവാന്റെ (3.65 കോടി രൂപ) സ്വത്തിന് വേണ്ടിയാണ് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചത്. മരണത്തിന് മുമ്പായി സുന്‍ തന്റെ 3.6 കോടിയുടെ സ്വത്ത് പൂര്‍ണമായി മകന്റെ പേരിലേക്ക് മാറ്റി. 1966-ല്‍ താനും ഭാര്യയും ദത്തെടുത്ത മകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം മകനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ദത്തെടുക്കപ്പെട്ട മകള്‍ ഇതിനെതിരെ രംഗത്തെത്തി. സ്വത്ത് കൈമാറാനുള്ള രേഖയില്‍ പിതാവിന്റെ ഒപ്പ് മാത്രമേ ഉള്ളൂവെന്നും അതിനാല്‍ അമ്മയുടെ ഓഹരി മൊത്തം സ്വത്തിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് ആകെ സ്വത്ത് രണ്ട് പേര്‍ക്കുമായി പങ്കുവെക്കണമെന്നുമാണ് മകള്‍ വാദിച്ചത്. ഇപ്പോള്‍ താമസിക്കുന്ന വീട് മാതാപിതാക്കള്‍ തനിക്ക് തന്നതാണെന്നും അത് ഒരാള്‍ക്കും വിട്ടുകൊടുക്കില്ലെന്നും മകള്‍ പറഞ്ഞു.
തുടര്‍ന്ന് തര്‍ക്കം നിയമയുദ്ധത്തിലേക്ക് നീങ്ങി. ടിയാന്‍ജിനിലെ കോടതിയില്‍ മകള്‍ ഹാജരാക്കിയ പുതിയ രേഖയാണ് വമ്പന്‍ ട്വിസ്റ്റിന് വഴിയൊരുക്കിയത്. സഹോദരന്റെ വീടിന്റെ രജിസ്‌ട്രേഷന്‍ രേഖയാണ് മകള്‍ ഹാജരാക്കിയത്. ഈ രേഖയില്‍ 'ദത്തെടുക്കപ്പെട്ടത്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സ്വത്ത് ലഭിച്ച മകന്‍ പിതാവിന്റെ സ്വന്തം മകനല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഈ രേഖ.
പുതിയ വെളിപ്പെടുത്തല്‍ കേട്ട മകന്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ശേഷം സഹോദരിക്കെതിരെ രൂക്ഷവിമര്‍ശനം അദ്ദേഹം ഉന്നയിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരി കുടുംബവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിരുന്നുവെന്നും മരണം വരെ മാതാപിതാക്കളെ നോക്കിയത് താനാണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
ചര്‍ച്ചകള്‍ക്ക് ശേഷം ഒടുവില്‍ ഇരുവരും സ്വത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തി. വീട് സഹോദരന് നല്‍കാനും സഹോദരന്‍ സഹോദരിക്ക് 550,000 യുവാന്‍ (66 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനുമാണ് ധാരണയായത്.
Content Highlights: Chinese Siblings Fighting For Father's Rs 3.6 Crore Property Discover Both Are Adopted