'അന്ന് എന്റെ മുന്നില്‍വെച്ച് സല്മാന് ഖാനെ അച്ഛന് ചീത്ത പറഞ്ഞു, ഒന്നിനും കൊള്ളാത്തവെന്ന് വിളിച്ചു'-സ്മൃതി ഇറാനി

മുന്‍ കേന്ദ്ര മന്ത്രിയും നടിയുമായ സ്മൃതി ഇറാനി മുംബൈയില്‍ നിന്നുള്ള വ്യവസായിയായ സുബിന് ഇറാനിയെയാണ് വിവാഹം ചെയ്തത്. 2001-ലായിരുന്നു ഇരുവരുടേയും വിവാഹം. ബോളിവുഡ് താരങ്ങളുമായി സുബിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ സുബിന്റെ സഹപാഠിയായിരുന്നു സല്മാന്. അക്കാലത്ത് സല്‍മാന്റെ പിതാവ് സലീം ഖാനുമായി ബന്ധപ്പെട്ട ഒരു അനുഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ സ്മൃതി പങ്കുവെച്ചു.
തന്റെ ബോളിവുഡ് അരങ്ങേറ്റം എളുപ്പമാക്കിയതെന്ന് സുബിനാണെന്ന് സ്മൃതി പറയുന്നു. 'സെന്റ് സേവ്യേഴ്സില്‍ സല്‍മാനും എന്റെ ഭര്‍ത്താവും സഹപാഠികളായിരുന്നു. ഒരിക്കല്‍ സുബിന് എന്നെ സല്മാന് പരിചയപ്പെടുത്താന്‍ കൊണ്ടുപോയി. അന്ന് സലീം ഖാനും അവിടെ ഉണ്ടായിരുന്നു. 'നിങ്ങളുടെ ഭര്‍ത്താവും എന്റെ മകനും കൂടി എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് അറിയുമോ?, അവര്‍ എന്റെ കാര്‍ മോഷ്ടിച്ച് ഓടിക്കുകയാണ്. രണ്ടുപേരും ഒന്നിനുകൊള്ളാത്തവരാണ്.' എന്ന് സലീം ഖാന് എന്നോട് പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടാതെ അവിടെ നിന്നു. സല്‍മാനും എന്റെ ഭര്‍ത്താവും തല താഴ്ത്തി നില്‍ക്കുകയായിരുന്നു.' -സ്മൃതി പറയുന്നു.
ഭര്‍ത്താവ് മുഖേന ഷാരൂഖ് ഖാനെ കണ്ടുമുട്ടിയ കാര്യവും അവര്‍ ഓര്‍ത്തെടുത്തു. 'എന്റെ ഭര്‍ത്താവ് വഴിയാണ് ഞാന്‍ ഷാരൂഖിനെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന് ഷാരൂഖിനെ അറിയാമായിരുന്നു. പലതവണ ശല്ല്യപ്പെടുത്തിയശേഷമാണ് സുബിന് ഷാരൂഖുമായുള്ള കൂടിക്കാഴ്ച്ചക്ക് അവസരമൊരുക്കിയത്. അന്ന് ഷാരൂഖ് എന്നോട് ആദ്യമായി പറഞ്ഞത് വിവാഹം കഴിക്കരുതെന്നായിരുന്നു. 'ചേട്ടാ, ഒരുപാട് വൈകിപ്പോയി' എന്ന അവസ്ഥയിലായിരുന്നു ഞാന്‍ അപ്പോഴുണ്ടായിരുന്നത്.
ഷാരൂഖ് ഖാന്, ജൂഹി ചൗള, ആദിത്യ പഞ്ചോളി എന്നിവര്‍ അഭിനയിച്ച ഒരു സിനിമയിലായിരുന്നു സെറ്റില്‍ പ്രവര്‍ത്തിച്ച തന്റെ ആദ്യത്തെ അനുഭവമെന്നും അവര്‍ വെളിപ്പെടുത്തി. സെറ്റിലെ അനുഭവം ഓര്‍ത്തെടുത്ത് അവര്‍ പറഞ്ഞു, 'അസീസ് മിര്‍സ സംവിധാനം ചെയ്ത ഷാരൂഖും ജൂഹി ചൗളയും അഭിനയിച്ച ഒരു സിനിമയുണ്ടായിരുന്നു. അതായിരുന്നു എന്റെ ആദ്യത്തെ ഷോട്ട്. ഞാനൊരു നിഴല്‍രൂപം മാത്രമായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്. 'രാജാ കോ റാണി സേ പ്യാര് ഹോഗയാ' എന്ന ഗാനമുള്ള 'അകേലെ ഹം അകേലെ തും' എന്ന സിനിമയില്‍ മനീഷ കൊയ്രാള ധരിച്ചിരുന്ന കറുത്ത വസ്ത്രമാണ് ഞാന്‍ അണിഞ്ഞിരുന്നത്. ആ വസ്ത്രം ധരിച്ച് അവിടെ നിന്നാല്‍ മതിയെന്ന് അവര്‍ എന്നോട് പറഞ്ഞു.' സ്മൃതി അഭിമുഖത്തില്‍ പറയുന്നു.
Content Highlights: salim khan scolded salman khan in front of smriti irani for stealing his car