140 കിലോയിൽ നിന്ന് 85-ലേക്ക്, വണ്ണം കുറയ്ക്കാൻ റാം കപൂർ സ്വീകരിച്ചത് ഇക്കാര്യങ്ങൾ

ഫിറ്റ്നസിന് ഏറെ ശ്രദ്ധ നൽകുന്ന ബോളിവുഡ് താരമാണ് റാം കപൂർ. വ്യായാമം തന്നിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് 52-ാം ജന്മദിനാഘോഷത്തിനിടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ 25 വർഷത്തിനിടയിൽ അനുഭവപ്പെട്ടതിനേക്കാൾ 'ആരോഗ്യവാനും ചെറുപ്പക്കാരനുമായി' തനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം പിറന്നാൾ ദിനത്തിൽ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. രണ്ട് വർഷംകൊണ്ട് ചിട്ടയായ വ്യായാമത്തിലൂടെ 50 കിലോയാണ് അദ്ദേഹം കുറച്ചത്.
ശസ്ത്രക്രിയയോ മരുന്നുകളോ ഇല്ലാതെ 18 മാസം കൊണ്ട് റാം കപൂർ കുറച്ചത് 55 കിലോ
ശസ്ത്രക്രിയയിലൂടെയോ മരുന്നുകൾ കഴിച്ചോ ആകാം റാം കപൂർ ഭാരം കുറച്ചതെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. താൻ പഴയ രീതികൾ പിന്തുടർന്നാണ് ഭാരം കുറച്ചതെന്നായിരുന്നു അന്ന് താരം ഇതിനോട് പ്രതികരിച്ചത്.
'മനോഭാവം, ജീവിതശൈലി, ശീലങ്ങൾ എന്നിവ മാറ്റി, ശസ്ത്രക്രിയയോ മറ്റ് സഹായങ്ങളോ ഇല്ലാതെയാണ് ഞാൻ ഭാരം കുറച്ചത്. എന്നാൽ ആവശ്യമുണ്ടെങ്കിൽ വൈദ്യസഹായം തേടുന്നതിൽ തെറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം മാനസികവും ശാരീരികവുമായ മാറ്റമായിരുന്നു വേണ്ടത്'- റാം കപൂർ മാധ്യമങ്ങളോട് അന്ന് പ്രതികരിച്ചതിങ്ങനെയാണ്.
കുട്ടികൾക്ക് ഒരു നല്ല മാതൃക
140 കിലോ ഭാരമുള്ളപ്പോഴാണ് റാം കപൂർ ഫിറ്റ്നസ് യാത്ര ആരംഭിക്കുന്നത്. കുട്ടികളാണ് തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'എനിക്ക് രണ്ട് കുട്ടികളാണ്, സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകി അവർക്ക് ഒരു നല്ല മാതൃകയാകണമെന്ന് എനിക്ക് തോന്നി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 55 കിലോ കുറച്ച് 85 കിലോയിലേക്ക് എത്തിച്ചു' - എന്നായിരുന്നു റാം കപൂർ പറഞ്ഞത്.
താത്കാലിക പരിഹാരമല്ല
കുറച്ച് മാസങ്ങൾ ഡയറ്റ് പിന്തുടരുന്ന താത്കാലിക ശീലത്തിനു പുറമേ ദീർഘകാലത്തെ മാറ്റമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. രണ്ടുതവണ അദ്ദേഹം 30 കിലോ ഭാരം കുറച്ചു. എന്നാൽ താത്കാലികമായ പരിഹാരങ്ങൾക്കുപകരം ഫിറ്റ്നസ്, കഴിക്കുന്ന ഭക്ഷണം, ഉറക്കം, വ്യായാമ രീതികൾ, ശരീരത്തിലെ ജലാംശം, ഫാസ്റ്റിങ് എന്നിവയ്ക്കായിരുന്നു റാം കപൂർ ഇത്തവണ ശ്രദ്ധകേന്ദ്രീകരിച്ചത്.
റാം കപൂറിൻ്റെ ഡയറ്റ് പ്ലാൻ
ഇടവിട്ടുള്ള ഫാസ്റ്റിങ് രീതിയാണ് (intermittent fasting) റാം കപൂർ പിന്തുടർന്നത്. എട്ട് മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുകയും പതിനാറ് മണിക്കൂർ ഫാസ്റ്റിങ് ചെയ്യുകയും ചെയ്തു. 'ഒരു ദിവസം രണ്ട് നേരമാണ് ഭക്ഷണം കഴിക്കുന്നത്. ആദ്യ ഭക്ഷണം രാവിലെ 10:30-11:00 മണിയോടെയാണ്. രണ്ടാമത്തേത് വൈകുന്നേരം 6:30-നും. ഇടയ്ക്ക് ലഘുഭക്ഷണം കഴിക്കാറില്ല'- ഒരു പോഡ്കാസ്റ്റിൽ അദ്ദേഹം പറഞ്ഞു.
Content Highlights: Bollywood actor Ram Kapoor lost 50kg in 2 years through disciplined diet & exercise