'കുഞ്ഞ് പുറത്തുവരുന്നതിന് മുമ്പെ ലേബര്‍ റൂമില്‍ നിന്ന് അച്ഛന്‍ കരഞ്ഞു';മാത്തുക്കുട്ടിയുടെ പോസ്റ്റ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സംവിധായകനും അവതാരകനുമായ ആര്‍ജെ മാത്തുക്കുട്ടിക്ക് കുഞ്ഞ് പിറന്നത്. താനും ഭാര്യ എലിസബത്തും ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളായ സന്തോഷം മാത്തുക്കുട്ടി സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകന്റെ ജനനവുമായി ബന്ധപ്പെട്ട രസകരമായ ഒരു കുറിപ്പും മാത്തുക്കുട്ടി പോസ്റ്റ് ചെയ്തിരിക്കുകയാണ്.
'നീണ്ട എട്ട് മാസത്തെ കരുതലുകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം 'ഇപ്പോ വരും' എന്ന് കാനഡ വിക്ടോറിയ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വിധിയെഴുതി ലേബര്‍ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതികഠിനമായ 19 മണിക്കൂറുകള്‍ക്ക് ശേഷം. ശനിയാഴ്ച്ച വൈകുന്നേരങ്ങളില്‍ പണ്ട് ലുലു മാളിന് മുമ്പിലുള്ള ബ്ലോക്കില്‍ കിടക്കുമ്പോള്‍, നെടുമ്പാശ്ശേരിയിലുള്ള കൂട്ടുകാരനോട് 'അളിയാ ഗൂഗിള്‍ മാപ്പില്‍ വെറും 3 മിനിറ്റ്, ഇപ്പോ എത്തും' എന്ന് കോണ്‍ഫിഡന്‍സോടെ വിളിച്ച് പറയുന്ന എന്റെ അതേ സ്വഭാവത്തില്‍ ഒരു പ്രൊഡക്ട്. അത് പിന്നെ കര്‍മഫലം എന്ന് കരുതി ആശ്വസിക്കാം. പ്രധാന വിഷമം അതല്ല. മണിക്കൂറുകള്‍ നീണ്ട പുഷ് ആന്റ് പുള്ളിന്റെ ഇടയില്‍ നിലക്കണ്ണ് മിഴിച്ച് നില്‍ക്കുന്ന സര്‍വ്വ ഹോസ്പിറ്റല്‍ സ്റ്റാഫുകളോടും അവള്‍ അലറിപ്പറഞ്ഞ് എന്താണെന്നോ? 'എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂലാ. ഇതിന്റെ അപ്പന്‍ 12 മാസമാണ് അമ്മയുടെ വയറ്റില്‍ കിടന്നേ' ന്ന്. സത്യം പറഞ്ഞാല്‍ കുട്ടി വരുന്നതിന് മുമ്പേ ലേബര്‍ റൂമില്‍ നിന്ന് അച്ഛന്‍ കരഞ്ഞു.' മാത്തുക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിന് താഴെ എലിസബത്ത് ഉള്‍പ്പെടെ നിരവധി പേര്‍ കമന്റുമായെത്തി. 'നാല് മാസം കൂടെ അവിടെത്തന്നെ കിടക്കേണ്ടി വരുവോന്ന് വരെ ഞാന്‍ പേടിച്ച്' എന്നാണ് പോസ്റ്റിന് താഴെ എലിസബത്ത് കമന്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് മാത്തുക്കുട്ടി വിവാഹിതനായത്. ഭാര്യ എലിസബത്ത് കാനഡയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്.
Content Highlights: rj mathukutty shares experiance of his sons birth