മുംബൈയിൽ പുതിയ വീട് നിർമിക്കാൻ സൽമാൻ ഖാൻ; കടലിനഭിമുഖമായി ആറുനില വീടൊരുങ്ങുക ബാന്ദ്രയിൽ

ബോളിവുഡ് താരം സൽമാൻ ഖാൻ മുംബൈയിൽ പുതിയ വീട് നിർമിക്കുന്നു. ബാന്ദ്രയിലെ ചിംബൈയിലാണ് ഖാൻ തന്റെ പുതിയ സൗധം നിർമിക്കുന്നത്. ഇതിനുള്ള അനുമതി അദ്ദേഹത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്. പതിറ്റാണ്ടുകളായി അദ്ദേഹം താമസിക്കുന്ന ഗ്യാലക്‌സി അപ്പാർട്ട്‌മെന്റിന് സമീപം തന്നെയാണ് പുതിയ വീട്. പുതിയ വീടിന്റെ നിർമാണം പൂർത്തിയായാൽ, 1974 മുതൽ സൽമാൻ ഖാൻ താമസിക്കുന്ന ഗ്യാലക്‌സി അപ്പാർട്ട്‌മെന്റ് ഉപേക്ഷിക്കുമോ എന്ന കാര്യം വ്യക്തമല്ല.
ജൂൺ 16-നാണ് ആറുനില വീട് നിർമിക്കാനുള്ള സൽമാൻ ഖാന്റെ ആവശ്യത്തിന് മഹാരാഷ്ട്രാ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി പച്ചക്കൊടി കാണിച്ചത്. വീട് നിർമിക്കാൻ തീരുമാനിച്ച സ്ഥലം സൽമാന്റെ അമ്മ സൽമാ ഖാന്റെ പേരിലുള്ളതാണെന്ന് മഹാരാഷ്ട്രാ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി വൃത്തങ്ങൾ പറയുന്നു. 2011-ലാണ് ഖാൻ കുടുംബം ഈ സ്ഥലം വാങ്ങുന്നത്. ഇവിടെ നേരത്തേ ഇരുനില വീടാണ് ഉണ്ടായിരുന്നത്. 1956-ന് മുമ്പ് നിർമിച്ച ഈ വീട് അപകടവാസ്ഥയിലായതിനെ തുടർന്ന് പൊളിച്ചുമാറ്റിയിരുന്നു.
സൽമാൻ ഖാന്റെ പുതിയ വീട്
സ്റ്റിൽറ്റ് പാർക്കിങ് സൗകര്യമുള്ള ഗ്രൗണ്ട് ഫ്‌ളോറിന് പുറമെയാണ് വീടിന് ആറുനിലകളുള്ളത്. 1014 ചതുരശ്ര മീറ്ററാണ് വീടിന്റെ ആകെ വിസ്തീർണം. ആഡംബര അപ്പാർട്ടുകൾ നിർമിക്കുന്ന സച്ച് ഡെവലപ്പേഴ്‌സാണ് സൽമാനുവേണ്ടി ഈ വീട് നിർമിക്കുന്നത്. വീടിന് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ പ്രാഥമികാനുമതി കഴിഞ്ഞവർഷം ഒക്ടോബറിൽ ലഭിച്ചിരുന്നു. ഇപ്പോൾ മഹാരാഷ്ട്രാ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതി കൂടി ലഭിച്ചതോടെ ഉടൻ വീടിന്റെ നിർമാണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
ഗ്യലക്‌സി അപ്പാർട്ട്‌മെന്റും സൽമാൻ ഖാനും
സൽമാൻ ഖാന് വളരെയധികം ആത്മബന്ധമുള്ള ഇടമാണ് താരത്തിന്റെ നിലവിലെ വസതിയായ ഗ്യാലക്‌സി അപ്പാർട്ട്‌മെന്റ്. തന്റെ ജന്മദിനത്തിലും ഉത്സവവേളകളിലുമെല്ലാം ഇവിടെനിന്നാണ് സൽമാൻ ആരാധകരെ അഭിവാദ്യം ചെയ്യാറുള്ളത്. പുതിയ വീടിന്റെ നിർമാണം പൂർത്തിയാകുമ്പോൾ സൽമാൻ ഖാൻ ഗ്യാലക്‌സിയുമായുള്ള പതിറ്റാണ്ടുകളുടെ ബന്ധം അവസാനിപ്പിക്കുമെന്ന അഭ്യൂഹം ഇതിനകം പ്രചരിക്കുന്നുണ്ട്.
സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിക്കാൻ കാരണമായ വെടിവെപ്പ് നടന്നത് ഗ്യാലക്‌സി അപ്പാർട്ട്‌മെന്റിന്റെ പുറത്തായിരുന്നു. ലോറൻസ് ബിഷ്‌ണോയ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വൈ പ്ലസ് വിഭാഗത്തിൽ പെട്ട സുരക്ഷയാണ് സൽമാൻ ഖാനുള്ളത്. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗ്യാലക്‌സി അപ്പാർട്ട്‌മെന്റിനേക്കാൾ താരതമ്യേനെ സുരക്ഷിതവും സ്വകാര്യവുമായ ഇടമാകും പുതിയ വീട്.
Content Highlights: Bollywood superstar Salman Khan has received official permission from the Maharashtra Coastal Zone Management Authority (MCZMA) to build a new six-story sea-facing luxury mansion at Chimbai, Bandra. The property is registered under his mother Salma Khan's name.