'43 വയസ്സായി, ശരീരത്തിന് മാറ്റങ്ങൾ വന്ന് തുടങ്ങി, വേദന സഹിക്കാനാകുന്നില്ല'-രഞ്ജിനി ഹരിദാസ്

പെരിമെനോപോസിനെ കുറിച്ചും നാൽപതുകളിൽ നേരിടുന്ന ശാരീരിക വെല്ലുവിളികളെ കുറിച്ചും തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്. മുപ്പതുകളിൽ അനുഭവിച്ചിരുന്ന ഊർജ്വസലതയിൽ നിന്ന് മാറി ജീവിതത്തിലും ശരീരത്തിലും വന്ന അപ്രതീക്ഷിതമായ മാറ്റങ്ങളെ കുറിച്ചാണ് തന്റെ യുട്യൂബ് ചാനലിലൂടെ അവർ പങ്കുവെച്ചത്.
'മുപ്പതുകളിൽ ഇപ്പോഴും ചെറുപ്പമാണെന്ന തോന്നലുണ്ടാകും. എന്നാൽ നാൽപ്പതുകളിലേക്ക് കടക്കുമ്പോൾ ശരീരം ആർത്തവ വിരാമത്തിന്റെ സൂചനകൾ നൽകിത്തുടങ്ങും. മുമ്പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങൾപോലും ഇപ്പോൾ ശരീരത്തിന് താങ്ങാനാകുന്നില്ല. ശാരീരികമായ വേദനകളും ഹോർമോൺ വ്യതിയാനവുമാണ് ഇപ്പോൾ പ്രധാന പ്രശ്‌നം. ഇനിയും ശരീരത്തിന് മാറ്റങ്ങൾ വരും. ഇതൊരു വല്ലാത്ത അവസ്ഥയാണ്.
ഇപ്പോൾ കൃത്യമായ ഉറക്കം അത്യാവശ്യമാണ്. പണ്ട് എത്ര വേണമെങ്കിലും ആഘോഷങ്ങളിൽ മുഴുകാമായിരുന്നു. ഇപ്പോൾ അത് പറ്റില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽപോലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ആർത്തവം പൂർണമായും നിലച്ചേക്കാം. ഇപ്പോൾ തന്നെ അതിന്റെ മാറ്റങ്ങൾ അറിയുന്നുണ്ട്. ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂടാണ് അതിലൊന്ന്. ബീച്ചിൽ പോകുന്നതും വെയിലേൽക്കുന്നതുമെല്ലാം പണ്ട് വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് മാത്രമേ യാത്ര പോകാറുള്ളു. ശരിക്കും വിചിത്രമായ അനുഭവമാണിത്.
ശരീരത്തിന്റെ വേദനയും കൂടി വരികയാണ്. തോളുകൾ അനക്കാൻപോലും പറ്റാത്ത വേദന തോന്നും. ഇതിന് മുമ്പ് എനിക്ക് ഇങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് തോളുകൾക്ക് വേദന വന്ന് തുടങ്ങിയത്. 15 വർഷം മുമ്പ് അമ്മയും ഭയങ്കര വേദനയാണെന്ന് പറയുമായിരുന്നു. അന്ന് ഞാൻ അമ്മയെ പുച്ഛിച്ചിട്ടുണ്ട്. ഇപ്പോൾ അമ്മയോട് ക്ഷമ പറയുന്നു.
ഈ സമയത്ത് ടെക്‌നിക്കലി എനിക്ക് സ്ട്രസുകളൊന്നുമില്ല. കുട്ടികളില്ല. വിവാഹം ചെയ്തിട്ടില്ല. ഈ സമയത്ത് കാമുകനുമില്ല. എന്നാൽ ബയോളജിക്കലി സ്ട്രസുണ്ട്. ഇതിൽ എനിക്ക് ദേഷ്യവും വിഷമവുമുണ്ട്. ഈ വേദന എങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ മതി. ഡോക്ടർമാരെ കാണാനും മരുന്ന് കഴിക്കാനും എല്ലാവരും പറയും. എനിക്ക് മരുന്ന് കഴിക്കേണ്ട.'-രഞ്ജിനി വീഡിയോയിൽ പറയുന്നു. ഷോകൾക്ക് പോകുന്നതിന് മുമ്പ് വേദനാസംഹാരികൾ കഴിക്കാറുണ്ടെന്നും സ്റ്റേജിൽ ഏറെ നേരം മൈക്ക് പിടിച്ചുനിന്നാൽ കാല് വേദന വരുമെന്നും രഞ്ജിനി കൂട്ടിച്ചേർക്കുന്നു.
Content Highlights: Open discussion on perimenopause symptoms at age 43., Challenges of hormonal shifts, chronic pain, and sleep management., Personal reflection on biological stress versus situational lifestyle.