മകനോടൊപ്പം ആദ്യത്തെ ഗണേശ ചതുര്‍ത്ഥി; ചിത്രങ്ങള്‍ പങ്കുവെച്ച് സഹീറും സാഗരികയും

ജീവിതത്തിലെ ഒരു സന്തോഷ ഘട്ടത്തിലൂടെ കടന്നുപോകുകയാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും നടി സാഗരിക ഘാട്‌കേയും. ഈ വര്‍ഷം ഏപ്രിലിലാണ് ഇരുവരും ജീവിതത്തില്‍ ആദ്യത്തെ കണ്‍മണിയെ വരവേറ്റത്. ഇപ്പോഴിതാ മകന്‍ ഫതേഹ്‌സിന്‍ഹ് ഖാനോടൊപ്പം ആദ്യത്തെ ഗണേശ ചതുര്‍ത്ഥി ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സഹീറും സാഗരികയും ആദ്യമായി കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുകയും ചെയ്തു.
വെള്ള ജുബ്ബയും പാന്റ്‌സും ധരിച്ച മകനെ ചിത്രങ്ങളില്‍ കാണാം. ചാരനിറത്തിലുള്ള ജുബ്ബയാണ് സഹീറിന്റേ വേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ടാണ് സാഗരികയുടെ ഔട്ട്ഫിറ്റ്. സാഗരിക കുഞ്ഞിനെ എടുത്തുനില്‍ക്കുന്നതും പൂജാ മുറിയില്‍ പ്രാര്‍ഥിക്കുന്നതും ചിത്രങ്ങളില്‍ കാണാം. 'എല്ലാവര്ക്കും സന്തോഷം നിറഞ്ഞ ഗണേശ ചതുര്‍ത്ഥി' എന്ന ക്യാപ്ഷനോടെയാണ് സാഗരിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
2017 നവംബര്‍ 23-നായിരുന്നു സഹീറിന്റേയും സാഗരികയുടേയും വിവാഹം. ഒരുമിച്ചുള്ള ജീവിതം തുടങ്ങി ഏഴ് വര്‍ഷത്തിനുശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. ഒരു പൊതുസുഹൃത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സഹീര്‍ ആദ്യമായി സാഗരികയെ കാണുന്നത്. പിന്നീട് യുവരാജ് സിങ്ങിന്റെ വിവാഹത്തില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഇതോടെയാണ് സഹീറും സാഗരികയും തമ്മിലുള്ള പ്രണയം ആരാധകര്‍ അറിഞ്ഞത്.
Content Highlights: sagarika ghatge and zaheer khan intorduce 4 month old son fatehsinh to fans on ganesh chaturthi