ഇന്ത്യയിലെ സ്ത്രീകൾക്ക് 8 മണിക്കൂർ ജോലിസമയം ആഡംബരമാണ്, തിരഞ്ഞെടുപ്പിന് അവകാശം വേണം -സമീരാ റെഡ്ഡി

വാരണം ആയിരം ഉൾപ്പെടെയുള്ള ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നടിയാണ് സമീരാ റെഡ്ഡി. തന്റെ പുതിയ ഹിന്ദി ചിത്രമായ ആഖ്‌രി സവാലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഇപ്പോൾ തദാരം. അതിനിടെയാണ് അടുത്തിടെ വലിയ ചർച്ചയായ എട്ട് മണിക്കൂർ ജോലി സമയം എന്ന വിഷയത്തിൽ സമീര പ്രതികരിക്കുന്നത്. ബോളിവുഡ് താരം ദീപികാ പദുക്കോണാണ് ദിവസം എട്ട് മണിക്കൂർ മാത്രം ജോലി എന്ന വിഷയത്തിലെ ചർച്ചകൾക്ക് തിരികൊളുത്തിയത്.
എട്ട് മണിക്കൂർ ജോലിയെന്ന് വാദിക്കുന്നവർക്കോ അതിനെതിർവാദങ്ങൾ ഉന്നയിക്കുന്നവർക്കോ ഒപ്പമല്ല താനെന്നാണ് സമീര പറയുന്നത്. വിഷയത്തിൽ ഇരുകൂട്ടരുടേയും ആശങ്കകൾ താൻ മനസിലാക്കുന്നു. ഇന്ത്യയിൽ എട്ട് മണിക്കൂർ ജോലി എന്നത് ഒരുതരത്തിൽ ആഡംബരമാണ്. കാരണം അത് ഇപ്പോഴും നിർബന്ധിതമായി നൽകുന്നില്ല. അതിനാൽ ആ അവകാശം ഇപ്പോൾ ചോദിക്കുന്നത് തന്നെ സ്ത്രീകൾക്ക് ആഡംബരമാണെന്നാണ് താൻ കരുതുന്നതെന്നും സമീരാ റെഡ്ഡി പറഞ്ഞു. എൻഡിടിവിയോടാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഓരോ ജോലിസ്ഥലത്തിനും പ്രത്യേക അജണ്ടയുണ്ട്. ആ ജോലിസ്ഥലത്തിനായി പണം മുടക്കിയവർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ നമ്മൾ ആ ജോലി പൂർത്തിയാക്കണം. അതേസമയം സ്ത്രീകൾക്ക് ചില സമയങ്ങളിൽ ചില പരിമിതികളുണ്ടെന്നും നിങ്ങൾ ഓർക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ. എന്നാൽ ഇതൊരു തിരഞ്ഞെടുപ്പാണ്. ആ തിരഞ്ഞെടുപ്പ് നടത്താനുള്ള അനുവാദം സ്ത്രീകൾക്കുണ്ടാകണം.' -സമീര പറഞ്ഞു.
'എട്ട് മണിക്കൂർ ജോലിയെന്നത് നമ്മുടെ രാജ്യത്ത് ഒരുതരത്തിൽ ആഡംബരമാണെന്നാണ് ഞാൻ കരുതുന്നത്. കാരണം അത് ഇപ്പോഴും നിർബന്ധിതമല്ല. അതിനാൽ തന്നെ അത് സ്ത്രീകൾ അത് ചോദിക്കുന്നതും ആഡംബരമാണെന്ന് എനിക്ക് തോന്നുന്നു. ഇത് എളുപ്പമുള്ള കാര്യമല്ല. നിങ്ങൾക്ക് രണ്ടും ബാലൻസ് ചെയ്ത് കൊണ്ടുപോകണം. വളരെ ബുദ്ധിമുട്ടാണത്. എന്റെ മക്കൾക്ക് ജന്മം നൽകിയശേഷം കുറച്ചുകാലത്തേക്ക് ഞാൻ ജോലി ചെയ്തിരുന്നില്ല. അത് എന്റെ തിരഞ്ഞെടുപ്പായിരുന്നു. അതിനാൽ രണ്ട് പക്ഷത്തും ഞാനില്ല. എനിക്ക് രണ്ട് കൂട്ടരേയും മനസിലാകും.' -താരം തുടർന്നു.
ജോലിസമയം സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കഴിഞ്ഞ വർഷം ദീപികാ പദുക്കോണിന് രണ്ട് വമ്പൻ ചിത്രങ്ങൾ നഷ്ടമായത്. സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റ്, നാഗ് അശ്വിന്റെ കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗം എന്നീ ചിത്രങ്ങളിൽ നിന്നാണ് ദീപികയ്ക്ക് പടിയിറങ്ങേണ്ടിവന്നത്. കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നതിന് വേണ്ടിയാണ് ദീപികാ പദുക്കോൺ ജോലിസമയത്തിന്റെ കാര്യത്തിൽ കടുംപിടിത്തം പിടിച്ചത്. 2024-ലാണ് ദീപികാ പദുക്കോണും രൺവീർ സിങ്ങും ആദ്യ കുഞ്ഞിനെ വരവേറ്റത്. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.
Content Highlights: Sameera Reddy states an 8-hour workday is a luxury in India as it’s not mandatory. She supports women’s right to choose their hours, citing challenges for mothers, amid Deepika Padukone's recent row.