റോൾസ് റോയ്‌സ് വാടകയ്ക്ക് എടുത്ത് ചായ വിൽപന, ലാഭത്തേക്കാൾ ആളുകളുടെ സന്തോഷമാണ് വലുതെന്ന് യുവാവ്‌

വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ deluxebhaiyaji
വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ deluxebhaiyaji

വ്യത്യസ്തമായ കാര്യങ്ങൾ ചെയ്ത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നവർ ധാരാളമുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്ത് പണം സമ്പാദിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറാണ് 'ഡീലക്‌സ് ഭയ്യാജി'. കശ്മീരിലെ മഞ്ഞ് ഡൽഹിയിലെത്തിച്ച് വിൽക്കുക, കല്ലിൽ ക്ലോക്ക് ഘടിപ്പിച്ച് വിൽക്കുക തുടങ്ങിയവയൊക്കെ പരീക്ഷിച്ച വ്യക്തിയാണ് ഈ ഇൻഫ്‌ളുവൻസർ.

ഇത്തവണ റോൾസ് റോയ്‌സ് വാടകയ്ക്ക് എടുത്ത് അതിൽ ചായ വിൽപന നടത്തി അതിന്റെ വീഡിയോയാണ് 'ഡീലക് ഭയ്യാജി' ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒരു ലക്ഷം രൂപയ്ക്കാണ് ഈ കാർ വാടകയ്ക്ക് എടുത്തത്. 'റോയൽ ചായ' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വഴിയാത്രക്കാർക്ക് ഇത് വിറ്റത്. കാറിലേക്ക് കയറാൻ ചുവന്ന പരവതാനി വിരിക്കുകയും ഒരു ബോർഡ് ചെയ്ത് കാറിന് അരികിൽ വെക്കുകയും ചെയ്തു.

ചായയ്‌ക്കൊപ്പം കുക്കീസും ബിസ്‌ക്കറ്റും തയ്യാറാക്കി. ഒരിക്കൽപോലും റോൾസ് റോയ്‌സ് വാങ്ങാൻ കഴിയാത്തവരാണ് ഈ അവസരം ഉപയോഗിച്ചത്. ഒട്ടേറെപ്പേർ കാറിനുള്ളിൽ കയറി ചായ കുടിക്കുകയും ചെയ്തു. 'ഒരു റോൾസ് റോയ്‌സിൽ ചായ വിറ്റ് എത്ര പണം സമ്പാദിക്കാമെന്ന് നോക്കാം' എന്ന ക്യാപ്ഷനോടെയാണ് ഇൻഫ്‌ളുവൻസർ വീഡിയോ പങ്കുവെച്ചത്.

ഇതിന് ആകെ ചെലവ് വന്നത് 108000 രൂപയാണ്. വരവ് 88400 രൂപയും. വിൽപന നഷ്ടമായെങ്കിലും തനിക്ക് ആളുകളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞുവെന്ന് 'ഡീലക്‌സ് ഭയ്യാജി' വീഡിയോയിൽ പറയുന്നു. ഒന്നരക്കോടി ആളുകളാണ് ഈ വീഡിയോ കണ്ടത്. 10 ലക്ഷത്തോളം പേർ ലൈക്കും ചെയ്തു. ഇതിന് താഴെ ഇൻഫ്‌ളുവൻസറെ അഭിനന്ദിച്ച് പലരും കമന്റും ചെയ്തു. 'മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുന്നതാണ് ഏറ്റവും നല്ല കാര്യം' എന്നായിരുന്നു ഒരാൾ കുറിച്ചത്. ബെംഗളൂരുവിൽ ആഡംബരം ഇഷ്ടപ്പെടുന്നവരാണ് ഏറെയുള്ളതെന്നും അവിടെ ഈ ബിസിനസ് ചെയ്താൽ ലാഭകരമാകുമെന്നും ചിലർ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by deluxe (@deluxebhaiyaji)

Content Highlights: A unique business experiment involving a luxury vehicle as a tea stall., Total investment of Rs 1,08,000 against earnings of Rs 88,400.