മൈക്കൽ ജാക്‌സന്റെ 'ഡെയ്ഞ്ചറസി'ന് ക്ലാസിക്കൽ ചുവടുകളുമായി ശിൽപ്പാ ബാല; വൈറലായി ഡാൻസ് വീഡിയോ

#Lifestyle Desk
വൈറൽ ഡാൻസിൽ നിന്നുള്ള രംഗങ്ങൾ | Photos: instagram.com/shilpabala
വൈറൽ ഡാൻസിൽ നിന്നുള്ള രംഗങ്ങൾ | Photos: instagram.com/shilpabala

അന്തരിച്ച പോപ്പ് താരം മൈക്കൽ ജാക്‌സന്റെ പ്രശസ്തമായ ഡെയ്ഞ്ചറസ് എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് നടി ശിൽപ്പാ ബാലയും സുഹൃത്തായ രഞ്ജിനി കുഞ്ചുവും. പോപ്പ് ഗാനമായ ഡെയ്ഞ്ചറസിന് സെമി ക്ലാസിക്കൽ നൃത്തച്ചുവടുകളാണ് ഇരുവരും അവതരിപ്പിച്ചത്. ഗാനവും നൃത്തവും മനോഹരമായി ഇഴചേർന്നപ്പോൾ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ശിൽപ്പാ ബാവ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽ ഇതിനകം പത്ത് ലക്ഷത്തിലേറെ പേർ കണ്ടു.

നൃത്തച്ചുവടുകൾക്കൊപ്പം ഇരുവരുടേയും മുഖഭാവങ്ങളാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്. പതിഞ്ഞതാളത്തിൽ തുടങ്ങുന്ന നൃത്തം പിന്നീട് അൽപ്പം രൗദ്രഭാവത്തിലേക്ക് മാറുന്നത് വീഡിയോയിൽ കാണാം. കറുത്ത വസ്ത്രവും ചുവപ്പും കറുപ്പും നിറത്തിലുള്ള ഷാളുമാണ് രണ്ട് നർത്തകികളുടേയും വേഷം.

സെലിബ്രിറ്റികൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് നൃത്തം ഗംഭീരമായെന്ന് പറഞ്ഞ് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്. ഗായിക രഞ്ജിനി ജോസ്, നടി എസ്തർ അനിൽ, ദിവ്യാ പിള്ള, ശ്രുതി രജനീകാന്ത്, കാർത്തിക് ശങ്കർ എന്നിവർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

മൈക്കൽ ജാക്‌സന്റെ 1991-ൽ പുറത്തിറങ്ങിയ ഡെയ്ഞ്ചറസ് എന്ന ആൽബത്തിലെ ഹിറ്റ് ഗാനങ്ങളിലൊന്നാണ് ഡെയ്ഞ്ചറസ്. ഈ ഗാനത്തിന്റെ ലൈവ് ഡാൻസ് പെർഫോമൻസുകൾ ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു.

Content Highlights: Shilpa Bala and Ranjini Kunju performed a unique semi-classical dance to Michael Jackson's hit song 'Dangerous'. The viral Instagram reel has crossed one million views and is noted for the duo's intense facial expressions and costume. Celebrities like Ranjini Jose, Esther Anil, and Divya Pillai commented on the video praising the performance. The dance starts with a slow tempo and transitions into a fierce (Raudra) mood.