ആണുങ്ങൾക്കും ആര്‍ത്തവം വേണമെന്ന് രശ്മിക, പിന്നാലെ വിമര്‍ശനം; ഇതാണ് അഭിമുഖങ്ങള്‍ക്ക് പോകാന്‍ ഭയമെന്ന് താരം

#Lifestyle Desk
രശ്മികാ മന്ദാന | Photo: AFP
രശ്മികാ മന്ദാന | Photo: AFP

അഭിമുഖങ്ങള്‍ക്കും ടെലിവിഷന്‍ ഷോകള്‍ക്കും പോകാന്‍ തനിക്ക് ഭയമാണെന്ന് തെന്നിന്ത്യന്‍ താരം രശ്മികാ മന്ദാന. അടുത്തിടെ ഒരു ടെലിവിഷന്‍ ഷോയില്‍ പറഞ്ഞ കാര്യത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനത്തിന് പിന്നാലെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. പുരുഷന്മാരും ആര്‍ത്തവ വേദന അനുഭവിക്കണമെന്നാണ് സീ5 ചാനലില്‍ ജഗപതി ബാബു അവതരിപ്പിക്കുന്ന ജയമ്മു നിശ്ചയമ്മുരാ എന്ന ടോക്ക് ഷോയില്‍ രശ്മിക പറഞ്ഞത്.

'അതെ, അവര്‍ക്കും ഒരിക്കലെങ്കിലും ആര്‍ത്തവമുണ്ടാകണം എന്നാണ് എന്റെ ആഗ്രഹം; ആ സമയത്തെ വേദനയും ട്രോമയും മനസിലാക്കാന്‍ വേണ്ടി. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണം ഞങ്ങള്‍ക്ക് പോലും മനസിലാക്കാന്‍ കഴിയാത്ത വികാരങ്ങള്‍ ഞങ്ങള്‍ക്കുണ്ടാകുന്നു. ആ സമ്മര്‍ദം പുരുഷന്മാരില്‍ ചെലുത്താന്‍ കഴിയില്ല. കാരണം, നിങ്ങള്‍ എത്ര വിശദീകരിച്ചാലും അവര്‍ക്ക് അത് മനസിലാക്കാന്‍ കഴിയില്ല. അതുകൊണ്ട് പുരുഷന്മാര്‍ക്ക് ഒരിക്കലെങ്കിലും ആര്‍ത്തവമുണ്ടാകണം. ആര്‍ത്തവത്തിന്റെ വേദന എന്താണെന്ന് അവര്‍ മനസിലാക്കട്ടെ.' -ഇതാണ് ജഗപതി ബാബുവിന്റെ ഷോയില്‍ രശ്മിക പറഞ്ഞത്.

'എനിക്ക് ആര്‍ത്തവകാലത്ത് ഭീകരമായ വേദനയുണ്ടാകാറുണ്ട്. ഒരിക്കല്‍ ആ വേദന കാരണം ഞാന്‍ ബോധരഹിതയായിട്ടുണ്ട്. ഞാന്‍ നിരവധി മെഡിക്കല്‍ പരിശോധനകള്‍ നടത്തി, ഒട്ടേറെ ഡോക്ടര്‍മാരെ കണ്ടു. പക്ഷേ ആര്‍ക്കും അറിയില്ലായിരുന്നു എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന്. 'ദൈവമേ, എന്തിനാണ് നീ എന്നെ ഇങ്ങനെ പീഡിപ്പിക്കുന്നത്' എന്ന് എല്ലാ മാസവും ഞാന്‍ ആശ്ചര്യപ്പെടും. ആരായാലും അനുഭവിച്ചാല്‍ മാത്രമേ ഇത് മനസിലാക്കാന്‍ കഴിയൂ. അതുകൊണ്ടാണ് പുരുഷന്മാര്‍ക്ക് ഒരിക്കലെങ്കിലും ആര്‍ത്തവമുണ്ടാകണം എന്ന് ഞാന്‍ പറയുന്നത്.' -രശ്മിക തുടര്‍ന്നു.

രശ്മികയുടെ അഭിപ്രായത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനമെന്നതിലുപരി പലരും അധിക്ഷേപകരമായാണ് പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് ജീവിതത്തില്‍ അല്‍പ്പം ഉത്തരവാദിത്തം വേണം, സ്ത്രീകള്‍ മാതാപിതാക്കളെ നോക്കണം, ആര്‍ത്തവ വേദന ആദ്യം വിജയ് ദേവരകൊണ്ടയില്‍ പരീക്ഷിക്കൂ എന്നെല്ലാമായിരുന്നു രശ്മിക പറഞ്ഞതിനോടുള്ള കമന്റുകള്‍.

പിന്നാലെ രശ്മികയുടെ ആരാധകനായ ഒരാള്‍ താരം എന്താണ് പറഞ്ഞതെന്ന് വിശദീകരിച്ചുകൊണ്ട് എക്‌സില്‍ പോസ്റ്റിട്ടു. ഇതിന് താഴെ കമന്റായാണ് അഭിമുഖങ്ങളിലും ഷോകളിലും പോകാന്‍ താന്‍ ഭയക്കുന്നതെന്തുകൊണ്ടാണെന്ന് രശ്മിക വ്യക്തമാക്കിയത്.

'ഇക്കാര്യം ആരും പറയില്ല. ഇതാണ് അഭിമുഖങ്ങള്‍ക്കും ഷോകള്‍ക്കും പോകാനുള്ള എന്റെ ഭയം. ഞാന്‍ ഒരു കാര്യം ഉദ്ദേശിക്കും. എന്നാല്‍ അത് പൂര്‍ണമായി മറ്റെന്തെങ്കിലുമാക്കി എടുക്കും.' -ഇതായിരുന്നു രശ്മികാ മന്ദാനയുടെ കമന്റ്. രശ്മികയെ പിന്തുണച്ചുകൊണ്ട് ആരാധകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തത്.

Content Highlights: 'I mean something, it's taken otherwise': Rashmika Mandanna reveals her fear of interviews following controversy over her menstruation comment