'എന്റെ ഏറ്റവും മോശപ്പെട്ട ദിനങ്ങളില്‍ ഒന്നിനും വിട്ടുകൊടുക്കാതെ പിടിച്ചുനിര്‍ത്തിയതിന് നന്ദി'

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗത്തില്‍ നിന്ന് പതുക്കെ മോചനം നേടി വരികയാണ് തെന്നിന്ത്യന്‍ നടി സാമന്ത. കഴിഞ്ഞ മാസമാണ് തന്റെ രോഗവിവരം നടി വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രോഗാനുഭവങ്ങള്‍ സാമന്ത ആരാധകരുമായി പങ്കുവെച്ചത്.
ഇതിന് പിന്നാലെ പുതിയ ചിത്രം യശോദയുടെ പ്രൊമോഷന് താരം എത്തിയിരുന്നു. പലപ്പോഴും കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമായിരുന്നില്ലെന്നും തന്റെ ഏറ്റവും മോശമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു. കണ്ണീരോടെയാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ പ്രതിസന്ധി കാലത്ത് തന്റെ കൂടെനിന്ന പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ ജുനൈദ് ഷെയ്ഖിന് നന്ദി പറയുകയാണ് സാമന്ത. പ്രതികൂലമായ കാര്യങ്ങള്‍ മാത്രം സംഭവിച്ചിട്ടും അതിനൊന്നും തന്നെ വിട്ടുകൊടുക്കാതെ മുന്നോട്ടുകൊണ്ടുപോയത് ജുനൈദാണെന്ന് സാമന്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ജുനൈദിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രവും ഇതിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.
'കഴിഞ്ഞ ഏതാനും മാസങ്ങളായി എന്റെ എല്ലാ പ്രതിസന്ധികളിലും എന്നോടൊപ്പം നിന്ന് അതെല്ലാം കണ്ട ഒരാളാണ് താങ്കള്‍. എന്റെ ഏറ്റവും മോശപ്പെട്ട ദിനങ്ങള്‍, ഞാന്‍ ദുര്‍ബലമായിപ്പോയ നിമിഷങ്ങള്‍, കണ്ണീര് മാത്രം കൂട്ടിനുള്ള സമയം, ഹൈ ഡോസ് സ്റ്റീറോയ്ഡ് തെറാപ്പികളുടെ ദിനങ്ങള്‍, എല്ലാം...പക്ഷേ ഒരിക്കലും ഒന്നിനും താങ്കള്‍ എന്നെ വിട്ടുകൊടുത്തില്ല. ഇനിയും ഇങ്ങനെ താങ്ങായി നില്‍ക്കുമെന്ന് എനിക്ക് അറിയാം. നന്ദി...' സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.
Content Highlights: samantha ruth prabhu shares instagram post about her personal trainer