'നിന്റെ അച്ഛനെപ്പോലെ എന്ന് പറഞ്ഞ് അയാൾ ചേർത്തുപിടിച്ചു, അത് അങ്ങനെയല്ലെന്ന് എനിക്കറിയാമായിരുന്നു'

കുട്ടിക്കാലത്ത് അധ്യാപകനിൽനിന്ന് നേരിട്ട ലൈംഗികചൂഷണങ്ങളെക്കുറിച്ചും റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൽ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞ് ഒളിമ്പ്യന്‍ സാക്ഷി മാലിക്കിന്റെ ഓർമക്കുറിപ്പ്. ചെറുപ്പത്തിൽ തന്നെ ഒരു ട്യൂഷൻ ടീച്ചർ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും എന്നാൽ താൻ മൗനം പാലിച്ചുവെന്നും സാക്ഷി മാലിക് ഓർമക്കുറിപ്പായ 'വിറ്റ്‌നസ്' എന്ന പുസ്തകത്തിൽ പറയുന്നു. മത്സരശേഷം ബ്രിജ് ഭൂഷൺ ശരൺ സിങ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനേക്കുറിച്ചും പുസ്തകത്തിൽ റിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ സാക്ഷി തുറന്നുപറയുന്നുണ്ട്.
'കുട്ടിക്കാലത്ത് എനിക് അക്കാര്യങ്ങൾ കുടുംബത്തോട് പറയാൻ സാധിക്കുമായിരുന്നില്ല. അത് എന്റെ തെറ്റായാണ് ഞാൻ കരുതിയത്. എൻ്റെ സ്കൂൾ കാലത്തെ ട്യൂഷൻ ടീച്ചർ എന്നെ ശല്യപ്പെടുത്താറുണ്ടായിരുന്നു. പലപ്പോഴും ക്ലാസുകൾക്കായി അയാളുടെ സ്ഥലത്തേക്ക് വിളിപ്പിക്കും. ചിലപ്പോൾ എന്നെ തൊടാൻ ശ്രമിക്കുകയും ചെയ്യും. അതോടെ ട്യൂഷൻ ക്ലാസുകൾക്ക് പോകാൻ ഭയമായിരുന്നു. പക്ഷേ എനിക്ക് ഒരിക്കലും അമ്മയോട് പറയാൻ കഴിഞ്ഞില്ല'.- അവർ ഓർമക്കുറിപ്പിൽ പറഞ്ഞു.
ബ്രിജ് ഭൂഷൺ ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ 19 വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്ന് സാക്ഷി പുസ്തകത്തിൽ പറയുന്നു. 2012-ൽ കസാഖസ്താനിലെ അൽമാട്ടിയിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സാക്ഷി സ്വർണം നേടിയതിന് ശേഷമായിരുന്നു ഇത്. മാതാപിതാക്കളോട് സംസാരിക്കാനെന്നവ്യാജേനയാണ് ബ്രിജ് ഭൂഷൻ്റെ മുറിയിലേക്ക് കൊണ്ടുപോയതെന്നും സാക്ഷി പുസ്തകത്തിൽ ആരോപിക്കുന്നു.
“ബ്രിജ് ഭൂഷൺ എൻ്റെ മാതാപിതാക്കളെ ഫോണിൽ വിളിച്ചു. അപ്പോൾ അതിൽ പ്രശ്നം തോന്നിയില്ല.എൻ്റെ മത്സരത്തെക്കുറിച്ചും മെഡലിനെക്കുറിച്ചും അവരോട് സംസാരിക്കുമ്പോൾ അനിഷ്ടകരമായ ഒന്നും സംഭവിച്ചേക്കില്ല എന്നാണ് ചിന്തിച്ചത്. എന്നാൽ ഞാൻ കോൾ അവസാനിപ്പിച്ചതിന് പിന്നാലെ, കട്ടിലിൽ ഇരിക്കുമ്പോൾ അയാൾ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഞാൻ അവനെ തള്ളിമാറ്റി കരയാൻ തുടങ്ങി,” പുസ്തകത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അതോടെ ബ്രിജ് ഭൂഷൺ പിന്തിരിഞ്ഞുവെന്നും സാക്ഷി പറയുന്നു. 'അയാളുടെ ആഗ്രഹത്തിന് എന്നെ ലഭിക്കില്ലെന്ന് അയാൾ മനസ്സിലാക്കിയതായി ഞാൻ കരുതുന്നു. ഞാൻ നിന്റെ അച്ഛനെപ്പോലെയാണ് എന്ന് പറഞ്ഞുകൊണ്ട് തോളത്തുകൂടി കൈയിട്ട് അദ്ദേഹം ചേർത്തുപിടിച്ചു. പക്ഷെ അത് അങ്ങനെയല്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ കരഞ്ഞുകൊണ്ട് അയാളുടെ മുറിയിൽ നിന്ന് എൻ്റെ മുറിയിലേക്ക് ഓടി.'- സാക്ഷി പുസ്തകത്തിൽ എഴുതി.
Content Highlights: Sakshi Malik reveals sexual harassment ordeal in memoir