സമാധാനം ചിലപ്പോൾ ബോറടിയായി തോന്നാം, പക്ഷേ ആ ബോറടി ആസ്വദിക്കാൻ പഠിക്കണം- രമേഷ് പിഷാരടി

കൊച്ചി: ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ വലിയ സൂത്രവാക്യങ്ങളുടെ ആവശ്യമില്ലെന്നും, സമാധാനമായി ഇരിക്കാൻ കഴിയുന്നതാണ് യഥാർഥ സന്തോഷമെന്നും സിനിമാതാരം രമേഷ് പിഷാരടി. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ യോലോ സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ആളുകൾ തങ്ങളുടെ സന്തോഷത്തെ സോഷ്യൽ മീഡിയയിലെ ലൈക്കുകളുമായും വ്യൂസുകളുമായും ബന്ധിപ്പിക്കുകയാണ്. എന്നാൽ അസൂയയ്ക്ക് അളവുകോൽ ഇല്ലാത്തതുപോലെ സന്തോഷവും അളക്കാൻ കഴിയില്ല. 'നമ്മൾ നോർമൽ ആണെങ്കിൽ നമ്മൾ ഹാപ്പിയാണ്'- പിഷാരടി പറഞ്ഞു.
ഇന്റർനെറ്റിൽ കാണുന്ന അമിതമായ മോട്ടിവേഷൻ വീഡിയോകളെ അദ്ദേഹം വിമർശിച്ചു. കംഫർട്ട് സോൺ പൊട്ടിച്ചു പുറത്തുവരാൻ പറയുന്നവർ, അതിനുശേഷം എങ്ങോട്ട് പോകണമെന്ന കൃത്യമായ ദിശാബോധം നൽകുന്നില്ല. ഒരാളുടെ പാഷനും കഴിവും ഒരേ ദിശയിലല്ലെങ്കിൽ ജീവിതം കൂടുതൽ സമ്മർദത്തിലാകും. ചിന്തകൾ കുറച്ച് ശരീരത്തിന്റെ അവസ്ഥകളെ തിരിച്ചറിയാൻ പഠിക്കുന്നത് സന്തോഷം നൽകും. വ്രതം എടുക്കുന്നതും വഴിപാടുകൾ നടത്തുന്നതും വഴി ശരീരം വേദനിക്കുമ്പോൾ മനസ്സിന് ലഭിക്കുന്ന ശാന്തത ഇതിന് ഉദാഹരണമാണ്. സമാധാനം ചിലപ്പോൾ ബോറടിയായി തോന്നാം, പക്ഷേ ആ ബോറടി ആസ്വദിക്കാൻ പഠിക്കണം. മറ്റുള്ളവരെ ബോധിപ്പിക്കാനോ സർട്ടിഫിക്കറ്റുകൾക്കോ വേണ്ടിയാവരുത് നമ്മുടെ സന്തോഷമെന്നും, കിട്ടുന്ന അവസരങ്ങളിൽ മനസ്സ് തുറന്ന് ചിരിക്കാൻ ശ്രമിക്കണമെന്നും പിഷാരടി പറഞ്ഞു.
മാധ്യമപ്രവർത്തകൻ ജയമോഹൻ മോഡറേറ്ററായിരുന്നു.
Content Highlights: Actor Ramesh Pisharody shares insights on finding genuine happiness, emphasizing peace over constant stimulation and the pitfalls of social media validation.