ഗർഭകാലത്തെ മോണിങ് സിക്ക്നെസ് വകവെക്കാതെ സാമന്ത ഊർജസ്വലയായി നൃത്തം ചെയ്തു- സംവിധായിക

#Lifestyle Desk
സാമന്ത, നന്ദിനി റെഡ്ഡി | Photo: PTI, instagram
സാമന്ത, നന്ദിനി റെഡ്ഡി | Photo: PTI, instagram

തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു താനൊരു കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ മാ ഇൻടി ബംഗാരത്തിന്റെ വിജയാഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സാമന്ത ഇക്കാര്യം പറഞ്ഞത്. 'താൻ പ്രസവാവധി എടുക്കാൻ പോകുന്നു' എന്നാണ് അന്ന് സാമന്ത പറഞ്ഞത്. അതിന് മുമ്പ് വിജയാഘോഷത്തിന്റെ വീഡിയോയിൽ സാമന്തയ്ക്ക് ബേബി ബംപ് ഉണ്ടെന്നും താരം ഗർഭിണിയാണെന്നും സോഷ്യൽ മീഡിയയിൽ അഭ്യൂഹമുണ്ടായിരുന്നു. ഇപ്പോഴിതാ ഗർഭിണിയായിരിക്കെ മാ ഇൻടി ബംഗാരത്തിൽ അഭിനയിച്ച സാമന്തയെ കുറിച്ച് പറയുകയാണ് സംവിധായിക നന്ദിനി റെഡ്ഡി.

ചിത്രത്തിന്റെ കുറച്ച് ഭാഗം കൂടി ഷൂട്ട് ചെയ്യാൻ ബാക്കിയുള്ളപ്പോഴാണ് സാമന്ത ഗർഭിണിയായതെന്ന് നന്ദിനി പറയുന്നു. ആ കാലയളവിൽ സാമന്ത മോണിങ് സിക്ക്‌നസിനോട് പോരാടിയാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്നും സംവിധായിക നന്ദിനി റെഡ്ഡി പറഞ്ഞു. ഐഡ്രീം മീഡിയ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ. അടുത്ത സുഹൃത്തെന്ന നിലയിൽ സാമന്ത ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ എന്തായിരുന്നു പ്രതികരണമെന്ന ചോദ്യത്തിന് മറുപടിയായാണ് നന്ദിനി ഇക്കാര്യങ്ങൾ പറഞ്ഞത്.

'തസാദിയാ എന്ന ഗാനം ചിത്രീകരിക്കുന്നതിനിടെയാണ് സാമന്ത ഗർഭിണിയാണെന്ന് സത്യത്തിൽ ഞാൻ അറിയുന്നത്. അതറിഞ്ഞപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. ഷൂട്ടിങ്ങിന്റെ അവസാന ഘട്ടമായിരുന്നു അത്. എന്നോട് അവർ ആദ്യം പറഞ്ഞത് രാവിലെ അവൾക്ക് സുഖമില്ലായിരുന്നു എന്നാണ്. അവൾക്ക് പനിയാകുമെന്നാണ് ഞങ്ങളെല്ലാവരും കരുതിയത്.' -നന്ദിനി റെഡ്ഡി പറഞ്ഞു.

'അടുത്ത ദിവസം ഞാൻ അവളോട് ചോദിച്ചു, പനി കുറവുണ്ടോ എന്ന്. ആദ്യം അവളൊന്നും പറഞ്ഞില്ല. ഒരുനിമിഷത്തിന് ശേഷം അവൾ എന്നോട് പറഞ്ഞു, താൻ ഗർഭിണിയാണെന്നും മോണിങ് സിക്ക്‌നെസ് ഉണ്ടെന്നും. ഗർഭത്തിന്റെ ആദ്യകാലമായിരുന്നു അത്. ആ നിമിഷം മുതൽ ഷൂട്ടിങ്ങിന്റെ ബാക്കി സമയം ഞങ്ങൾ അവളെ വളരെയധികം ശ്രദ്ധിച്ചു. ഭാഗ്യത്തിന് ആക്ഷൻ രംഗങ്ങളെല്ലാം നേരത്തേ ചിത്രീകരിച്ചിരുന്നു. ഗർഭിണിയായിരുന്ന സാമന്ത ഊർജസ്വലയായാണ് ആ ഗാനരംഗത്തിൽ അഭിനയിച്ചത്.' -നന്ദിനി തുടർന്നു.

Content Highlights: Director Nandini Reddy shared how actress Samantha Ruth Prabhu completed an energetic dance shoot for 'Maa Inti Bangaram' while dealing with early pregnancy morning sickness. The team took extra care of her during the final schedules.