130 കോടി ആസ്തി,യു.എസിൽ 2 വീട്, ബൾഗേറിയയിൽ എസ്റ്റേറ്റ്, ഇപ്പോൾ ഊബർ ഡ്രൈവർ; വൈറലായി കുറിപ്പ്

ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്നവരും ജോലി ചെയ്യാന്‍ വേണ്ടി ജീവിക്കുന്നവരുമുണ്ടെന്ന് പൊതുവേ പറയാറുണ്ട്. ഈ രണ്ടു വിഭാഗത്തില്‍നിന്നും ഏറെ വ്യത്യസ്തരാണ് ജോലിയിലൂടെ ആത്മസംതൃപ്തി നേടുന്നവര്‍. മുന്നോട്ട് ജിവിക്കുവാനുള്ള സാമ്പാദ്യം എത്രയുണ്ടെങ്കില്‍ പോലും ജോലി ചെയ്തുകൊണ്ടിരിക്കുക എന്നത് അവരെ സംബന്ധിച്ച് അഭിമാനമാണ്.
റിട്ടയര്‍മെന്റിന് ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒട്ടേറെപേര്‍ സമൂഹത്തിലുണ്ട്. ജീവിക്കാന്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉണ്ടെങ്കില്‍ പോലും ജോലിയില്ലാത്ത ജീവിതം ചിലരെ മടുപ്പിക്കും വിഷാദത്തിലെത്തിക്കും. അതിനെ മറികടക്കാന്‍ ഒരേയൊരു വഴിയേയുള്ളൂ, ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യുക. അത്തരത്തിലുള്ള ഒരാളുടെ കഥ പങ്കുവച്ചിരിക്കുകയാണ് വിനീത് എന്ന യുവസംരംഭകന്‍. അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഊബര്‍ ഡ്രൈവറാണ് ഈ കഥയിലെ താരമെന്ന് വിനീത് 'എക്‌സി'ല്‍ കുറിക്കുന്നു. അദ്ദേഹത്തിന് 15 മില്യണ്‍ ഡോളര്‍ അതായത് 130 കോടിയിലധികം ആസ്തിയുണ്ടെന്നും ഈ വ്യക്തി ഡ്രൈവിങ്ങിലാണ് സന്തോഷം കണ്ടെത്തുന്നതെന്നും വീനീത് പറയുന്നു.
ഗൾഫിലെ ഒരു പ്രമുഖ എണ്ണക്കമ്പനിയില്‍ ജോലി ചെയ്തിരുന്ന സീനിയര്‍ സി-സ്യൂട്ട് എക്സിക്യൂട്ടീവായിരുന്നു ഈ ഊബര്‍ ഡ്രൈവര്‍. അദ്ദേഹത്തിന് 1.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന രണ്ട് വീടുകള്‍ അമേരിക്കയിലുണ്ട്. കൂടാതെ ബള്‍ഗേറിയയില്‍ 3.5 മില്യണ്‍ യൂറോ വിലമതിക്കുന്ന ഒരു എസ്റ്റേറ്റുമുണ്ട്. വിമരിച്ചശേഷമുള്ള വിരസത ഒഴിവാക്കാനാണ് ഊബര്‍ ഓടിക്കാന്‍ തുടങ്ങിയത്.
മൂന്ന് മക്കളാണ് ഉള്ളത്. മൂന്ന് പേരും നല്ല നിലയിലാണ്. ഒരാള്‍ ലണ്ടനില്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു. മറ്റ് രണ്ട് പേര്‍ ഒരു യൂറോപ്യന്‍ ടീമിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരാണ്. ഭാര്യ ഇപ്പോഴും ജോലി ചെയ്യുന്നതിനാല്‍ അദ്ദേഹം യു.എസില്‍ തന്നെയാണ് താമസിക്കുന്നത്.
ഒട്ടനവധി പേരാണ് വിനീതിന്റെ പോസറ്റ് വായിച്ചത്. ഇത്രയും സമ്പാദ്യം ഉണ്ടായിട്ടും ജോലി ചെയ്യാനുള്ള അദ്ദേഹത്തിന്റെ മനസ്സിനെ ചിലര്‍ പ്രശംസിച്ചു. അതേസമയം സ്വത്ത് വിവരം തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ ഒരു അപരിചിതനോട് തുറന്ന് പറയുമോ എന്ന സംശയവും ഉന്നയിച്ചു. എന്തായാലും വീനീതിന്റെ കുറിപ്പ് ഒട്ടേറെ പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
Content Highlights: Indian Man Comes Across Uber Driver With $15 Million Net Worth, Viral post X