അരക്ഷിതാവസ്ഥയിൽ കഴിഞ്ഞ കുട്ടിക്കാലം, ആ വേദന അനുഭവിച്ച് വളർന്നയാളാണ്- സമീര റെഡ്ഡി

ബോഡിപോസിറ്റിവിറ്റിയേക്കുറിച്ച് നിരന്തരം പങ്കുവെക്കുന്നയാളാണ് നടി സമീര റെഡ്ഡി. പ്രസവാനന്തരം വണ്ണംവച്ചതിനേക്കുറിച്ചും ശരീരത്തിൽ ചുളിവുകൾ വന്നതിനേക്കുറിച്ചും മുടി നരച്ചതിനേക്കുറിച്ചുമൊക്കെ സമീര പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്തെ ചിത്രംപങ്കുവെച്ച് സമാനമായൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സമീര. ആത്മവിശ്വാസമില്ലാതിരുന്ന തന്റെ കുട്ടിക്കാലത്തേക്കുറിച്ചാണ് സമീര ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
കുട്ടിക്കാലത്ത് തനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നുവെന്ന് സമീര കുറിച്ചു. ഇരുണ്ട, തടിച്ച, അരക്ഷിതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ കുട്ടിയോട് നീ എത്ര അടിപൊളിയാവുമെന്ന് പറയാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു എന്ന് കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് സമീര കുറിച്ചു.
തനിക്ക് കുട്ടികൾ ഉണ്ടായപ്പോൾ അവരെ ദയയും അനുകമ്പയുമാണ് ആദ്യം പഠിപ്പിക്കേണ്ടതെന്ന് അറിയാമായിരുന്നു. പക്ഷേ അതിനൊപ്പം അതിരുകളേക്കുറിച്ചും അവനവനിലുള്ള വിശ്വാസത്തേക്കുറിച്ചും പഠിപ്പിക്കണമെന്ന് അറിയാമായിരുന്നു. നിർഭാഗ്യവശാൽ ഈ ലോകത്ത് അത്തരത്തിലൊരു ബാലൻസ് കടുപ്പമാണ്, അതിന്റെ വേദന അനുഭവിച്ച് വളർന്നയാളാണ് ഞാൻ- സമീര കുറിച്ചു.
ഇതൊരു ഓർമപ്പെടുത്തലാണ്, നിങ്ങൾ സ്നേഹിക്കുന്ന ചുറ്റുമുള്ളവരെ, സംരക്ഷിക്കുക, അവരെ കരുത്താർന്നവരാക്കുക, കേൾക്കുക, അതൊരു കുട്ടിയായിക്കോട്ടെ, മുതിർന്നവരായിക്കോട്ടെ. ഞാൻ ഇപ്പോഴും എന്നേക്കുറിച്ചുള്ള കാഴ്ചപ്പാട് പുതുക്കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കുട്ടിക്കാലത്ത് ഉള്ളിൽ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ മറികടക്കാൻ നാമൊക്കെ ശ്രമിക്കുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്- സമീര കുറിച്ചു.
പ്രസവശേഷം ശരീരം വണ്ണംവെച്ചതിനെച്ചൊല്ലി താൻ നേരിട്ട കമന്റുകളെക്കുറിച്ച് നേരത്തേ സമീര തുറന്നുപറഞ്ഞിരുന്നു. 2015ൽ മകൻ ഹൻസിന് ജന്മം നൽകിയതിനു പിന്നാലെയാണ് താൻ കൂടുതൽ വണ്ണംവച്ചത്. ആദ്യത്തെ പ്രസവമായതിനാൽ തന്നെ പോസ്റ്റ്പാർട്ടം ബ്ലൂസ് ഉണ്ടായിരുന്നു, ഒപ്പം നന്നായി വണ്ണവുംവച്ചു. പച്ചക്കറിവിൽപ്പനക്കാരൻ വരെ തന്റെ ശരീരത്തെക്കുറിച്ച് പറയുമായിരുന്നു എന്നാണ് സമീര പറഞ്ഞത്.
ചേച്ചിക്ക് എന്താണുപറ്റിയതെന്നും ഇതുശരിക്കും നിങ്ങൾ തന്നെയാണോ എന്നൊക്കെയുമാണ് പച്ചക്കറിവിൽപ്പനക്കാരൻ കാണുമ്പോൾ ചോദിക്കുക. കുറച്ചു മാറ്റങ്ങൾ സംഭവിച്ചല്ലോ എന്ന പറച്ചിൽ ഇന്ത്യക്കാരുടെ ശീലമാണെന്നും സമീര പറഞ്ഞിരുന്നു.
നിങ്ങളുടെ ശരീരം എപ്രകാരമാണോ അതിൽ ആർക്കും വിശദീകരണം നൽകേണ്ടതില്ലെന്നും വണ്ണത്തിലുള്ള മാറ്റങ്ങൾ ആർക്കും ഏതുഘട്ടത്തിലും വരാമെന്നും സമീര പറഞ്ഞിരുന്നു. മെലിഞ്ഞിരിക്കുന്നതിനേക്കാൾ ആരോഗ്യപ്രദമായ ശരീരമാണ് പ്രധാനം എന്ന് മനസ്സിലാക്കിയെന്നും സമീര പറഞ്ഞിട്ടുണ്ട്.
നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം കാഴ്ച്ചവെച്ച സമീര തെന്നിന്ത്യൻ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. 2014-ൽ സംരംഭകനായ അക്ഷയ് വർദിനെ കല്ല്യാണം കഴിച്ചതിനുപിന്നാലെയാണ് സമീര സിനിമയോട് വിടപറയുന്നത്. 2015-ൽ സമീരയ്ക്ക് ആദ്യത്തെ മകൻ ജനിച്ചു. 2019-ൽ മകൾ നൈരയും പിറന്നു. സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ തനിക്കു ലഭിക്കുന്ന വേദികളിലെല്ലാം ബോഡിപോസിറ്റിവിറ്റിയെക്കുറിച്ച് സംസാരിക്കാൻ സമീര എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്.
Content Highlights: Sameera Reddy advocates for body positivity and self-acceptance., Reflects on personal childhood insecurities and the importance of self-compassion.