നഗരത്തിരക്കിൽ നിന്ന് രക്ഷപ്പെടാൻ മണാലിയിൽ താമസിച്ച് ജോലി ചെയ്തു; ഓരോ മാസവും ലാഭം 30000 രൂപ

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/anjali
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/anjali

ഗരജീവിതം ഉപേക്ഷിച്ച് മണാലിയിലേക്ക് താമസം മാറിയതോടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിച്ചതായി ദമ്പതികൾ. മണാലിയിൽ 'റിമോട്ട് വർക്ക്' ചെയ്യുന്ന അഞ്ജലി-നമൻ ദമ്പതിമാരാണ് ഇതിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ഓരോ മാസവും മുപ്പതിനായിരത്തോളം രൂപ തങ്ങൾക്ക് സമ്പാദിക്കാനാകുന്നുണ്ടെന്നും അവർ പറയുന്നു.

കോർപറേറ്റ് ജോലി തന്നെയാണ് മണാലിയിൽ ചെയ്യുന്നതെങ്കിലും നഗരത്തിലെ ജീവിതച്ചെലവ് കുറഞ്ഞതാണ് തങ്ങൾക്ക് തുണയായതെന്ന് അഞ്ജലിയും നമനും പറയുന്നു. ചെലവ് കുറക്കുക എന്നതിനേക്കാൾ തിരക്കുപിടിച്ച ജീവിതം ഒഴിവാക്കി സമാധാനം തിരഞ്ഞെടുക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അവർ പറയുന്നു.

'ഞങ്ങൾ പ്രത്യേകിച്ചൊന്നും ചെയ്യാതെ തന്നെ മാസം മുപ്പതിനായിരം രൂപയോളം ലഭിക്കാൻ തുടങ്ങി. വലിയ ലാഭം വാടകയിൽ നിന്നായിരുന്നു. നഗരത്തിൽ 45000 രൂപയായിരുന്നു വാടക. മണാലിയിൽ അത് 28000 രൂപയായി കുറഞ്ഞു. ഇതോടെ പ്രതിമാസ ചെലവിൽ 17000 രൂപയാണ് കുറഞ്ഞത്. ദൈനംദിന യാത്ര ചെലവും കുറഞ്ഞതോടെ 7500 രൂപ കൂടി ഓരോ മാസവും അധികം ലഭിച്ചു. അതുപോലെ പതിവ് വാരാന്ത്യ യാത്രകളുടെ ചെലവും കുറഞ്ഞു. നഗരത്തിൽ താമസിക്കുമ്പോൾ അതിന്റെ മടുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഇരുവരും ചെറിയ യാത്രകൾ പോകാറുണ്ടായിരുന്നു. ഇതിന് മാസം 6000 രൂപ വരെ ചെലവ് വരാറുണ്ട്. മണാലിയിലേക്ക് മാറിയശേഷം ഇത്തരം യാത്രകളുടെ ആവശ്യം വന്നില്ല.'-ഇരുവരും പറയുന്നു.