'എനിക്ക് വിവാഹം പേടിയാണ്, അമ്മയാകാന്‍ ആഗ്രഹം പക്ഷെ...!' വ്യക്തിജീവിതം വെളിപ്പെടുത്തി ശ്രുതി ഹാസന്‍

ശ്രുതി ഹാസൻ | ഫോട്ടോ: പി.ടി.ഐ
ശ്രുതി ഹാസൻ | ഫോട്ടോ: പി.ടി.ഐ

അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി ചലച്ചിത്ര താരം ശ്രുതി ഹാസന്‍. രണ്‍വീര്‍ അലഹബാദിയക്കൊപ്പമുള്ള പോഡ്കാസ്റ്റ് സംഭാഷണത്തിനിടെയാണ് ശ്രുതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വിവാഹം എന്ന ആശയം തന്നെ എങ്ങനെ ഭയപ്പെടുത്തുന്നുവെന്ന് ശ്രുതി പറയുന്നു. അത് സ്‌നേഹത്തില്‍ താന്‍ വിശ്വാസമില്ലാത്തതുകൊണ്ടല്ല, മറിച്ച് അത് വലിയൊരു ചുവടുവെപ്പാണ് ശ്രുതി പറയുന്നു. 

എന്തുകൊണ്ടാണ് വിവാഹിതയാകേണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന അലഹബാദിയയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രുതി. 

'വിവാഹം എന്ന ആശയത്തോട് എനിക്ക് പേടിയാണ്. ഒരു സ്വതന്ത്രവ്യക്തിയായിരിക്കാന്‍ ഞാന്‍ ഈ ജീവിതകാലം മുഴുവന്‍ പരിശ്രമിച്ചിട്ടുണ്ട്. അത് ഒരു കടലാസിലൂടെ മറ്റൊരാളുമായി ബന്ധിപ്പിക്കുക എന്ന ആശയം ശരിക്കും എന്ന ഭയപ്പെടുത്തുന്നുണ്ട് .' ശ്രുതി പറഞ്ഞു. പകരം പ്രതിബദ്ധത, വിശ്വാസ്യത, വൈകാരിക ബന്ധം എന്നിവയ്‌ക്കൊപ്പം മറ്റൊരാള്‍ക്കൊപ്പം വളരുന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും. ഇവയാണ് വിവാഹം യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കേണ്ടതെന്നും ശ്രുതി പറഞ്ഞു. 

ബന്ധങ്ങളുടെ ഗുണങ്ങളിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അല്ലാതെ വിവാഹത്തിന്റെ ഔദ്യോഗിക മാനങ്ങളുടെ ആവശ്യകതയിലല്ലെന്നും ശുതി പറഞ്ഞുവെക്കുന്നു. 

നേരത്തെ താന്‍ വിവാഹത്തിന് അടുത്തെത്തിയിരുന്നുവെന്ന് ശ്രുതി ഹാസന്‍ വെളിപ്പെടുത്തി. എന്തുകൊണ്ട് അത് നടന്നില്ലെന്ന ചോദ്യത്തിന് 'അത് തന്റെ തെറ്റായിരുന്നില്ല' എന്നായിരുന്നു ശ്രുതിയുടെ മറുപടി. വിശ്വാസ്യ വഞ്ചനയോ, രഹസ്യങ്ങളോ ആയിരുന്നില്ല അതിന് കാരണമെന്നും പൊരുത്തക്കേടുകളായിരുന്നുവെന്നും ശ്രുതി പറഞ്ഞു. 

വിവാഹത്തോടുള്ള ഭയം വെളിപ്പെടുത്തിയെങ്കിലും, അമ്മയാകാന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതായി ശ്രുതി പറഞ്ഞു. എന്നാല്‍ ഒറ്റക്ക് ജീവിക്കുന്ന ഒരു അമ്മയാകാന്‍ ആഗ്രഹമില്ലെന്നും കുട്ടികള്‍ക്ക് രണ്ട് രക്ഷിതാക്കള്‍ പ്രധാനമാണെന്നും കോ പാരന്റിങിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഒറ്റയ്ക്ക് കഴിയുന്ന രക്ഷിതാക്കളെ അപമാനിക്കുകയല്ലെന്നും തന്റെ വേറിട്ട തീരുമാനം മാത്രമാണിതെന്നും ശ്രുതി പറഞ്ഞു. 

2025 ല്‍ ഒരു കൂട്ടം ചിത്രങ്ങളാണ് ശ്രുതിയുടേതായി ഒരുങ്ങുന്നത്. ലോകേഷ് കനകരാജിന്റെ കൂലി, എച്ച് വിനോദിന്റെ ജനനായകന്‍, മിസ്‌കിന്‍ സംവിധാനം ചെയ്യുന്ന ട്രെയിന്‍ എന്നിവ ശ്രുതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്. 
 

Content Highlights: Shruti Haasan opens up about her fear of marriage, emphasizing her desire for co-parenting