ഹൃത്വിക് റോഷന് പിറന്നാളാശംസിച്ച് മുൻ ഭാര്യയുടെ പിതാവ്; 'അവരുടെ വേർപിരിയൽ കയ്‌പ്പേറിയതായിരുന്നില്ല'

#Lifestyle Desk
ഹൃത്വിക് റോഷൻ, ഹൃത്വിക് റോഷനും സഞ്ജയ് ഖാനും | Photos: AFP, instagram
ഹൃത്വിക് റോഷൻ, ഹൃത്വിക് റോഷനും സഞ്ജയ് ഖാനും | Photos: AFP, instagram

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ 52-ാം പിറന്നാളാണ് ശനിയാഴ്ച. പിറന്നാളെത്തുന്നതിന് മുമ്പായി പലരും അദ്ദേഹത്തിന് മുൻകൂറായി തന്നെ ആശംസകൾ നേരുന്നുണ്ട്. അത്തരത്തിൽ ഹൃത്വിക്കിന് ലഭിച്ച ഒരു മുൻകൂർ പിറന്നാളാശംസയാണ് ഇപ്പോൾ വൈറലാകുന്നത്. മുൻ ഭാര്യ സൂസൻ ഖാന്റെ പിതാവ് സഞ്ജയ് ഖാനാണ് ഇൻസ്റ്റഗ്രാമിലൂടെ ഹൃത്വിക്കിന് ജന്മദിനാശംസ നേർന്നത്.

ഹൃത്വിക് റോഷനൊപ്പമുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു സഞ്ജയ് ഖാന്റെ ആശംസാ പോസ്റ്റ്. വിശദമായ കുറിപ്പാണ് അദ്ദേഹം പിറന്നാളാശംസിച്ചുകൊണ്ട് പങ്കുവെച്ചത്. കൗമാരക്കാരനായ ഹൃത്വിക്കിനെ ആദ്യമായി കണ്ടത് മുതലുള്ള പല ഓർമകളും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചു. കഴിഞ്ഞയാഴ്ച സഞ്ജയ് ഖാന്റെ പിറന്നാൾ ദിനത്തിൽ ഹൃത്വിക് ഇൻസ്റ്റഗ്രാമിലൂടെ ആശംസ നേർന്നിരുന്നു. 'അച്ഛാ' എന്ന് വിളിച്ചുകൊണ്ടാണ് ഹൃത്വിക് അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നത്.

Also Read: വിവാഹനാളിൽ ധൂം 2-ലെ പാട്ടിന് കിടിലൻ ചുവടുവെച്ച് പോർച്ചുഗീസ് യുവാവ്; കമന്റിട്ട് സാക്ഷാൽ ഹൃത്വിക് റോഷൻ

മകൻ സായെദിലൂടെയാണ് കൗമാരക്കാരനായ ഹൃത്വിക്കിനെ താൻ പരിചയപ്പെടുന്നത് എന്ന് സഞ്ജയ് ഖാൻ പറയുന്നു. 'അന്ന് പ്രഭാതസഞ്ചാരങ്ങൾക്ക് എനിക്കൊരു സൈക്കിൾ ആവശ്യമായിരുന്നു. അത് സായെദിനോട് പറഞ്ഞു. അക്കാര്യത്തിൽ ഉപദേശം നൽകാൻ പറ്റിയ ആൾ ഹൃത്വിക്കാണ് എന്ന് അവൻ പറഞ്ഞു. ഒരുദിവസം രാവിലെ ഹൃത്വിക് എന്നെ കാണാൻ വന്നു. പുതിയ മോഡൽ സൈക്കിളുകളെ കുറിച്ച് വാചാലനായി. അവന്റെ വാക്കുകൾ വ്യക്തവും കൃത്യവും ആത്മാർഥവുമായിരുന്നു. അത് എന്നിൽ മതിപ്പുളവാക്കി. ഈ ചെറുപ്പക്കാരൻ ഒരുദിവസം എന്റെ മകൾ സൂസനെ വിവാഹം ചെയ്ത് ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകുമെന്ന് അന്നെനിക്കറിയില്ലായിരുന്നു.' -സഞ്ജയ് ഖാൻ കുറിച്ചു.

അചഞ്ചലമായ സമർപ്പണമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ കാരണമെന്ന് പലപ്പോഴും സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. ഇന്ന് ബോളിവുഡിലെ മികച്ച നടനും താരവുമാണ് ഹൃത്വിക് റോഷനെന്നും അദ്ദേഹം പറഞ്ഞു.

'സൂസനിൽ നിന്നാണ് എന്റെ സന്തോഷം വരുന്നത്. പേരക്കുട്ടികളായ ഹ്രെഹാനും ഹ്രിധാനും വളർന്നത് അവളുടെ സത്യസന്ധതയോടെയാണ്. അവരുടെ വേർപിരിയൽ മനോഹരമായിരുന്നു, അല്ലാതെ ഒരിക്കലും കയ്‌പ്പേറിയതായിരുന്നില്ല. ദശലക്ഷക്കണക്കിന് പേർ ആഘോഷിക്കുന്ന ജനുവരി പത്തിന് ഞാൻ ഹൃത്വിക്കിന് ആരോഗ്യവും സമാധാനവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു. പിറന്നാളാശംസകൾ, ഹൃത്വിക്ക്. നിന്നെ ഞാൻ സ്‌നേഹിക്കുന്നു മകനേ.' -സഞ്ജയ് ഖാൻ പറഞ്ഞു.

Content Highlights: Veteran actor Sanjay Khan shared a moving pre-birthday tribute to former son-in-law Hrithik Roshan ahead of his 52nd birthday. He praised the superstar's dedication and highlighted that Hrithik's separation from Sussanne Khan remained amicable and dignified.