'അഭിനയിക്കുന്നത് കൊണ്ടാണോ സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത്'-രാഷ്ട്രീയ പ്രവര്‍ത്തകന് മഞ്ജുവിന്റെ മറുപടി

മഞ്ജു പത്രോസ്‌ | Photo: instagram/ manju
മഞ്ജു പത്രോസ്‌ | Photo: instagram/ manju

സീരിയല്‍ താരങ്ങളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തകന് അതേ വേദിയില്‍ മറുപടി നല്‍കി നടി മഞ്ജു പത്രോസ്. തൃശ്ശൂര്‍ പെരുമ്പിലാവില്‍ നടന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിലാണ് സംഭവം. ഇതിന്റെ വീഡിയോ നടന്‍ സാജന്‍ സൂര്യയാണ് ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ടത്.

ഈ വീഡിയോയില്‍ മഞ്ജു സംസാരിക്കുന്ന ഭാഗം മാത്രമാണുള്ളത്. 'സീരിയല്‍ താരങ്ങള്‍ വരുന്നത് എനിക്കിഷ്ടമല്ല, ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല' എന്നായിരുന്നു രാഷ്ട്രീയ നേതാവ് പറഞ്ഞത്. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ അതോ സാര്‍ സീരിയല്‍ കാണാഞ്ഞിട്ടാണോ എന്നറിയില്ല എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. എന്തുതന്നെയായാലും സീരിയല്‍ ഒരു തൊഴില്‍ മേഖലയാണെന്നും ഒരു മേഖലയിലും മുമ്പിലെത്താന്‍ അത്ര എളുപ്പമല്ലെന്നും മഞ്ജു പറയുന്നു. തനിക്ക് കൃഷി ഇഷ്ടമല്ലെന്ന് കരുതി ഒരു കര്‍ഷകന്‍ വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാമെന്നും മഞ്ജു പ്രസംഗത്തില്‍ പറയുന്നു. 

വീഡിയോ പോസ്റ്റ് ചെയ്ത് സാജന്‍ സൂര്യയും നീണ്ട കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'പെരുമ്പിലാവില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സിനിമ സീരിയല്‍ നടി മഞ്ജു പത്രോസിനെ വേദിയില്‍ ഇരുത്തിക്കൊണ്ട് ''സീരിയല്‍ നടികളെ ഇകഴ്ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴില്‍ രംഗത്തെ പുച്ഛവല്‍ക്കരിക്കുകയും ചെയ്ത പ്രമുഖ പാര്‍ട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കില്‍ കൂടിയും മഞ്ജു പത്രോസ് നല്‍കി. അഭിനന്ദനങ്ങള്‍ മഞ്ജു. പരിപാടിയുടെ പേര് ' പെണ്‍വെട്ടം'' എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കല്‍. ആളെകൂട്ടാന്‍ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയല്‍ കാണരുതെന്ന് ചീത്തയായി പോകുമെന്ന്. ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കള്‍ കാരണം ഠഢയിലെ വാര്‍ത്തകള്‍ പോലും കാണാന്‍ നാണക്കേടാന്ന്. കലികാലം'-സാജന്‍ സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Content Highlights: serial actor manju pathrose viral reply to the politician