മാനേജര്‍ പോവുന്നത് വരെ ആരും വീട്ടില്‍ പോവില്ല ! ഇന്ത്യൻ ഓഫീസിലെ 'അസാധാരണ കാഴ്ചകള്‍' ചൂണ്ടിക്കാട്ടി റഷ്യന്‍ യുവതി

Yulia | Photo: www.instagram.com/yulia_bangalore
Yulia | Photo: www.instagram.com/yulia_bangalore

ഓരോ നാട്ടിലേയും തൊഴില്‍ സംസ്‌കാരം വ്യത്യസ്തമാണ്. ഇന്ത്യയിലേത് പോലെയാവില്ല മറ്റ് നാടുകളില്‍. ആ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് യൂലിയ അസ്ലമോവ റഷ്യന്‍ വനിത. കഴിഞ്ഞ 12 വര്‍ഷക്കാലമായി ഇന്ത്യയില്‍ ജോലിചെയ്യുന്ന യൂലിയയാണ് ഇന്ത്യയില്‍ സാധാരണവും മറ്റിടങ്ങളില്‍ അസാധാരണവുമായ കാര്യങ്ങള്‍ എന്തെല്ലാമെന്ന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെക്കുന്നത്. സഹപ്രവര്‍ത്തകില്‍ നിന്നുള്ള അനുകമ്പയും കരുതലും ഉള്‍പ്പെടെയുള്ള നല്ലവശങ്ങളും ഇന്ത്യന്‍ കമ്പനികളിലും നിലനില്‍ക്കുന്ന മോശം തൊഴില്‍ സംസ്‌കാരവും യൂലിയ ചൂണ്ടിക്കാണിക്കുന്നു.

സഹപ്രവര്‍ത്തകര്‍ തന്നെ നിരീക്ഷിക്കുന്നു, മേധാവി പോവുന്നത് വരെ ഓഫീസില്‍ നിന്ന് പോവാതിരിക്കുന്നു, ജോലി സ്ഥലത്തേക്ക് ദീര്‍ഘസമയം യാത്ര ചെയ്യേണ്ടിവരുന്നു, രാത്രി 11 മണിക്ക് പോലും ജോലിസംബന്ധമായ ഫോണ്‍വിളികളും ഇമെയില്‍ സന്ദേശങ്ങളും വരുന്നു ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അവര്‍ പറയുന്നുണ്ട്.

12 വര്‍ഷം മുമ്പ്  ഇന്ത്യയില്‍ തന്റെ കരിയര്‍ ആരംഭിക്കുമ്പോള്‍ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന് യൂലിയ പറയുന്നു. അവരുടെ പോസ്റ്റ് ഇങ്ങനെ-

  • ഞാന്‍ പ്രഭാതഭക്ഷണം, ചായ/കാപ്പി, ഉച്ചഭക്ഷണം എന്നിവ കഴിച്ചോ എന്ന് അവര്‍ ശ്രദ്ധയോടെ ചോദിക്കുമായിരുന്നു (ഇപ്പോഴും എനിക്ക് സന്ദേശങ്ങള്‍ വരാറുണ്ട്). അത് വളരെ മധുരവും ഊഷ്മളവുമായ ഒരു അനുഭവമായിരുന്നു.
  • തങ്ങളുടെ തൊട്ടുമുകളിലുള്ള മാനേജര്‍ വീട്ടില്‍ പോകുന്നതുവരെ ഓഫീസില്‍ നിന്ന് പോകാതിരിക്കാന്‍ ശ്രമിച്ചിരുന്നു.
  • രാത്രി 11 മണിയോടെ കോളുകള്‍ വരുന്നതും അല്ലെങ്കില്‍ അര്‍ധരാത്രിയില്‍ ഇമെയിലുകള്‍ ലഭിക്കുന്നതും തികച്ചും സാധാരണമാണ്.
  • ഓഫീസിലെത്താന്‍ 2 മണിക്കൂര്‍ യാത്ര ചെയ്യുക ( ഇത് സാധാരണമായി മാറുന്നതിന് മുമ്പ് തന്നെ ഞാന്‍ Remote Work ചെയ്യാന്‍ തുടങ്ങി.
  • മറുപടികളില്‍ നേരിട്ട് 'ഇല്ല' എന്ന് പറയുന്നത് ഒഴിവാക്കി.
  • ഓഫീസില്‍ പൂജകള്‍ നടത്തുകയും ഉത്സവങ്ങള്‍ വലിയ രീതിയില്‍ ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യുക. നമ്മള്‍ കൂടുതല്‍ സമയവും സഹപ്രവര്‍ത്തകരോടൊപ്പം ചെലവഴിക്കുന്നതിനാല്‍ അതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.
  • മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ടീമംഗങ്ങളുമായി മത്സരിക്കുക. രാജ്യത്തെ ഉയര്‍ന്ന മത്സര സ്വഭാവമുള്ള സാഹചര്യങ്ങളില്‍ നിന്നാണ്‌ ഇതുണ്ടാവുന്നതെന്ന് എനിക്ക് തോന്നുന്നു. ഓഫീസുകളിലെ രാഷ്ട്രീയം നിര്‍ഭാഗ്യവശാല്‍ വളരെ വ്യത്യസ്തമായ ഒരു തലത്തിലാണ്.
  • നല്ല ജീവിതത്തിനായി ജോലി ചെയ്യുന്നതിന് പകരം, ജോലിക്കായി ജീവിക്കുകയാണ്. പലരും തങ്ങളുടെ  മുഴുവന്‍ കുടുംബത്തിന്റെയും (അമ്മയുടെയും അച്ഛന്റെയും മാത്രമല്ല, മറ്റ് ബന്ധുക്കളുടെയും) ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു. ഇത് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു.
  • കരിയറിന്റെ തുടക്കം മുതല്‍ തന്നെ സമ്പാദ്യം ആസൂത്രണം ചെയ്യുക. ഭാവിക്കായി ലാഭിക്കുകയും നിക്ഷേപിക്കുകയും ചെയ്യുക. ഏകദേശം ആദ്യ ശമ്പളം മുതല്‍ തന്നെ. ചെറുപ്പത്തില്‍ തന്നെ സാമ്പത്തികമായി ഇത്രയധികം വിദ്യാഭ്യാസം നേടുന്നതും ആസൂത്രണം ചെയ്യുന്നതും എന്നെ അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു.
  • വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചതുവഴി ഞങ്ങളുടെ ടീം അംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളുമായി മാറി. ഇന്ത്യയിലെ എന്റെ 12 വര്‍ഷത്തെ യാത്രയില്‍ എനിക്ക് ഒരു പുതിയ കുടുംബത്തെ ലഭിച്ചു. എന്റെ ജോലിയാണ് അതിനെല്ലാം കാരണം.
  • ഇന്ത്യയിലെ ആളുകള്‍ വളരെ കഠിനാധ്വാനികളാണ് തൊഴില്‍ രംഗം ഉയര്‍ന്ന മത്സര സ്വഭാവമുള്ളതും ജോലി രീതി പലപ്പോഴും വലിയ സമ്മര്‍ദ്ദം നിറഞ്ഞതുമാണ്.

“കല്‍ക്കരി വജ്രമായി മാറാന്‍ അത് കത്തേണ്ടതുണ്ട്, എന്നാല്‍ കത്തിത്തീരരുത്. കഠിനാധ്വാനം ചെയ്യുക, കൂടുതല്‍ വിശ്രമിക്കുക.” യൂലിയ കൂട്ടിച്ചേർത്തു.