3 ലക്ഷം രൂപയായിരുന്നു അവസാന ശമ്പളം; അത് മുഖം ഭംഗിയാക്കാൻ ചെലവഴിച്ചു: റിയ ചക്രവർത്തി

#ലൈഫ്സ്റ്റൈൽ ഡെസ്ക്
റിയാ ചക്രവർത്തി | Photo: PTI
റിയാ ചക്രവർത്തി | Photo: PTI

സിനിമയിലും മോഡലിംഗ് രംഗത്തും തിളങ്ങാൻ സൗന്ദര്യസംരക്ഷണം എത്രത്തോളം നിർണ്ണായകമാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം റിയ ചക്രവർത്തി. വീഡിയോ ജോക്കിയായിരുന്ന സമയത്ത് തനിക്ക് ലഭിച്ച അവസാന ശമ്പളം ചെലവഴിച്ചത് മുഖത്തിന് കൂടുതൽ ഭംഗി കൂട്ടാനായിരുന്നുവെന്ന് റിയ പറയുന്നു. യുട്യൂബറായ തന്മയ് ഭട്ടിന് നൽകിയ പോഡ്കാസ്റ്റിലാണ് ഈ തുറന്നുപറച്ചിൽ. കൗമാരത്തിൽതന്നെ എംടിവി വിജെ ആയി കരിയർ തുടങ്ങിയ റിയ വളരെ ചെറുപ്പത്തിൽ തന്നെ സ്വയംപര്യാപ്തയായിരുന്നു.

'ആ സമയത്ത് വിജെക്ക് നല്ല ശമ്പളമാണ് ലഭിച്ചിരുന്നത്. എനിക്ക് തോന്നുന്നു മൂന്ന് ലക്ഷമായിരുന്നു ഞാൻ അവസാനം വാങ്ങിയ ശമ്പളം. എനിക്ക് 17-18 വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. അതുകാരണം ഞാൻ വലിയ പണക്കാരിയാണെന്നാണ് സ്വയം ചിന്തിച്ചിരുന്നത്. ആ പണം മുഴുവനും മുഖം ഭംഗിയാക്കുന്നതിനായി ചെലവഴിച്ചു.' റിയ പറയുന്നു.

കരിയർ തുടങ്ങുന്ന സമയത്ത് സൗന്ദര്യമുള്ളവർക്ക് മാത്രമേ ശബ്ദമുണ്ടായിരുന്നുള്ളൂവെന്നും റിയ പറയുന്നുണ്ട് ഒരു നടിയോ മോഡലോ ആകാൻ ആഗ്രഹിക്കുന്ന വ്യക്തി നേരിടുന്ന പ്രധാന വെല്ലുവിളി എപ്പോഴും 'പെർഫെക്റ്റ്' ആയിരിക്കണം എന്നുള്ളതാണെന്ന് റിയ ഓർമിപ്പിക്കുന്നു. സാങ്കേതികത നല്ല രീതിയിൽ വളർന്നുവെന്നും എല്ലാവരും അത് ഉപയോഗപ്പെടുത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും റിയ പറയുന്നുണ്ട്.

താൻ ആദ്യം കണ്ട സെലിബ്രിറ്റി സൽമാൻ ഖാനാണെന്നും വീഡിയോയിൽ റിയ പറയുന്നുണ്ട്. അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ റിയയെ നിർദേശിച്ചു. അദ്ദേഹത്തോടുള്ള ഭയം കാരണമാണ് ആ ചാൻസ് തനിക്ക് കിട്ടിയതെന്ന് പിന്നീടാണ് മനസ്സിലായതെന്നും റിയ പറയുന്നുണ്ട്.

എംടിവിയിൽ വിജെ ആയിരുന്ന റിയയുടെ ആദ്യ സിനിമ തുനീഗ തുനീഗ എന്ന തെലുങ്ക് ചിത്രമാണ്. 2013-ലാണ് അവരുടെ ബോളിവുഡിലെ അരങ്ങേറ്റം. സുശാന്ത് സിങ്ങുമായുള്ള പ്രണയബന്ധത്തെത്തുടർന്നാണ് റിയ പിന്നീട് മാധ്യമങ്ങളിൽ ഹോട്ട് ടോപിക് ആകുന്നത്. എന്നാൽ, സുശാന്തിന്റെ മരണശേഷം വ്യക്തിപരമായ നിരവധി പ്രതിസന്ധികളിലൂടെ അവർക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. മാധ്യമ വിചാരണകൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും ശേഷം ഇപ്പോഴാണ് റിയ സജീവമാകുന്നത്.

റിയാ ചക്രബർത്തി, സുശാന്ത് സിങ് രാജ്പുത് | Photos: PTI, AFP

സിനിമാമേഖലയിലെ കടുത്ത മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടി വരുന്നത് പലപ്പോഴും വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല, മറിച്ച് നിലനിൽപ്പിന് വേണ്ടിയാണ്. ക്യാമറയ്ക്ക് മുന്നിൽ എപ്പോഴും ആകർഷകമായി കാണപ്പെടാൻ താരങ്ങൾ നിർബന്ധിതരാകുന്നുണ്ട്. ഇന്നത്തെ കാലത്ത് സിനിമാരംഗത്തുള്ളവരിൽ ഭൂരിഭാഗം ആളുകളും കോസ്‌മെറ്റിക് ചികിത്സകൾ ചെയ്യാറുണ്ട്. എന്നാൽ അത് പലരും തുറന്നുപറയാറില്ല.

Content Highlights: Rhea Chakraborty revealed she spent her last MTV VJ salary of 3 lakh rupees on facial beauty treatments during her teens., She discussed the immense pressure on actors and models to always look 'perfect' in the entertainment industry., Rhea reflected on her early career, meeting Salman Khan, and her journey back to the spotlight after facing major personal and media trials.