ഓൺലൈനിലൂടെ പ്രണയം, ഇന്ത്യയിലെത്തി വിവാഹം, ഇപ്പോൾ പെരുവഴിയിൽ; വഞ്ചനയുടെ കഥ പറഞ്ഞ് റഷ്യൻ യുവതി

ഒള്‍ക | Photo: instagram/ olka
ഒള്‍ക | Photo: instagram/ olka

വിദേശികൾ ഇന്ത്യക്കാരെ വിവാഹം ചെയ്യുന്നത് ഇപ്പോൾ സാധാരണ കാര്യമാണ്. ഇത്തരത്തിൽ ധാരാളം വിവാഹങ്ങൾ അടുത്തിടെ നടന്നിട്ടുണ്ട്. ചില വിദേശ വനിതകൾ ഇന്ത്യയിൽ വിവാഹജീവിതം തുടങ്ങുമ്പോൾ മറ്റു ചിലർ പങ്കാളിക്കൊപ്പം വിദേശത്ത് പോകാറുമുണ്ട്. എന്നാൽ ഇന്ത്യക്കാരനായ ഭർത്താവ് തന്നെ വഞ്ചിച്ചതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഒരു റഷ്യൻ യുവതി.

‘ഒൾക’ എന്ന യുവതിയാണ് തന്റെ ദുരവസ്ഥ പങ്കുവെച്ചത്. പ്രണയവും സാമ്പത്തിക സുരക്ഷയും നഷ്ടപ്പെട്ടുവെന്നും ഇപ്പോൾ റഷ്യയിലേക്ക് തിരിച്ചുപോകാൻ പറ്റാത്ത അവസ്ഥയാണെന്നും യുവതി പറയുന്നു. തന്നെ പ്രണയിച്ച് വിവാഹം ചെയ്തശേഷം ഇന്ത്യയിലേക്ക് വരികയും ഒടുവിൽ ഭർത്താവ് ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നെന്ന് ഒൾക പറയുന്നു. നിയമക്കുരുക്കുകളുള്ളതിനാൽ റഷ്യയിലേക്ക് മടങ്ങാനാവുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.

'സോഷ്യൽ മീഡിയ വഴിയാണ് ഇന്ത്യക്കാരനായ യുവാവിനെ പരിചയപ്പെട്ടത്. ആദ്യ കൂടിക്കാഴ്ച്ചയ്ക്കായി ഇന്ത്യയിലേക്ക് വന്നു. ആ സമയത്ത് പരിചയം പ്രണയമായി വളർന്നിരുന്നു. തന്റെ കുടുംബത്തിലുള്ളവർ വളരെ യാഥാസ്ഥിതികരാണെന്ന് അയാൾ എപ്പോഴും പറയും. പിന്നീട് അയാളുടെ കുടുംബത്തോട് പൊരുത്തപ്പെട്ടു. വർഷങ്ങളോളം ഡേറ്റിങ് ചെയ്തു. അഞ്ച് വർഷത്തിനുശേഷം മധ്യപ്രദേശിലെ ഓർച്ച എന്ന സ്ഥലത്തുവെച്ച് ഞങ്ങൾ വിവാഹിതരായി.

എന്നാൽ അതിനുശേഷം അയാളുടെ സ്വഭാവം മാറി. സ്വയം ഉപദ്രവിക്കുന്ന സ്വഭാവം അയാൾക്കുണ്ടെന്നും സാമ്പത്തികമായി ഒരുപാട് ബാധ്യതകളുള്ള കാര്യം മറച്ചുവെച്ചാണ് വിവാഹം ചെയ്തതെന്നും ഞാൻ മനസിലാക്കി. അയാൾക്ക് ഒട്ടും സ്ഥിരതയുണ്ടായിരുന്നില്ല. പ്രവചനാതീതമായ സ്വഭാവമായിരുന്നു. അയാൾ എന്നോട് അകലം കാണിക്കാൻ തുടങ്ങി. 2024-ൽ ഭോപ്പാലിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അയാൾ പോയി. പിന്നീട് തിരിച്ചുവന്നില്ല. ഞാൻ ഫോൺ വിളിച്ചിട്ടും എടുത്തില്ല.

അയാളെ കാണാനില്ല എന്ന് പറഞ്ഞ് ഞാൻ പോലീസിൽ പരാതി നൽകി. വളരെ പരിഭ്രാന്തിയോടെയാണ് ആറ് മാസം ഞാൻ ജീവിച്ചത്. ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്ന അയാൾ അപ്പോഴേക്കും മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കാൻ തുടങ്ങിയിരുന്നു. ഇത് അറിഞ്ഞപ്പോൾ ഞാൻ തളർന്നുപോയി. സത്യങ്ങൾ ഞാൻ മനസിലാക്കിയതോടെ അയാൾ എന്നെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി.

ജോലി ചെയ്യുന്ന സ്ഥലത്തും അയാൾ ഉപദ്രവിച്ചു. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് വിളിച്ച് എനിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പറഞ്ഞു. അതോടെ എനിക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാകുകയും ചെയ്തു. എന്റെ കുടുംബത്തിൽനിന്നും അകന്നാണ് ഇപ്പോൾ ഞാൻ ജീവിക്കുന്നത്. നിയമപരമായ സങ്കീർണതകൾ കാരണം അങ്ങോട്ട് പോകാനാകുന്നില്ല. നിയമപരവും വൈകാരികവുമായ അസ്ഥിരത ഇന്ത്യയിലിരുന്ന് കൊണ്ട് എങ്ങനെ മറികടക്കുമെന്ന് അറിയില്ല. റഷ്യയിലേക്ക് മടങ്ങിപ്പോകാൻ കഴിയുന്ന ദിവസമെത്തുമെന്ന പ്രതീക്ഷയിലാണ് ഞാൻ ജീവിക്കുന്നത്.'-ദേശീയ മാധ്യമത്തോട് യുവതി പ്രതികരിച്ചു.

Content Highlights: russian women talks about marriage fraud