വില 40.5 ലക്ഷം, ജയ്പുരിന്റെ പൈതൃകം; ചർച്ചയായി പത്മശ്രീ പുരസ്കാര വേദിയിൽ മാധവൻ ധരിച്ച ആഡംബര വാച്ച്

#Lifestyle Desk
ടൈറ്റാൻ നെബുല ജല്‍സ വാച്ച്, പത്മ പുരസ്കാര വേദിയിൽ ജൽസ വാച്ച് ധരിച്ച് മാധവൻ | Photos: titan.co.in, PTI
ടൈറ്റാൻ നെബുല ജല്‍സ വാച്ച്, പത്മ പുരസ്കാര വേദിയിൽ ജൽസ വാച്ച് ധരിച്ച് മാധവൻ | Photos: titan.co.in, PTI

ഴിഞ്ഞദിവസമാണ് ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. മലയാളത്തിന്റെ അഭിമാനമായി നടൻ മമ്മൂട്ടി പത്മഭൂഷൺ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലെത്തി വെന്നിക്കൊടി പാറിച്ച നടൻ മാധവനെ പത്മശ്രീ നൽകിയാണ് രാജ്യം ആദരിച്ചത്. ധുരന്ധർ ഒന്ന്, രണ്ട് ചിത്രങ്ങളിൽ നായകനോളം തന്നെ കൈയടി ലഭിച്ച അജയ് സന്യാൽ എന്ന കഥാപാത്രത്തിന് ജീവനേകിയ മാധവൻ പത്മ പുരസ്‌കാരം സ്വീകരിക്കാനെത്തിയപ്പോൾ ധരിച്ച വാച്ചാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.

മുൻനിര ബ്രാൻഡായ ടൈറ്റാന്റെ നെബുല ജൽസ ഫ്‌ളൈയിങ് ടർബില്യൺ എന്ന ആഡംബര വാച്ചാണ് മാധവൻ പുരസ്‌കാര വിതരണസമയത്ത് ധരിച്ചിരുന്നത്. 40.5 ലക്ഷം രൂപയാണ് ഈ വാച്ചിന്റെ വില. 2025-ൽ ടൈറ്റാൻ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ വാച്ചാണ് ഇത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിന്റെ സംസ്‌കാരത്തിൽ നിന്നും പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

'നെബുലയുടെ ജൽസ വാച്ച് ജയ്പുരിനുള്ള ആദരമാണ്. അധിനിവേശത്തിനായി നിർമിച്ച നഗരമല്ല. പ്രപഞ്ച ദർശനത്തിൽ നിന്ന് രൂപംകൊണ്ട നഗരം.' -ടെറ്റാന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വാച്ചിനെ കുറിച്ചെഴുതിയ വരികളാണ് ഇത്. ചരിത്രപ്രസിദ്ധവും വാസ്തുവിദ്യയാൽ പേരുകേട്ടതുമായ ജയ്പുരിലെ ഹവാ മഹലാണ് വാച്ചിന്റെ ഡയലിലുള്ളത്. പത്മശ്രീ ജേതാവായ ഷാക്കിർ അലിയാണ് മാർബിളിൽ ഈ ചിത്രം വരച്ചത്. ഹവാ മഹലിന് മുന്നിലൂടെ മഹാരാജാവിന്റെ രാജകീയ ഘോഷയാത്ര പോകുന്നതാണ് ചിത്രം.

ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് ഇത്തരത്തിലുള്ള വെറും പത്ത് വാച്ചുകൾ മാത്രമാണ് ലോകത്തുള്ളത്. തലമുറകളിലേക്ക് കൈമാറാവുന്ന പാരമ്പര്യ സ്വത്താണ് ഇവ ഓരോന്നുമെന്നും ടൈറ്റാൻ വെബ്‌സൈറ്റിൽ പറയുന്നു. 18 കാരറ്റ് റോസ് ഗോൾഡിൽ കൊത്തിയെടുത്ത ടർബില്യണാണ് വാച്ചിലുള്ളത്. ഇതിന് ചുറ്റുമായി ചുവന്ന രത്‌നക്കല്ലുകളുടെ വളയവുമുണ്ട്. ജയ്പുരിലെ ചുവന്ന കല്ലുകൊണ്ടുള്ള കെട്ടിടങ്ങളുടെ സൗന്ദര്യത്തെയാണ് ഇത് കാണിക്കുന്നത്.

Content Highlights: Actor R Madhavan wore a luxury Titan Nebula Jalsa Flying Tourbillon watch worth 40.5 lakh rupees to the Padma awards ceremony. Inspired by Jaipur heritage, this rare 18 karat rose gold timepiece is one of only ten in the world.