'അവരെന്റെ പിന്നാലെയുണ്ട്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരാണ് കാരണം'; വീഡിയോയുമായി നടി രേഖാ രതീഷ്

മുഖ്യമന്ത്രിയോടും സർക്കാരിനോടും പരാതിയുമായി സീരിയൽ നടി രേഖാ രതീഷ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടി തുറന്ന പരാതിയുമായി രംഗത്തെത്തിയത്. രേഖ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി പേർ താരത്തിന് പിന്തുണയറിയിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടു. പരസ്പരം, സസ്നേഹം, ഓട്ടോഗ്രാഫ്, സ്നേഹക്കൂട് തുടങ്ങി വിവിധ ചാനലുകളിലെ ഒട്ടേറെ പരമ്പരകളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് രേഖാ രതീഷ്.
സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ്, സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രേഖയുടെ വീഡിയോ തുടങ്ങുന്നത്. കഴിഞ്ഞ എട്ടൊമ്പത് മാസങ്ങളായി താൻ ജോലിയില്ലാതെ ഫ്ളാറ്റിൽ കഴിയുകയാണെന്നും രേഖ പറയുന്നു. കഴിഞ്ഞ രണ്ടുമൂന്ന് മാസമായി ഒരുകൂട്ടം യുറ്റ്യൂബർമാർ തന്റെ പിന്നാലെയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് നടി തന്റെ പ്രശ്നം പറഞ്ഞുതുടങ്ങിയത്. ഇവർ തന്റെ വീഡിയോകൾ മോശം ക്യാപ്ഷനോടെ പോസ്റ്റ് ചെയ്യുന്നുവെന്നും ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുന്നുവെന്നും തനിക്ക് മാനസിക സമ്മർദം സഹിക്കാൻ കഴിയുന്നില്ലെന്നും അവർ വീഡിയോയിൽ പറയുന്നു.
'ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടു പോവാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ, എന്റെ മകനുവേണ്ടി. പക്ഷേ ഈ യുറ്റ്യൂബേഴ്സ് കാരണം എനിക്ക് ജീവിക്കാനുള്ള ശേഷി ഇല്ലാതാവുകയാണ്. ഈ വീഡിയോ ചെയ്യാൻ കാരണം, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, എന്തുകൊണ്ട് എന്നൊരു ചോദ്യം വന്നാൽ ഈ യുറ്റ്യൂബേഴ്സ് തന്നെയാണ് ഇതിനു പിന്നിലെ കാരണം എന്ന് എനിക്ക് അറിയിക്കണം. ഇതുകൊണ്ടെങ്കിലും ഇത് അവസാനിക്കണം. എന്നെ മാത്രമല്ല, എന്റെ ഫീൽഡിലുള്ള ഒരുകൂട്ടം ആൾക്കാരെ ഇതുപോലെയുള്ള കാര്യങ്ങൾ കൊണ്ട് ചൂഷണം ചെയ്യുന്ന ഒരുപാട് യുറ്റ്യൂബേഴ്സ് ഉണ്ട്.' -രേഖ പറഞ്ഞു.
ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് രേഖ വീഡിയോ അവസാനിപ്പിക്കുന്നത്. തളരരുത്, കൂടെയുണ്ട്, ഈ സമയവും കടന്ന് പോകും, ഇത്തരം യുറ്റ്യൂബ് ചാനലുകളെ നിരോധിക്കണം, പോലീസ് സ്റ്റേഷനിൽ പരാതി നൽകണം എന്നെല്ലാമാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
Content Highlights: Popular TV actress Rekha Ratheesh has appealed to the Kerala CM for protection against persistent cyber harassment by certain YouTubers. In an emotional video, she stated that the mental stress is becoming unbearable and held them responsible for her safety.