'സിനിമയിലെ ഇഡ്ഡലിയെല്ലാം കഴിച്ചത് നിത്യയാണെന്ന് തോന്നും'-അധിക്ഷേപിച്ച് റിവ്യൂവര്‍, വിമര്‍ശനവുമായി സോഷ്യൽമീഡിയ

നിത്യ മേനോൻ/ ഇഡ്ഡലി കടൈ എന്ന ചിത്രത്തില്‍ ധനുഷിനൊപ്പം നിത്യ | Photo: instagram/ nithya menen
നിത്യ മേനോൻ/ ഇഡ്ഡലി കടൈ എന്ന ചിത്രത്തില്‍ ധനുഷിനൊപ്പം നിത്യ | Photo: instagram/ nithya menen

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് നിത്യ മേനോന്‍. തിരുച്ചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നിത്യ നേടിയിരുന്നു. എന്നാല്‍ പലപ്പോഴും താന്‍ ബോഡിഷെയ്മിങ് നേരിട്ടിട്ടുണ്ടെന്ന് നിത്യ തുറന്നുപറഞ്ഞിരുന്നു. ഒരു സിനിമാ നടിക്ക് ചേരുന്ന രീതിയില്‍ ശാരീരികമായി മാറ്റം വരുത്താന്‍ തന്നോട് പലരും ആവശ്യപ്പെട്ടിരുന്നതെന്ന് നിത്യ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ധനുഷിന്റെ കൂടെ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം 'ഇഡ്ഡലി കടൈ' റിലീസായതിന് പിന്നാലെ വീണ്ടും ബോഡിഷെയ്മിങ് നേരിട്ടിരിക്കുകയാണ് നിത്യ. ഇതിന്റെ റിവ്യൂ യുട്യൂബില്‍ പങ്കുവെച്ച രണ്ട് റിവ്യൂവര്‍മാര്‍ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

നിത്യയുടെ അഭിനയം പ്രശംസിക്കുന്നതിനൊപ്പമാണ് അവര്‍ അവര്‍ അവരെ ബോഡിഷെയിം ചെയ്യുന്നത്. 'അഭിനയ രാക്ഷസിയാണ് നിത്യ മേനോന്‍. ഈ പടത്തില്‍ വല്ലാതെ വണ്ണമുണ്ട്. എന്നാല്‍ അഭിനയത്തിന് അതിനേക്കാള്‍ ഭാരമുണ്ട്. അഭിനയ രാക്ഷസിയാണെന്ന് ഈ പടത്തിലും നിത്യ തെളിയിച്ചിരിക്കുന്നു' എന്നായിരുന്നു ബയില്‍വന്‍ രംഗനാഥന്‍ എന്ന റിവ്യൂവറുടെ വാക്കുകള്‍.

'സിനിമയിലെ ഇഡ്ഡലിയെല്ലാം ആദ്യം കഴിക്കുന്നത് നിത്യയാണോ എന്ന് സംശയിക്കുന്ന അത്രയും വണ്ണം നിത്യക്കുണ്ട്. എന്നാല്‍ അഭിനയത്തില്‍ ഈ വര്‍ഷവും ദേശീയ പുരസ്‌കാരം കൊടുത്താല്‍ തെറ്റ് പറയാന്‍ പറ്റില്ല' എന്നായിരുന്നു മറ്റൊരു റിവ്യൂവറുടെ വാക്കുകള്‍.

ഈ രണ്ട് പരാമര്‍ശങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. നിത്യയെ പ്രശംസിക്കുമെന്ന് തോന്നുമെങ്കില്‍ യഥാര്‍ഥത്തില്‍ നടിയ പരിഹസിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് നെറ്റിസണ്‍സ് പറയുന്നു. ബോഡി ഷെയിം ചെയ്യാതെ നിത്യയെ അഭിനന്ദിക്കാന്‍ ഇവര്‍ക്ക് അറിയില്ലേ എന്നും ആരാധകര്‍ ചോദിക്കുന്നു.

Content Highlights: reviewer body shame nithya menen idly kadai movie review