'ശരീരം പറയുന്നതുകേൾക്കൂ, അതിനെ സ്‌നേഹിക്കൂ'; കത്രീന കൈഫിന് പിന്തുണയുമായി സമീറ റെഡ്ഡി

പ്രസവാനന്തര ശരീരമാറ്റങ്ങളുടെ പേരിൽ പ്രമുഖ ബോളിവുഡ് താരം കത്രീന കൈഫ് സോഷ്യൽ മീഡിയയിൽ കടുത്ത അധിക്ഷേപങ്ങൾക്കും ട്രോളുകൾക്കും ഇരയായ സംഭവം ചലച്ചിത്ര ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രസവത്തിനു ശേഷമുള്ള സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളെപ്പോലും ക്രൂരമായി പരിഹസിക്കുന്ന സൈബർ വിചാരണക്കെതിരേ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ഇതിനിടെ, നടി സമീറ റെഡ്ഡി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രകൃതിഭംഗി ആസ്വദിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സമീറ ഈ വിഷയത്തിൽ പ്രതികരിച്ചത്. മറ്റുള്ളവരുടെ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ചെവികൊടുക്കാതെ സ്വന്തം ശരീരത്തെ സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ വ്യക്തമായി സംസാരിച്ചു.
ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള അനാവശ്യ സങ്കൽപ്പങ്ങളെ തള്ളിക്കളയാനും സ്വന്തം രൂപത്തെ അഭിമാനത്തോടെ സ്വീകരിക്കാനും ആഹ്വാനം ചെയ്യുന്നതാണ് സമീറ റെഡ്ഡിയുടെ വാക്കുകൾ. 'പ്രശസ്തയായ ഒരു വ്യക്തിയോ, സ്വന്തം വഴി കണ്ടെത്തുന്ന കൗമാരക്കാരിയോ, ആദ്യമായി അമ്മയായ സ്ത്രീയോ, അല്ലെങ്കിൽ വർഷങ്ങളായി മറ്റുള്ളവരുടെ വിധികൾക്കും പരിഹാസങ്ങൾക്കും ഇരയായ സ്ത്രീയോ ആയിക്കൊള്ളട്ടെ; ആരായാലും ശരി, നിങ്ങളുടെ ശരീരം നിങ്ങളുടെ വാക്കുകൾ കേൾക്കുന്നുണ്ട്. മറ്റുള്ളവർ എന്ത് പറഞ്ഞാലും, അതിന് തിരികെ നിങ്ങളുടെ സ്‌നേഹം ആവശ്യമുണ്ട്. 'കർവിയായ', മനോഹരിയായ, നിങ്ങളെത്തന്നെ സ്‌നേഹിക്കൂവെന്നും സമീറ കുറിച്ചു.
മുംബൈയിൽ അംബാനി കുടുംബം സംഘടിപ്പിച്ച ഗണപതി പൂജ ആഘോഷങ്ങളിലായിരുന്നു തന്റെ മകൻ വിഹാന് ജന്മം നൽകിയ ശേഷം കത്രീന കൈഫ് ആദ്യമായി പൊതുവേദിയിലെത്തിയത്. പ്രസവത്തെത്തുടർന്ന് തടികൂടിയെന്ന പേരിൽ ഒരുവിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ താരത്തെ അതിരൂക്ഷമായി അധിക്ഷേപിക്കുകയായിരുന്നു. എന്നാൽ, ഒരു സംരംഭക എന്ന നിലയിലും നടിയെന്ന നിലയിലും വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു സ്ത്രീയെ ഒറ്റ ചിത്രത്തിന്റെ പേരിൽ വിലയിരുത്തുന്നത് തികച്ചും നിസ്സാരവും ദയനീയവുമായ മനോഭാവമാണെന്ന് സമീറ റെഡ്ഡി തുറന്നടിച്ചു. കത്രീന തനിക്ക് ഇഷ്ടമുള്ള രൂപത്തിൽ തിരിച്ചെത്തുമെന്നും നിലവിലും താരം അതിസുന്ദരിയാണെന്നും അവർ പറഞ്ഞു.
കത്രീനയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബോളിവുഡിലെ വമ്പൻ താരനിരതന്നെ പ്രതികരണവുമായി എത്തിയിട്ടുണ്ട്. സൂപ്പർ താരം സൽമാൻ ഖാൻ ഉൾപ്പെടെയുള്ളവർ ട്രോളർമാരെ രൂക്ഷമായി വിമർശിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 'വീക്കെൻഡ് കാ വാർ' എപ്പിസോഡിലാണ് സൽമാൻ തന്റെ അമർഷം രേഖപ്പെടുത്തിയത്. ഗർഭധാരണത്തിനും പ്രസവത്തിനും ശേഷം ഏതൊരു സ്ത്രീയുടെയും ശരീരഭാരം കൂടുന്നത് സ്വാഭാവികമാണെന്നും, സിനിമകളിലേക്ക് തിരിച്ചെത്തുമ്പോൾ കത്രീന തന്റെ പൂർവ്വസ്ഥിതി കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കത്രീനയ്ക്ക് ആവശ്യമായ സമയം നൽകണമെന്നും സൽമാൻ വ്യക്തമാക്കി.
വ്യാജ അക്കൗണ്ടുകൾക്കും മുഖംമൂടികൾക്കും പിന്നിൽ ഒളിച്ചിരുന്ന് മറ്റുള്ളവരുടെ രൂപത്തെയും ശരീരഭാരത്തെയും പരിഹസിക്കുന്നവരെയും സൽമാൻ ഖാൻ ചോദ്യം ചെയ്തു. സ്വന്തം മുഖത്തിലും രൂപത്തിലും ഒട്ടും തൃപ്തിയില്ലാത്തവരാണ് മറ്റുള്ളവരെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൽമാൻ ഖാനെ കൂടാതെ, പരിനീതി ചോപ്ര തുടങ്ങിയ പ്രമുഖ താരങ്ങളും കത്രീനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രസവാനന്തര ശരീരത്തെക്കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം പരിഹാസങ്ങളുമായി ഇറങ്ങിത്തിരിക്കുന്നത് എന്നായിരുന്നു പരിനീതി ചോപ്രയുടെ പ്രതികരണം. സമീറ റെഡ്ഡിയെപ്പോലുള്ള വ്യക്തികൾ മുന്നോട്ടുവെക്കുന്ന ബോഡി പോസിറ്റിവിറ്റി നിലപാടുകൾ ഇത്തരം അധിക്ഷേപങ്ങൾ നേരിടുന്ന എല്ലാ സ്ത്രീകൾക്കും വലിയൊരു ആത്മവിശ്വാസവും പിന്തുണയുമാണ് നൽകുന്നത്.
Content Highlights: Katrina Kaif faced severe online trolling over postpartum weight gain during a public appearance., Sameera Reddy and Salman Khan strongly defended Katrina Kaif against cyberbullying., Celebrities highlighted the importance of body positivity and embracing natural physical changes after childbirth.