സുശാന്തിന്റെ മരണവും അറസ്റ്റും; ട്രോമ ഇപ്പോഴും ഉള്ളിലുണ്ടെന്ന് നടി റിയാ ചക്രവർത്തി

ബോളിവുഡ് നടൻ സുശാന്ത് രാജ്പുത്തിന്റെ മരണത്തിന് ശേഷമുണ്ടായ സംഭവങ്ങൾ ഏൽപ്പിച്ച മാനസികാഘാതം ഇപ്പോഴും തന്നെ വിട്ടുപോയിട്ടില്ലെന്ന് നടി റിയാ ചക്രവർത്തി. സുശാന്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം റിയയ്ക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. പിന്നീട് മയക്കുമരുന്ന് കേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റിയയെ അറസ്റ്റും ചെയ്തിരുന്നു. ഇതെല്ലാമുണ്ടാക്കിയ മാനസികാഘാതം വർഷങ്ങൾ കൊണ്ട് താൻ മറികടന്നുവെന്നും എങ്കിലും അതുണ്ടാക്കിയ ട്രോമ ഇപ്പോഴും തന്റെയുള്ളിൽ ഉണ്ടെന്നും നടി പറഞ്ഞു.
നേഹാ ധൂപിയയും അംഗദ് ബേദിയും അവതരിപ്പിക്കുന്ന ചാറ്റ് ഷോയായാ ഡബിൾ ഡേറ്റിലാണ് റിയാ ചക്രവർത്തി ഇക്കാര്യങ്ങൾ പറഞ്ഞത്. റിയയ്ക്കൊപ്പം സഹോദരൻ ഷോവിക് ചക്രവർത്തിയും ഉണ്ടായിരുന്നു. ഇപ്പോഴുള്ളതിൽ നിന്ന് വ്യത്യസ്തമായിരുന്നു ആദ്യകാലത്ത് തന്റെ ജീവിതമെന്ന് ഷോവിക് പറഞ്ഞു. നന്നായി പഠിക്കുന്ന, കരിയറിൽ ശ്രദ്ധിച്ച് മുന്നോട്ട് പോയിരുന്ന ആളായിരുന്നു താൻ. പൊടുന്നനെയാണ് സുശാന്തിന്റെ മരണമുണ്ടാകുന്നത്. അത് കാര്യങ്ങൾ മാറ്റിമറിച്ചു. നാലോ അഞ്ചോ വർഷമെടുത്താണ് അത് മറികടന്നത്. അതിന്റെ ഭാഗമായി താൻ ഇപ്പോഴും പിടിഎസ്ഡി അനുഭവിക്കുന്നുവെന്നും ഷോവിക് പറഞ്ഞു.
തുടർന്ന്, സുശാന്തിന്റെ മരണത്തിന് ശേഷമുണ്ടായ ട്രോമ പൂർണമായി മറികടക്കാൻ കഴിഞ്ഞോ എന്ന് നേഹാ ധൂപിയ, റിയയോട് ചോദിച്ചു. 'നിങ്ങൾക്ക് പൂർണമായി മറികടക്കാൻ കഴിയുന്ന ഒന്നല്ല ഇത്. ട്രോമയാണ്. മനസിൽ ഇല്ല എങ്കിലും അത് നിങ്ങളുടെ ശരീരത്തിനുള്ളിൽ തന്നെ തുടരും. ഷോവിക് പറഞ്ഞത് പോലെ പിടിഎസ്ഡി ഉണ്ട്. തെറാപ്പിയെടുത്ത് അതിനെ നേരിടുക.' -റിയാ ചക്രവർത്തി പറഞ്ഞു. തീവ്രമായ മാധ്യമശ്രദ്ധ, വേദനാജനകമായ അനുഭവത്തെ കൂടുതൽ വഷളാക്കിയെന്നും മറികടക്കാനുള്ള യാത്രയെ കൂടുതൽ ദുഷ്കരമാക്കിയെന്നും റിയ കൂട്ടിച്ചേർത്തു.
സുശാന്തിന്റെ മരണം
2020 ജൂൺ 14-നാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാമുകിയായിരുന്ന റിയയായിരുന്നു സുശാന്തിന്റെ മരണശേഷം മാധ്യമങ്ങളുടേയും പൊതുസമൂഹത്തിന്റേയും ശ്രദ്ധ മുഴുവൻ. സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പിതാവ് റിയയ്ക്കെതിരെ പരാതി നൽകി. റിയയേയും സഹോദരനേയും കള്ളപ്പണക്കേസിൽ ഇ.ഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് സിബിഐ കേസ് ഏറ്റെടുത്തു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനൽകിയെന്ന പരാതിയിൽ റിയയേയും സഹോദരനേയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. എന്നാൽ മാസങ്ങൾക്ക് ശേഷം ബോംബെ ഹൈക്കോടതി ഇരുവർക്കും ജാമ്യം നൽകി. പിന്നീട് കഴിഞ്ഞവർഷം മാർച്ചിൽ സിബിഐ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു. റിയയ്ക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടായിരുന്നു ഇത്.
Content Highlights: Actress Rhea Chakraborty and her brother Showik shared that the trauma following actor Sushant Singh Rajput's death in 2020 still haunts them. Speaking on a chat show, they revealed dealing with PTSD and healing through regular therapy.