25-ാം വയസിൽ എം.പി, വിവാഹവാർത്ത വരുമ്പോൾ തിരുവനന്തപുരത്ത്; ആരാണ് റിങ്കു സിങ് കല്യാണമാലോചിച്ച പ്രിയ?

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ വിവാഹക്കാര്യം കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. സമാജ്വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശില്‍നിന്നുള്ള ലോക്സഭാ എം.പി. പ്രിയാ സരോജുമായി വിവാഹനിശ്ചയം കഴിഞ്ഞുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത് പ്രിയയുടെ പിതാവ് തള്ളി. നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും റിങ്കുവിന്റെ കുടുംബം തങ്ങളെ സമീപിച്ചിട്ടേയുള്ളൂ എന്നുമായിരുന്നു പ്രിയാ സരോജിന്റെ പിതാവ് തുഫാനി സരോജ് കഴിഞ്ഞദിവസം പ്രതികരിച്ചത്.
വിവാഹക്കാര്യത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയയുടെ പിതാവ് തുഫാനി സരോജ്. റിങ്കുവിന്റെ കുടുംബവുമായുള്ള ആദ്യചര്‍ച്ചകള്‍ പോസിറ്റീവാണെന്നായിരുന്നു തുഫാനിയുടെ പ്രതികരണം. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനും ഇന്ത്യയുടെ ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കും ശേഷം ഇരുവരും ഒന്നിച്ചിരിക്കും. ഇതിന് ശേഷം നിശ്ചയം, വിവാഹം തീയതികളില്‍ തീരുമാനമാവുമെന്നും പ്രിയയുടെ പിതാവ് പറയുന്നു.
വ്യാഴാഴ്ച അലിഗഢിലെത്തി തുഫാനി സരോജ് റിങ്കുവിന്റെ പിതാവിനെ കണ്ടിരുന്നു. വിവാഹക്കാര്യം ചര്‍ച്ചചെയ്യാനാണ് അദ്ദേഹം അലിഗഢിലെത്തിയത്. പ്രിയയുടെ സുഹൃത്തുക്കളിലൊരാള്‍ ക്രിക്കറ്ററായിരുന്നുവെന്നും അദ്ദേഹം വഴിയാണ് റിങ്കുവും പ്രിയയും പരിചയപ്പെടുന്നതെന്നും തുഫാനി സരോജ് പറഞ്ഞു. കുറച്ചുകാലമായി അവര്‍ തമ്മില്‍ പരിചയമുണ്ട്. കുടുംബങ്ങളുടെ സമ്മതം ലഭിച്ചാല്‍ കല്യാണം എന്നതായിരുന്നു ഇരുവരുടേയും ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരാണ് പ്രിയാ സരോജ്?
വിവാഹവാര്‍ത്ത പ്രചരിക്കുമ്പോള്‍ കേരളത്തിലായിരുന്നു പ്രിയാ സരോജ്. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച പാര്‍ലമെന്ററി കമ്മിറ്റിയുടെ യോഗങ്ങളിലും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയതാണ് അവര്‍. 26-കാരിയായ പ്രിയാ സരോജ് ഉത്തര്‍പ്രദേശിലെ മച്ഛ്ലിശഹറില്‍നിന്നുള്ള എം.പിയാണ്. നിലവിലെ ലോക്സഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ എം.പിമാരില്‍ ഒരാളാണ് പ്രിയ.
ഉത്തര്‍പ്രദേശിലെ ജാന്‍പുര്‍ ജില്ലയിലെ കേരാകട് നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ് പ്രിയയുടെ പിതാവ് തുഫാനി സരോജ്. മൂന്നുതവണ ലോക്സഭാ എം.പിയായിരുന്നു തുഫാനി സരോജ്. 2009-ല്‍ മച്ഛ്ലിശഹറില്‍നിന്നാണ് തുഫാനി സരോജ് ലോക്സഭയില്‍ എത്തിയത്. പിന്നീട് രണ്ടുതവണ ബി.ജെ.പി. വിജയിച്ച സീറ്റ് 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.പി. സ്ഥാനാര്‍ഥിയായി പിടിച്ചെടുക്കുകയായിരുന്നു പ്രിയാ സരോജ്.
ഡല്‍ഹിയില്‍ എയര്‍ഫോഴ്സ് ഗോള്‍ഡന്‍ ജൂബിലി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.എ. ബിരുദം നേടി. തുടര്‍ന്ന് നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റിയില്‍നിന്ന് എല്‍.എല്‍.ബി. പൂര്‍ത്തിയാക്കിയ പ്രിയ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയായിരുന്നു. അധികം വൈകാതെ തന്നെ പ്രിയ പിതാവിന്റെ വഴിയില്‍ രാഷ്ട്രീയത്തിലെത്തി. കന്നി അങ്കത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിയെ 35,000-ലേറെ വോട്ടുകള്‍ക്കാണ് പ്രിയാ സരോജ് പരാജയപ്പെടുത്തിയത്.
Content Highlights: Indian cricketer Rinku Singh`s wedding with Priya Singh is making headlines