മോതിരം അണിയിച്ച് റിങ്കു സിങ്, സന്തോഷക്കണ്ണീരില്‍ പ്രിയാ സരോജ്; ലഖ്‌നൗവില്‍ വിവാഹനിശ്ചയം

പ്രിയാ സരോജും റിങ്കു സിങ്ങും വിവാഹനിശ്ചയച്ചടങ്ങില്‍ | Photo: X/ Amit yadav, Tanuj
പ്രിയാ സരോജും റിങ്കു സിങ്ങും വിവാഹനിശ്ചയച്ചടങ്ങില്‍ | Photo: X/ Amit yadav, Tanuj

ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റേയും സമാജ്‌വാദി പാര്‍ട്ടി എംപി പ്രിയ സരോജിന്റേയും വിവാഹനിശ്ചയം ലഖ്‌നൗവില്‍ നടന്നു. നിരവധി  പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ലഖ്‌നൗവിലെ ഒരു സ്വകാര്യഹോട്ടലില്‍വെച്ചായിരുന്നു ചടങ്ങുകള്‍.

എസ്പി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഭാര്യ ഡിപിംള്‍ യാദവും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല, രാജ്യസഭാ എംപി ജയാ ബച്ചന്‍ എന്നിവരുടേയും സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു. രാഷ്ട്രീയരംഗത്തെ ഒട്ടേറെ പ്രമുഖരും ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു.

ഷെര്‍വാണിയായിരുന്നു റിങ്കുസിങ്ങിന്റെ വേഷം. പിങ്ക് നിറത്തിലുള്ള ലഹങ്കയായിരുന്നു ചടങ്ങില്‍ പ്രിയാ സരോജ് ധരിച്ചത്. റിങ്കു സിങ് മോതിരമണിയിച്ചപ്പോള്‍ വികാരാധീനയാകുന്ന പ്രിയയെ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരസാന്നിധ്യമാണ് റിങ്കു സിങ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്. ലോക്‌സഭയിലെ പ്രായം കുറഞ്ഞ എംപിമാരില്‍ ഒരാളാണ് പ്രിയാ സരോജ്. 25-കാരിയായ പ്രിയ ഉത്തര്‍പ്രദേശിലെ മച്ച്‌ലിഷഹര്‍ മണ്ഡലത്തില്‍നിന്നാണ് ലോക്‌സഭയിലെത്തിയത്. സുപ്രീംകോടതി അഭിഭാഷകയായിരുന്നു പ്രിയാ സരോജ് മുതിര്‍ന്ന എസ്പി നേതാവ് തൂഫാനി സരോജിന്റെ മകളാണ്.

Content Highlights: Exclusive: Rinku Singh, Priya Saroj Get Engaged