ഒന്നുമില്ലായ്മയിൽനിന്ന് തുടങ്ങി,ജീവിക്കാൻ പല ജോലികളും; സാറ ഇന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്

കോട്ടയം : ഒന്നുമില്ലായ്മയിൽനിന്ന് തുടക്കം, ജീവിതം കെട്ടിപ്പടുക്കാൻ പലജോലികളും ചെയ്തു. ഇന്ന് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞത് സാറയുടെ കഠിനാധ്വാനത്തിന്റെ ഫലം. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഇവർ സാറ ആർട്ടിസ്ട്രി എന്ന പേരിൽ വീടിന്റെ മുകൾനിലയിൽ മേക്കപ്പ് സ്റ്റുഡിയോയും ഒരുക്കി. കാഞ്ഞിരപ്പള്ളി പൊടിമറ്റം ഗസൽ വീട്ടിൽ സെറീന ഹാരിസ് 'സാറ' ബ്രാൻഡിൽ അറിയപ്പെടാൻ തുടങ്ങിയത് താൻ തുടങ്ങിവെച്ച സംരംഭങ്ങളിലൂടെയാണ്. വയോജനങ്ങൾക്കായി സാറ ട്രാൻക്വിൽ എന്ന പുതിയ സംരംഭത്തിനുകൂടി സാറ തുടക്കമിട്ടുകഴിഞ്ഞു.
2017-വരെ വീട്ടമ്മ മാത്രമായിരുന്ന സാറയുടെ ജീവിതം മാറിമറിയുന്നത് ഭർത്താവ് ഹാരിസ് അഹമ്മദിന്റെ വേർപാടോടെയായിരുന്നു. വിദേശത്ത് ജോലിയായിരുന്ന ഹാരിസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. വലിയ സാമ്പത്തിക ഭദ്രതയൊന്നുമില്ലായിരുന്ന സ്ഥിതിയിൽനിന്ന് രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ചുമതല സാറയുടെ ചുമലിലായി. അതോടെ അടുക്കളക്കാര്യംമാത്രം നോക്കിയിരുന്ന സാറാ ധൈര്യപൂർവം മുന്നിട്ടിറങ്ങി. ആദ്യം ഗൾഫിലെ കമ്പനിയിൽ അക്കൗണ്ടന്റായി ജോലിക്കുകയറി. മാസങ്ങൾക്കുശേഷം തിരികെപ്പോരേണ്ട സാഹചര്യമുണ്ടായി.
നാട്ടിലെത്തി വാഹനഷോറൂമിൽ ജോലിക്ക് കയറി. ഇതിനിടെ കോഫി വെൻഡിങ് മെഷീന്റെ ഡീലർഷിപ്പ് എടുത്ത് വിവിധ കടകളിൽ എത്തിച്ചുനൽകി. കോവിഡ് കാലത്ത് കടകൾ അടച്ചിട്ടതോടെ കച്ചവടവും വരുമാനവും നിലച്ചു. കോവിഡ് കാലത്ത് സാറ മടിച്ചിരുന്നില്ല സാറ ക്ലൗഡ് കിച്ചൺ എന്ന സംരംഭം ആരംഭിച്ച് ആവശ്യക്കാർക്ക് ദം ബിരിയാണി അടക്കമുള്ള ഭക്ഷണങ്ങൾ തയ്യാറാക്കിനൽകി. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും അഴിഞ്ഞതോടെ സാറയുടെ ഭക്ഷണവിതരണത്തിനും പൂട്ടുവീണു. ഇതിനിടെ കോസ്മെറ്റോളജി പഠിച്ചിറങ്ങി സ്വന്തമായി ബ്യൂട്ടിപാർലർ തുടങ്ങി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി.
ഓൺലൈൻ ബ്യുട്ടിക് വ്യാപാരം, ഇൻഷുറൻസ് ഏജന്റ്, സെയിൽസ് തുടങ്ങി വിവിധ ജോലികളുംചെയ്തു. ഇതിനിടെ ചെറുതും വലുതുമായി നിരവധി പ്രതിസന്ധി ഘട്ടങ്ങളും ജീവിതത്തിലുണ്ടായതായി സാറ പറയുന്നു. സ്വന്തമായി വീട് നിർമിച്ചതിനൊപ്പം മക്കളുടെ പഠനം ഉൾപ്പെടെയുള്ളവ നടത്താൻ കഴിഞ്ഞു. സ്വന്തം വീട് നിർമിച്ചത് താൻ തന്നെ തയ്യാറാക്കിയ പ്ലാനിലും. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ജീവിതത്തിലെ ഒറ്റപ്പെടലിൽനിന്നുള്ള മോചനത്തിനുമായി യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള പുതിയ സംരംഭം തുടങ്ങുന്നതിന്റെ പ്രവർത്തനത്തിലാണ് സാറയിപ്പോൾ. എൻജിനിയറിങ് വിദ്യാർഥി സിയാൻ, പ്ലസ് വൺ വിദ്യാർഥി സമാൻ എന്നിവർ മക്കളാണ്.
Content Highlights: Sara, a single mother, built a successful career as a makeup artist & entrepreneur