45 ലക്ഷം വിലമതിക്കുന്ന സ്വർണനാണയങ്ങൾ പോലീസിനെ ഏൽപ്പിച്ചു; സത്യസന്ധതയ്ക്ക് രജനീകാന്തിന്റെ സ്വർണമാല

പത്മയ്ക്ക് രജനീകാന്ത് സ്വര്‍ണമാല സമ്മാനിക്കുന്നു | Photo: x
പത്മയ്ക്ക് രജനീകാന്ത് സ്വര്‍ണമാല സമ്മാനിക്കുന്നു | Photo: x

ചെന്നൈ: തെരുവിൽ വീണുകിടക്കുകയായിരുന്ന 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണനാണയങ്ങളടങ്ങിയ തുണിസഞ്ചി പോലീസിനെ ഏല്പിച്ച വനിതാ ശുചീകരണത്തൊഴിലാളിയെ നടൻ രജനീകാന്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചു. ശുചീകരണത്തൊഴിലാളിയായ പത്മ(46)യുടെ സത്യസന്ധതയെ അഭിനന്ദിക്കുന്നെന്നും സമൂഹത്തിന് മാതൃകയാണിതെന്നും രജനീകാന്ത് പറഞ്ഞു. രജനീകാന്ത് പത്മയ്ക്ക് സ്വർണമാല സമ്മാനമായി നൽകുകയും ചെയ്തു.

കഴിഞ്ഞ മാസം 11-നാണ് ത്യാഗരാജ നഗറിലെ മുപ്പത്തമ്മൻ തെരുവിൽ ശുചീകരണജോലി ചെയ്തുകൊണ്ടിരിക്കെ പത്മയ്ക്ക് സ്വർണനാണയങ്ങളടങ്ങിയ തുണിസഞ്ചി ലഭിച്ചത്. പത്മ ഉടനെ അവ പോണ്ടിബസാർ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു. നങ്കനല്ലൂരിലെ രമേഷിന്റെ സ്വർണമാണ് നഷ്ടപ്പെട്ടിരുന്നത്.

സ്വർണം നഷ്ടപ്പെട്ട ജനുവരി 11-നുതന്നെ രമേഷ് പോണ്ടിബസാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് രമേഷിനെ വിളിച്ചുവരുത്തി സ്വർണം ഏല്പിക്കുകയായിരുന്നു. പോണ്ടി ബസാർ പോലീസും പത്മയെ അഭിനന്ദിച്ചിരുന്നു.തൊട്ടടുത്ത ദിവസംതന്നെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പത്മയുടെ സത്യസന്ധതയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകിയിരുന്നു.

സ്വർണത്തിന് വില കൂടിക്കൊണ്ടിരിക്കെ, 45 ലക്ഷം രൂപ വിലയുള്ള സ്വർണം തിരിച്ചുനൽകിയത് മറ്റുള്ളവർക്ക് മാതൃകയാണെന്നും പത്മയുടെ സത്യസന്ധതയെ അഭിനന്ദിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights: rajinikanth gifts gold chain to sanitation worker padma