നിരാശകള്‍ക്ക് പിന്നില്‍ അനന്തമായി സ്‌നേഹിക്കുന്ന ഒരു ഹൃദയമുണ്ട്- പ്രണയാര്‍ദ്രമായ കുറിപ്പുമായി ഷംന

മൂന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിക്ക് ആശംസ നേര്‍ന്ന് നടി ഷംന കാസിം. ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ കുറിപ്പും വീഡിയോയും പങ്കുവെച്ചാണ് ഷംന ആശംസ നേര്‍ന്നത്. ചിരിയിലും കണ്ണീരിലും ഒരുമിച്ച മൂന്ന് വര്‍ഷങ്ങളാണ് കടന്നുപോയതെന്നും ചിലപ്പോള്‍ തന്റെ ചെറിയ ദേഷ്യങ്ങള്‍പോലും വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും അതില്‍ വിഷമമുണ്ടെന്നും ഷംന കുറിച്ചു.
'മൂന്ന് വര്‍ഷം ചിരിയിലും കണ്ണീരിലും ഒന്നിച്ചു വളര്‍ന്നു. നമുക്കിടയില്‍ വഴക്കുകളുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ എന്റെ ചെറിയ ദേഷ്യങ്ങള്‍പോലും നമ്മളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ ദയവായി മനസിലാക്കുക, നിരാശയുടെ ഓരോ നിമിഷത്തിന് പിന്നിലും നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്ന ഒരു ഹൃദയമുണ്ട്. നിങ്ങള്‍ എന്റെ ഇക്കയാണ്, എന്റെ പങ്കാളിയാണ്, എന്റെ സമാധാനമാണ്, എന്റെ കുഴപ്പങ്ങളാണ്-ഇതെല്ലാം ചേരുന്നതാണ് നമ്മള്‍. എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും നീ എന്റെ ലോകമായിരുന്നു. നിങ്ങളുടെ ക്ഷമയ്ക്കും സ്‌നേഹത്തിനും നന്ദി. ഇനിയുമുണ്ട് സ്‌നേഹത്തിന്റേയും ചിരിയുടേയും തിരിച്ചറിവിന്റേയും ഒരുപാട് വര്‍ഷങ്ങള്‍. എന്തു വന്നാലും ഞാന്‍ എപ്പോഴും നിങ്ങളെ തിരഞ്ഞെടുക്കും. എല്ലാ ദിവസവും. സ്‌നേഹം മാത്രം ഇക്കാ, എന്നും എപ്പോഴും.'-ഷംന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2022 ഒക്ടോബറിലായിരുന്നു ഷംനയുടേയും ഷാനിദിന്റേയും വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് ഷംനയുടെ ഭര്‍ത്താവ്. 2023 മെയില്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് ജനിച്ചു. ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. തെലുങ്ക് ചിത്രം ഭീമയിലാണ് ഷംന അവസാനം അഭിനയിച്ചത്. നിലവില്‍ ദുബായിയില്‍ ഷംന കാസിം ഡാന്‍സ് സ്റ്റുഡിയോയും നടത്തുന്നുണ്ട്.
Content Highlights: shamna kasim wedding anniversary wishes to shanid asif ali