അന്ന് ആഡംബര ബാഗുകൾ വാങ്ങിക്കൂട്ടിയതിന് പകരം കുറച്ച് സ്വർണം വാങ്ങിയാൽ മതിയായിരുന്നു- സമീര റെഡ്ഡി

#ലൈഫ്സ്റ്റൈൽ ഡെസ്ക്
സമീര റെഡ്ഡി|Photos:instagram.com/reddysameera/?hl=en
സമീര റെഡ്ഡി|Photos:instagram.com/reddysameera/?hl=en

താരത്തിളക്കവും ആഡംബര ജീവിതവും പലർക്കും സ്വപ്നമാണെങ്കിലും ആ പ്രശസ്തി നിലനിർത്താൻ താരങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം ചെറുതല്ല. ലക്ഷങ്ങൾ വിലമതിക്കുന്ന ബാഗുകൾ വാങ്ങിക്കൂട്ടിയിരുന്ന തന്റെ പഴയകാലത്തെക്കുറിച്ചും ഇന്ന് ഗോവയിൽ നയിക്കുന്ന ലളിതമായ ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ് പ്രശസ്ത നടി സമീര റെഡ്ഡി. 'ഹോട്ടർഫ്ലൈ' (Hauterfly) എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലെ ഈ വലിയ മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

2000-ത്തിന്റെ തുടക്കത്തിൽ സിനിമയിൽ എത്തിയ സമയത്ത് താനൊരു വലിയ 'ഷോപ്പഹോളിക്' ആയിരുന്നുവെന്ന് സമീര പറയുന്നു. സിനിമയിലെ മറ്റു താരങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാനും അവർക്കിടയിൽ താൻ ഒറ്റപ്പെടാതിരിക്കാനും വേണ്ടി താൻ അന്ന് ലക്ഷങ്ങൾ വിലയുള്ള ലക്ഷ്വറി ബാഗുകൾ വാങ്ങിക്കൂട്ടി. താൻ ഇൻഡസ്ട്രിയിൽ വിജയിച്ചുവെന്ന് മറ്റുള്ളവരെ കാണിക്കാനായിരുന്നു ഈ ശ്രമങ്ങളെല്ലാം. അക്കാലത്ത് ഏകദേശം മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ വിലയുള്ള ബാഗുകൾ സ്വന്തമാക്കിയിരുന്നു.

2005-ൽ വാങ്ങിയ 'ഡിയോർ ഗൗച്ചോ' (Dior Gaucho) ബാഗും തികച്ചും ഒരു എയർപോർട്ട് ലുക്കിന് വേണ്ടി മാത്രം വാങ്ങിയ വലിയ 'ലൂയി വിറ്റൺ' (LV) ടോട്ടെ ബാഗുകളും ഇത്തരത്തിൽ വാങ്ങിക്കൂട്ടിയവയിൽ ഉൾപ്പെടുന്നു. സിനിമാജീവിതം തുടങ്ങിയ സമയത്ത് എല്ലാ പുതിയ ബാഗുകളും വേണമെന്നാണ് അന്ന് തനിക്ക് തോന്നിയിരുന്നതെന്നും ഡിയോർ ഗൗച്ചോ ബാഗാണ് അങ്ങനെ ആദ്യമായി വാങ്ങിയതെന്നാണ് തന്റെ ഓർമയെന്നും നടി പറഞ്ഞു. "അന്ന് ആ ബാഗുകൾ വാങ്ങുന്നതിന് പകരം കുറച്ച് സ്വർണ്ണം വാങ്ങിയിരുന്നെങ്കിൽ ഇന്ന് എത്ര നന്നായേനെ എന്ന് ഞാൻ ഇപ്പോൾ ചിന്തിക്കാറുണ്ട്," സമീര പറയുന്നു.

എന്നെ കാണാൻ ഇങ്ങനെ ഇരിക്കണം, എന്റെ കയ്യിൽ എന്തൊക്കെയുണ്ടെന്ന് മറ്റുള്ളവരെ കാണിക്കണം എന്നെല്ലാമുള്ള ഒരു ഘട്ടത്തിലൂടെയാണ് അന്ന് കടന്നുപോയതെന്നും നടി പറയുന്നു. 

അന്നത്തെ തന്നെ 'ഓൾഡ് സമീര' എന്നാണ് താരം ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ഗോവയിലേക്ക് മാറിയതുമുതലാണ് ഞാൻ ഈ ശാന്തത അനുഭവിക്കുന്ന പെൺകുട്ടിയായി മാറിയത്. ഞാൻ ഓർഗാനിക് കോട്ടൺ ഇഷ്ടപ്പെടുന്നു. ഫാഷൻ മാറ്റങ്ങളിൽ എന്റെ വേഗം കുറഞ്ഞു, വലിയ ബ്രാൻഡുകളിൽ നിന്ന് ഞാൻ അകന്നു, ഇപ്പോൾ എന്റെ ലളിത ജീവിതവും കയ്യിലുള്ളത് മാറ്റിയും മറിച്ചും ഉപയോഗിക്കുന്നതും ഞാൻ ആസ്വദിക്കുന്നു- സമീര പറഞ്ഞു.

ഓർഗാനിക് കോട്ടൺ വസ്ത്രങ്ങളാണ് ഇപ്പോൾ സമീര കൂടുതലായി ഉപയോഗിക്കാൻ താല്പര്യപ്പെടുന്നത്. കുട്ടികൾ ഉണ്ടാകുന്നതിന് മുൻപുള്ള കാലത്താണ് താൻ വിലകൂടിയ ഫാൻസി വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നതെന്നും ഇപ്പോൾ ലളിതമായ വസ്ത്രങ്ങളാണ് ഇഷ്ടപ്പെടുന്നതെന്നും അവർ വ്യക്തമാക്കുന്നു.

2012-ൽ പുറത്തിറങ്ങിയ 'തേജ്' (Tezz) എന്ന ചിത്രത്തിലാണ് സമീര അവസാനമായി വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് 2014-ൽ വ്യവസായിയായ അക്ഷയ് വർദെയെ വിവാഹം കഴിച്ച അവർക്ക് ഇപ്പോൾ ഹാൻസ്, നൈറ എന്നീ രണ്ട് മക്കളുണ്ട്.

Content Highlights: Actress Sameera Reddy reflects on her past obsession with expensive luxury bags to fit into the film industry and discusses her transition to a peaceful, minimalist life in Goa.