'എന്ന് സ്വന്തം നഥാന്‍'; അപ്പന് വേണ്ടി അമ്മ എഴുതിയ മകന്റെ കത്ത് പങ്കുവെച്ച് മാത്തുക്കുട്ടി

കഴിഞ്ഞവര്‍ഷമാണ് സംവിധായകനും അവതാരകനുമായ ആര്‍ജെ മാത്തുക്കുട്ടിക്കും ജീവിതപങ്കാളി എലിസബത്തിനും കുഞ്ഞ് പിറന്നത്. മാത്തുക്കുട്ടി തന്നെയാണ് ഈ സന്തോഷവാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കുഞ്ഞിനെ കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ മാത്തുക്കുട്ടി പതിവായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ കുഞ്ഞ് അപ്പനുവേണ്ടി അയച്ച കത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് മാത്തുക്കുട്ടി. മകന്‍ നഥാന് വേണ്ടി അമ്മ എലിസബത്താണ് കത്ത് എഴുതിയത്. ആദ്യത്തെ അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ കയ്യില്‍ കിട്ടിയപ്പോള്‍ പോലും ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് ഇത്രയും സ്നേഹം തോന്നിയിട്ടില്ല എന്ന് ആര്‍ജെ മാത്തുക്കുട്ടി കുറിച്ചു.
'അപ്പന് വേണ്ടി അമ്മ എഴുതിയ മകന്റെ കത്ത്. ആദ്യത്തെ അപ്പോയ്ന്റ്‌മെന്റ് ലെറ്റര്‍ കയ്യില്‍ കിട്ടിയ കാലത്ത് പോലും ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റിനോട് ഇത്രയും സ്നേഹം തോന്നിയിട്ടില്ല.' -ഇതായിരുന്നു മാത്തുക്കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
'പ്രിയപ്പെട്ട അപ്പ അറിയുന്നതിന്, എനിക്ക് വേണ്ടി അമ്മ എഴുതുന്നത്' എന്ന് പറഞ്ഞാണ് 'നഥാന്റെ' കത്ത് തുടങ്ങുന്നത്. 'മാമാമാമാ താതാതാതാതാ ബ്ര്‍ര്‍ര്‍ര്‍ട്ര്‍ര്‍ര്‍ര്‍ അതാഅധാഅധാ' എന്നായിരുന്നു നഥാന് അപ്പനോട് കത്തിലൂടെ പറയാനുണ്ടായിരുന്ന കാര്യം! എന്ന് സ്വന്തം നഥാന്‍ എന്നുപറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
രസകരമായ പല കമന്റുകളും മാത്തുക്കുട്ടിയുടെ പോസ്റ്റിനുതാഴെ വന്നു. താത്വികമായ അവലോകനമാണ് ഇതെന്നായിരുന്നു ഒരു കമന്റ്. ഇതൊന്ന് പരിഭാഷപ്പെടുത്താന്‍ വല്ല വഴിയും ഉണ്ടോ എന്ന് മറ്റൊരാള്‍ അന്വേഷിച്ചു. മനസിലായില്ലേ, ബൈക്കില്‍ പോകണമെന്നാണ് പറയുന്നതെന്നും കൊച്ച് റൈഡറാണെന്നും വേറെയൊരാള്‍ കുറിച്ചു. അവനൊരു റാപ്പറാകുമെന്നും, കുഞ്ഞിന്റെ പരാതി എത്രയും വേഗം പരിഹരിക്കണമെന്നും എല്ലാം കൃത്യമായി എഴുതിയിട്ടുണ്ടെന്നുമെല്ലാമായി പോകുന്നു കമന്റുകള്‍.
Content Highlights: RJ Mathukkutty shares letter from his newborn son from Canada