‘മട്ടൻ കഴിക്കാത്ത ഷാരൂഖ് ഖാൻ സിനിമയ്ക്കായി അത് കഴിച്ചു; ഒബ്‌റോയ് ഹോട്ടലില്‍ നിന്ന് വരുത്തിയ പ്രത്യേക ഭക്ഷണം ഒഴിവാക്കി’ -സംവിധായകന്‍

#Lifestyle Desk
ഷാരൂഖ് ഖാൻ, രാഹുല്‍ ധോലാകിയ | Photos: AFP, instagram
ഷാരൂഖ് ഖാൻ, രാഹുല്‍ ധോലാകിയ | Photos: AFP, instagram

കഴിഞ്ഞദിവസമാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ 60-ാം പിറന്നാളാഘോഷിച്ചത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് കിങ് ഖാന് ആശംസകള്‍ നേര്‍ന്നത്. ഷാരൂഖ് ഖാനൊപ്പമുള്ള അനുഭവങ്ങള്‍ പിറന്നാളിനോടനുബന്ധിച്ച് പലരും പങ്കുവെച്ചിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധേയമാകുകയാണ് സംവിധായകന്‍ രാഹുല്‍ ധോലാകിയ പറഞ്ഞ കാര്യങ്ങള്‍.

ഷാരൂഖ് ഖാന്‍ നായകനായി 2017-ല്‍ പുറത്തിറങ്ങിയ റയീസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് രാഹുല്‍. ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് റയീസില്‍ ഷാരൂഖ് എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് രാഹുല്‍ ധോലാകിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Also Read: ഷാരൂഖ് ഖാന് 60-ാം പിറന്നാള്‍; അറിയാം, കിങ് ഖാന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍

'ഓരോ സീനിലും ഷാരൂഖ് ഖാന്‍ എന്നെ വിസ്മയിപ്പിച്ചിരുന്നു. രണ്ടാമത്തെ സീന്‍ അദ്ദേഹവും നടന്‍ സീഷന്‍ അയ്യൂബും ധാബയില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ്. അവിടിരുന്ന് അദ്ദേഹം മട്ടനാണ് കഴിക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ടീം ഞങ്ങളോട് പറഞ്ഞു, അദ്ദേഹം മട്ടണ്‍ കഴിക്കില്ല, അദ്ദേഹത്തിനായുള്ള പ്രത്യേക ഭക്ഷണം (ചിക്കന്‍) ഒബ്‌റോയ് ഹോട്ടലില്‍ നിന്നെത്തുമെന്ന്.' -രാഹുല്‍ പറഞ്ഞു.

'പക്ഷേ അദ്ദേഹം മട്ടണ്‍ കഴിച്ചില്ലെങ്കില്‍ ആ സീന്‍ ശരിയാകുമായിരുന്നില്ല. കാരണം അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം ഗുജറാത്തിലെ ചേരിപ്രദേശത്തുനിന്നുള്ളയാളാണ്. പരിഷ്‌കൃതനായ ആളല്ല. ആ സീനില്‍ അയാള്‍ ഷാരൂഖ് ഖാന്‍ അല്ല. എല്ലുകളടക്കമുള്ള മട്ടണ്‍ വിഭവം ഞാന്‍ വീട്ടില്‍ നിന്നുണ്ടാക്കി കൊണ്ടുവന്നു. ഒബ്‌റോയ്‌യില്‍ നിന്നുള്ള ഫാന്‍സി ചിക്കന്‍ വിഭവവും ഒപ്പമുണ്ടായിരുന്നു.' -അദ്ദേഹം തുടര്‍ന്നു.

'ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഇതാണ് സീന്‍, ഇതാണ് കഥാപാത്രം. താങ്കള്‍ മട്ടണ്‍ കഴിക്കണമെന്നാണ് എന്റെ അഭിപ്രായം. 'ഞാന്‍ ഈ മട്ടണ്‍ തന്നെ കഴിക്കാം' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം തന്റെ ടീമിനോട് പറയേണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ആ മട്ടണ്‍ കഴിച്ചു. എല്ലുകളെടുത്ത് തട്ടി വലിച്ച് കുടിച്ച്, ചേരിയില്‍ നിന്നുള്ള ഗ്യാങ്സ്റ്റര്‍ കഴിക്കുന്നത് പോലെ.' -രാഹുല്‍ ധോലാകിയ പറഞ്ഞു.

Content Highlights: 'Raees' director Rahul Dholakia reveals how Shah Rukh Khan ate mutton for a scene despite his food preferences, staying true to his gangster character