അണ്‍ഫോളോ ചെയ്തു, ഒരുമിച്ചുള്ള ചിത്രങ്ങള്‍ കളഞ്ഞു; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു?

ഗായിക, നടി എന്നീ നിലകളിലെല്ലാം സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ വ്യക്തിയാണ് നടന്‍ കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുള്ള ശ്രുതി വിവാഹത്തോട് തനിക്ക് താത്പര്യമില്ലെന്ന് നേരത്തെ തന്നെ തുറന്നുപറഞ്ഞ കാര്യമാണ്. ഡൂഡില്‍ ആര്‍ട്ടിസ്റ്റും ഇല്ലസ്‌ട്രേറ്ററുമായ സാന്തനു ഹസാരികയുമായി ലിവിങ് ടുഗെദര്‍ റിലേഷനിലായിരുന്നു ശ്രുതി.
എന്നാല്‍ നാല് വര്‍ഷത്തെ ഡേറ്റിങ് ഇരുവരും അവസാനിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും അണ്‍ഫോളോ ചെയ്യുകയും അടുത്തിടെ പോസ്റ്റ് ചെയ്ത ഒരുമിച്ചുള്ള ചിത്രങ്ങള്‍ കളയുകയും ചെയ്തിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും കഴിഞ്ഞ മാസമാണ് വേര്‍പിരിഞ്ഞതെന്നും ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകല്‍ പറയുന്നു. എന്നാല്‍ ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
2020-ല്‍ കോവിഡ് വ്യാപനത്തിന്റെ സമയത്താണ് ഇരുവരും ഡേറ്റിങ് തുടങ്ങിയത്. മുംബൈയിലെ ഫ്‌ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ടായിരുന്നു.
ഇതിനിടയില്‍ ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അതിനുശേഷം അല്‍പം നിഗൂഢത നിറഞ്ഞ ഒരു കുറിപ്പ് പങ്കുവെച്ചാണ് തിരിച്ചെത്തിയത്. 'ഇതൊരു ഭ്രാന്തമായ യാത്രയാണ്. എന്നെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും പഠിക്കാന്‍ സാധിച്ചു. നമുക്ക് എന്താണോ വേണ്ടത്, നമ്മള്‍ എന്തായി തീരണമെന്നാണോ ആഗ്രഹിക്കുന്നത് അതിനൊന്നും ഒരിക്കലും ഖേദിക്കേണ്ടതില്ല' എന്നായിരുന്നു കുറിപ്പ്.
നേരത്തെ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ശ്രുതി മനസ് തുറന്നിരുന്നു. സാന്തനുവിനോട് അളവില്‍ കൂടുതല്‍ പ്രണയമാണെന്നും വിവാഹം എന്ന സമ്പ്രദായത്തോട് താത്പര്യമില്ലെന്നുമായിരുന്നു അന്ന് ശ്രുതി പറഞ്ഞത്.
Content Highlights: shruti haasan broke up with boyfriend santanu hazarika