'നിശ്ചയിച്ച പെണ്‍കുട്ടിയെത്തന്നെ കല്ല്യാണം കഴിക്കണമെന്ന് നിയമമില്ലല്ലോ';വിവാഹത്തെക്കുറിച്ച് ഷിയാസ്

റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിന് സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുണ്ട്. എട്ടര ലക്ഷത്തോളം പേരാണ് ഷിയാസിനെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഈ പോസ്റ്റുകളെല്ലാം ഷിയാസ് നീക്കം ചെയ്തു. ഇതോടെ വിവാഹം മുടങ്ങിയെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഷിയാസ്.
വിവാഹം കഴിക്കുമെന്നും നിശ്ചയിച്ച് പെണ്‍കുട്ടിയെത്തന്നെ കല്ല്യാണം കഴിക്കണമെന്ന് നിയമമൊന്നും ഇല്ലല്ലോയെന്നും അഭിമുഖത്തില്‍ താരം പറയുന്നു. 'വിവാഹത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. വിവാഹം ഉണ്ടാകും. നിശ്ചയിച്ച പെണ്‍കുട്ടിയെത്തന്നെ വിവാഹം കഴിക്കണമെന്ന് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാന്‍ വിവാഹം കഴിക്കും. നിശ്ചയിച്ച പെണ്‍കുട്ടി തയ്യാറാണെങ്കില്‍ അവരെ വിവാഹം കഴിക്കും. അവര്‍ക്ക് താത്പര്യമില്ലെന്ന് പറഞ്ഞാല്‍ പിന്നെ അവരെ വിവാഹം കഴിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെയെങ്കില്‍ വേറെ ആളെ വിവാഹം കഴിക്കും. നാളത്തെ കാര്യം എന്താണെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അല്ലാതെ ചെമ്മീന്‍ സിനിമയിലെ നടന്‍ മധുവിനെപ്പോലെ ബീച്ചില്‍ പാട്ട് പാടി നടക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോള്‍ ഞാന്‍ എല്ലാവരേയും അറിയിക്കും.' ഷിയാസ് പറയുന്നു.
'ഞാന്‍ ഫോട്ടോ ഇടണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നോട് എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിക്കാം. ഞാന്‍ അത് പറയാന്‍ ഓക്കെയാണെങ്കില്‍ പറയും. നമ്മള്‍ വിചാരിക്കുന്നതുപോലെ ജീവിതം മുന്നോട്ടുപോകില്ല. അങ്ങനെ ആയിരുന്നെങ്കില്‍ കാര്യങ്ങളെല്ലാം എളുപ്പമായേനേ.'-ഷിയാസ് കൂട്ടിച്ചേര്‍ത്തു.
ഷിയാസിന്റെ വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് ഷിയാസിനെതിരെ പീഡന ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് നിയാസ് സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇത്രയും സമയമെടുത്തത് എന്താണെന്ന് ആരാധകര്‍ ഇതിന് താഴെ കമന്റ് ചെയ്തിരുന്നു.
Content Highlights: shiyas kareem open up rumours about his wedding